തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ ഓടിത്തുടങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് 14 ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. അരമണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വീസ് നടത്തുക.
തിരുവനന്തപുരം വിമാനത്താവളത്തെയും ബസ് സ്റ്റാന്‍ഡിനെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും നാളെ തുടക്കമാകും. രണ്ട് ബസാണ് സര്‍വീസ് നടത്തുക. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. 30 സീറ്റുകളാണ് ഓരോ ബസിലും ഉണ്ടാവുക. 23 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഓടുക.
യാത്രക്കാര്‍ കുറവായിരുന്ന റൂട്ടില്‍ നാലു ബസുകളും മറ്റ് റൂട്ടുകളില്‍ രണ്ടുവീതം ബസുകളുമാണ് ഓടുന്നത്. നിലവിലുള്ളതു പോലെ തന്നെ എവിടെപോകാനും പത്തുരൂപയാണ് ടിക്കറ്റ്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സി.സി.ടി.വി ക്യാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകള്‍ കൂടി സിറ്റി സര്‍ക്കുലറിന്റെ ഭാഗമാകും. ഇതോടെ, ഇലക്ട്രിക് ബസുകളിലൂടെ ഡീസല്‍ ഇനത്തില്‍ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 24 മണിക്കൂര്‍ എയര്‍-റെയില്‍ സിറ്റി സര്‍ക്കിള്‍ ബസുകള്‍ കൂടി നാളെ നിരത്തിലിറങ്ങും. എയര്‍-റെയില്‍ സിറ്റി സര്‍ക്കിള്‍ ബസുകള്‍ ഗതാഗതമന്ത്രി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: