ന്യൂദല്‍ഹി: നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് വലിയ സാംസ്കാരിക മഹത്വം ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവങ്ങള്‍ ജനങ്ങളെയും മനസ്സുകളെയും ഒന്നിപ്പിക്കുന്നതായി മന് കി ബാത്തില്‍ അദ്ദേഹം പറഞ്ഞു ഹിമാചല്‍ പ്രദേശില്‍ മഴക്കാലത്തിനുശേഷം ‘ഖരീഫ്’ വിളകള്‍ പാകമാകുമ്പോള്‍ സെപ്റ്റംബറില്‍ ഷിംലയില്‍, മാണ്ഡിയില്‍, കുള്ളുവില്‍. സോലനില്‍ ‘സൈരി’ അഥവാ ‘സൈര്‍’ ആഘോഷിക്കുന്നു. സെപ്റ്റംബറില്‍ തന്നെയാണ് ‘ജാഗ്ര’യും വരുന്നത്. ജാഗ്ര ഉത്സവത്തില്‍ ‘മഹാസു’ ദേവനെ ആഹ്വാനം ചെയ്ത് ‘ബീസു’ ഗാനം ആലപിക്കും. മഹാസു ദേവന്റെ ഈ ജാഗ്ര ഷിംലയിലും കിന്നൗറിലും സിര്‍മൗറിനും ഒപ്പം ഉത്തരാഖണ്ഡിലും ആഘോഷിക്കപ്പെടുന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ആദിവാസികളുടെ ഇടയില്‍ പല പരമ്പരാഗത മേളകളും അതായത് ഉത്സവങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ ആദിവാസികളുടെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ളവയാണെങ്കില്‍ ചിലത് ആദിവാസി സമൂഹത്തിന്റെ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ടവയാണ. അവസരം കിട്ടിയാല്‍ തെലുങ്കാനയിലെ മേഡാരമിലെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമക്കസരളമ്മ ജാത്ര മേള കാണാന്‍ പോകണം. ഈ ഉത്സവം തെലുങ്കാനയിലെ മഹാകുംഭമേള എന്നാണ് അറിയപ്പെടുന്നത്. സരളമ്മയെന്നും സമക്ക എന്നും പേരുള്ള രണ്ട് ആദിവാസി നായികമാരായ മഹിളകളെ ആദരിക്കുന്ന ആഘോഷമാണ് സരളമ്മ സമക്ക ജാത്ര മേള. ഇത് തെലുങ്കാനയിലെ മാത്രമല്ല, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെയും കോയാ ആദിവാസി സമൂഹത്തിന്റെയും ആരാധനയുടെ, വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആന്ധ്രാപ്രദേശിലെ മാരിദമ്മയുടെ ഉത്സവവും ആദിവാസി സമൂഹത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ആഘോഷമാണ്. ജേഷ്ഠമാസത്തിലെ അമാവാസി മുതല്‍ ആഷാഢമാസത്തിലെ അമാവാസി വരെ നീളുന്നതാണ് ഈ ഉത്സവം. ഇവിടത്തെ ആദിവാസി സമൂഹം ഇതിനെ ശക്തിയുടെ ഉപാസനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവിടെ കിഴക്കന്‍ ഗോദാവരിയിലെ പെധാപുരത്ത് മാരിദമ്മയുടെ ഒരു ക്ഷേത്രമുണ്ട്. അതുപോലെ രാജസ്ഥാനിലെ ഗരാസിയ എന്ന ആദിവാസി സമൂഹം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം ‘സിയാവാ മേള’ അഥവാ ‘മന്‍ഖാരോ മേള’ സംഘടിപ്പിക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തറില്‍ നാരായണപുരത്തെ ‘മാവലി മേള’ വളരെ സവിശേഷതയാര്‍ന്ന ഉത്സവമാണ്. സമീപത്തുള്ള മദ്ധ്യപ്രദേശിലെ ‘ഭഗോരിയ മേള’ വളരെ പ്രസിദ്ധമാണ്. ഭോജരാജാവിന്റെ കാലത്താണ് ഭഗോരിയ മേളയ്ക്ക് തുടക്കം കുറിച്ചതെന്നും പറയപ്പെടുന്നു. അന്ന് കാസൂംര എന്നും ബാലൂന് എന്നും പേരുള്ള ഭീല്‍ രാജാക്കന്മാര് അവരവരുടെ തലസ്ഥാനത്താണ് ആദ്യം ഈ ഉത്സവം സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇക്കാലം വരെ ഈ ഉത്സവം അതേ ഉത്സാഹത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഗുജറാത്തില്‍ ‘തരണേതര്‍’, ‘മാധോപുര്‍’ തുടങ്ങി വളരെ പ്രസിദ്ധമായ പല ഉത്സവങ്ങളുമുണ്ട്. ഉത്സവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ ജീവിതത്തിന്റെ ഊര്‍ജ്ജസ്രോതസ്സാകുന്നു. നിങ്ങളുടെ സമീപപ്രദേശങ്ങളിലും ഇതുപോലുള്ള അനേകം ഉത്സവങ്ങള്‍ ഉണ്ടാകാം. ഈ ആധുനികകാലത്ത് സമൂഹത്തിലെ ഇതുപോലുള്ള പുരാതന കണ്ണികള്‍ ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്പത്തെ ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാ ണ്. നമ്മുടെ യുവാക്കള്‍ തീര്‍ച്ചയായും ഇവയുമായി ബന്ധപ്പെടണം. എപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനെയുള്ള ഉത്സവങ്ങളില്‍ പോകണം. അവിടത്തെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും വേണം. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും പ്രധാന ഹാഷ് ടാഗ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിലൂടെ ഈ ആഘോഷങ്ങളെ കുറിച്ച് മറ്റുള്ളവരും അറിയും. സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സാംസ്കാരിക മന്ത്രാലയം ഒരു മത്സരം സംഘടിപ്പിക്കുന്നു. അതില്‍ ഉത്സവങ്ങളുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സമ്മാനം നല്കപ്പെടും. അപ്പോള്‍ പിന്നെ അമാന്തിക്കുന്നതെന്തിനാണ്! ഉത്സവങ്ങള്‍ കാണുക, ചിത്രങ്ങള്‍ പങ്കുവെയ്ക്കുക. സമ്മാനം ഒരുപക്ഷേ നിങ്ങള്‍ക്കാണെങ്കിലോ നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: