രവികുമാര്‍ ചേരിയില്‍
യുഗ്മം അടയാളപ്പെടുത്തിയ ഋഷിവര്യന്റെ സഞ്ചാരപഥം ഒടുങ്ങിയത് ആ തലമുറയ്ക്കും വരും തലമുറയ്ക്കും അജയ്യമായ വൈജ്ഞാനികകലവറ സമ്മാനിച്ചാണ്. സംസ്കാരിക ചിന്തകന്‍, ആദ്ധ്യാത്മികാചാര്യന്, കവി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരമജ്ഞാനിയായ ശ്രീനീലകണ്ഠതീര്‍ത്ഥപാദ സ്വാമികളുടെ സമാധി 101 വര്‍ഷം പിന്നിടുമ്പോള്‍ സഞ്ചരിച്ച പുസ്തകശാലയായ സ്വാമിജിയുടെ ജീവിതം ഒരു ചരിത്രമാണ്.
നീലകണ്ഠതീര്‍ത്ഥപാദ സ്വാമികളെ സഞ്ചരിക്കുന്ന പുസ്തകശാല എന്ന് മഹാപണ്ഡിതന്മാര് വിശേഷിപ്പിച്ചിരുന്നു. സാംസ്കാരികബോധത്തെ ജനകീയമാക്കിയ അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും മറ്റ് വിവിധ ഭാഷകളിലുമായി നാല്പതിലധികം കൃതികള്‍ രചിച്ചു. ചട്ടമ്പിസ്വാമികളുടെ ദ്വിതീയ സ്ഥാനമലങ്കരിച്ച ശിഷ്യനായിരുന്നു നീലകണ്ഠതീര്‍ത്ഥപാദര്‍. ശ്രീനാരായണഗുരുവിന്റെ ഉറ്റ സുഹൃത്തായിരുന്ന സ്വാമിജി കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രചോദനകേന്ദ്രങ്ങളില്‍ മുഖ്യപങ്കാളിയായി.
പണ്ഡിതനായ ആത്മീയാചാര്യന്
ആത്മീയ ആചാര്യന്, സാമൂഹിക പരിഷ്കര്‍ത്താവ്, മഹായോഗി, സംസ്കൃത പണ്ഡിതന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്വാമി നീലകണ്ഠ തീര്‍ത്ഥപാദരുടെ പൂര്‍വ്വാശ്രമം ആരെയും അതിശയിപ്പിക്കുന്നതാണ്. മൂവാറ്റുപുഴ താലൂക്കിലെ മാറാടി ഗ്രാമത്തില്‍ മധുരേശ്വരം ക്ഷേത്രത്തിനു സമീപം വാളാനിക്കാട്ട് എന്ന പുരാതന കുടുംബത്തില്‍ 1047 ഇടവം 13ന് (1872 മെയ് 27) തൃക്കേട്ട നക്ഷത്രത്തിലായിരുന്നു ജനനം. ആയുധാഭ്യാസത്തില്‍ അദ്വിതീയരും ദേശാധിപത്യം ഉള്ള പ്രഭുക്കളും ആയിരുന്നു ഈ കുടുംബക്കാര്. മാതാവ് വാളാനിക്കാട്ട് കല്യാണി അമ്മ. ജ്യോതിശാസ്ത്രത്തിലും, വിഷ ചികിത്സയിലും, മര്‍മ്മ ചികിത്സയിലും, മര്‍മ്മ വിദ്യയിലും അദ്വിതീയന്‍ ആയിരുന്ന പാമ്പാക്കുടയില്‍ കണികുന്നേല്‍ നീലകണ്ഠപ്പിള്ള ആണ് പിതാവ്. ഇവര്‍ക്ക് നാലു പെണ്മക്കളും മൂന്നു ആണ്മക്കളുമായിരുന്നു. പിതാവിന്റെ പേരുതന്നെ നല്‍കിയാണ് പുത്രന് നാമകരണം ചെയ്തതെങ്കിലും കൊച്ചുനീലകണ്ഠന്‍ എന്നായിരുന്നു വിളിപ്പേര്. മൂവാറ്റുപുഴയിലും തൃപ്പൂണിത്തുറയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചുനീലകണ്ഠന്‍ പഠനത്തില്‍ സമര്‍ത്ഥനും കവിത രചിക്കുന്നതില്‍ തല്പരനുമായിരുന്നു. ഫിഫ്ത്ത് ഫോറത്തില്‍ ഇംഗ്ലീഷ് പഠനം മതിയാക്കിയ കൊച്ചുനീലകണ്ഠന്‍ പിന്നീട് ധ്യാനം, വ്രതം, ഗ്രന്ഥാവലോകനം തുടങ്ങിയവയില്‍ ശ്രദ്ധ ചെലുത്തി. ആത്മീയ കാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം നാരായണ അയ്യരില്‍ നിന്നും സംസ്കൃത ഭാഷാപഠനം ആരംഭിച്ചു. തുടര്‍ന്ന് ജി. ഭട്ട്, കുംഭകോണം കൃഷ്ണ ശാസ്ത്രികള്‍, ശംഖോപാദ്ധ്യായ എന്നിവരില്‍ നിന്നും ഗുരുകുല സമ്പ്രദായത്തിലും സംസ്കൃതം പഠനം തുടര്‍ന്നു. കൊച്ചിമഹാരാജാവിന്റെയും ഗോദവര്‍മ്മയുടെയും ഗുരുവും തര്‍ക്ക പണ്ഡിതനും ആയിരുന്ന ശംഖോപാചാര്യനില്‍ നിന്നും വ്യാകരണം, തര്‍ക്കം, ന്യായം മുതലായവ പഠിച്ചു.
പിന്നീട് കുറച്ചുനാള്‍ നാട്ടിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തുവെങ്കിലും സംസ്കൃതം തുടര്‍ന്ന് പഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. സംസ്കൃതവും മലയാളവും കൂടാതെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാഠി, കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളും സായത്വമാക്കി. ശേഷം ഒരു ക്രിസ്തീയ പുരോഹിതനില്‍ നിന്നും ബൈബിളും മുസ്ലിം പണ്ഡിതനില്‍ നിന്നും ഖുറാനും പഠിച്ചു. തുടര്‍ന്ന് മലയാളത്തിലും സംസ്കൃതത്തിലും ഉള്ള ആത്മീയ കൃതികളും ഹൃദിസ്ഥമാക്കുകയും അവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും നിരൂപണങ്ങളിലും പങ്കെടുക്കുവാനും തുടങ്ങിയതോടെയാണ് കൊച്ചുനീലകണ്ഠന്‍ സ്വാമി നീലകണ്ഠനിലേക്ക് ചുവടുറപ്പിക്കുന്നത്. സഞ്ചാര പ്രിയനായിരുന്ന അദ്ദേഹം അയോദ്ധ്യ ഉള്‍പ്പെടെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഭൂരിഭാഗം പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നു.
ചട്ടമ്പി സ്വാമികളെ കണ്ടുമുട്ടുന്നു
ചെറുപ്പത്തില്‍ തന്നെ ചട്ടമ്പി സ്വാമികളെ കുറിച്ച് ധാരാളം കേട്ടിറിയാനിടയായ കൊച്ചുനീലകണ്ഠന്‍ അദ്ദേഹത്തെ കാണണമെന്നും തന്റെ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. വായനയിലൂടെയും യാത്രകളിലൂടെയും യോഗയിലൂടെയും മനസും ശരീരവും ആത്മീയ ജീവിതത്തിനായി ചിട്ടപ്പെടുത്തിയിരുന്ന അവസരത്തിലാണ് 1893ല്‍ ചട്ടമ്പി സ്വാമികളെ കാണാന്‍ ഇടയായത്. മൂവാറ്റുപുഴ മുന്‍സിഫ് കോടതി ക്ലാര്‍ക്കും ചട്ടമ്പി സ്വാമിയുടെ സുഹൃത്തുമായ തൈലോത്തു നാരായണപിള്ളയുടെ വസതിയില്‍ വിശ്രമിക്കുന്ന സമയത്താണ് കൊച്ചുനീലകണ്ഠപിള്ള ഒരു ബന്ധുവിനൊപ്പം ചട്ടമ്പി സ്വാമികളെ സന്ദര്‍ശിച്ചത്. സംസാര മദ്ധ്യേ കൊച്ചുനീലകണ്ഠന്‍ സര്‍പ്പവിഷ ചികിത്സയില്‍ തനിക്കുള്ള സംശയങ്ങള്‍ സ്വാമിയോട് ആരാഞ്ഞു. എന്നാല്‍ ചട്ടമ്പി സ്വാമികള്‍ നീലകണ്ഠനെ വീക്ഷിച്ച ശേഷം പറഞ്ഞത് ഇപ്രകാരമാണ്. സര്‍പ്പ വിഷം ചികിത്സിച്ചു ഭേദമാക്കുവാന്‍ എളുപ്പമാണ്, എന്നാല്‍ സംസാര വിഷമാണ് ചികിത്സിക്കാന്‍ പ്രയാസം. അതുകൊണ്ടു സംസാര വിഷത്തെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കൂ. തുടര്‍ന്ന് ചട്ടമ്പി സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനവും യാത്രയും എഴുത്തുമെല്ലാം. സര്‍വ്വ ശാസ്ത്ര പണ്ഡിതനായിത്തീര്‍ന്ന കൊച്ചു നീലകണ്ഠന് 24-ാം വയസ്സില്‍ ചട്ടമ്പി സ്വാമികളില്‍ നിന്നും സംന്യാസ ദീക്ഷ സ്വീകരിച്ചു. അന്നുമുതല്‍ കൊച്ചുനീലകണ്ഠന്‍ നീലകണ്ഠതീര്‍ത്ഥപാദര്‍ എന്ന ദീക്ഷാ നാമത്താല്‍ അറിയപ്പെട്ടു.
കരുനാഗപ്പള്ളിയിലേക്ക്
കേരളത്തിനു പുറമേ ധര്‍വാര്‍, മിറാജ്, മദ്രാസ്, ശ്രീരംഗം, രാമേശ്വരം, അയോദ്ധ്യ, കാശി തുടങ്ങിയ ഭാരതത്തിലെ വിവിധ പുണ്യ-പൗരാണിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സ്വാമി നീലകണ്ഠതീര്‍ത്ഥപാദര്‍ നിരവധി സംന്യാസ പ്രമുഖരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ശേഷം തിരികെയെത്തിയ അദ്ദേഹം കരുനാഗപ്പള്ളിയില്‍ താഴത്തോട്ടത്ത് വേലുപ്പിള്ളയുടെ ആഗ്രഹപ്രകാരം താഴത്തോട്ടത്ത് മഠത്തില്‍ തന്നെ വിശ്രമിക്കുകയുണ്ടായി. സംന്യാസ ശിഷ്യരെക്കാള്‍ ഗ്രഹസ്ഥാശ്രമ ശിഷ്യന്മാരായിരുന്നു അദ്ദേഹത്തിന് കൂടുതലും. പ്രഥമശിഷ്യനാകട്ടെ തന്നേക്കാള്‍ പത്തുവയസ് കൂടുതലുള്ള സദാശ്രയനെന്ന ആളായിരുന്നു. സ്വാമികള്‍ വിശ്രമിച്ചിരുന്ന താഴത്തോട്ടത്ത് മഠത്തില്‍ വച്ച് നാല്പത്തി ഒന്‍പതാം വയസില്‍ (1921) ഉത്രം നക്ഷത്രത്തില്‍ സമാധിയായി. വിവരം അറിഞ്ഞ ഉടന്‍ ചട്ടമ്പിസ്വാമികള്‍ അവിടെ എത്തുകയും ശിഷ്യന്റെ ശിരസില്‍ തലോടി ‘അവസാനത്തേത് അവസാനിച്ചു’ എന്നും ‘ബ്രഹ്മാവ് സൃഷ്ടിച്ചുവച്ച ഒരു മഹാലോകം ഇതാ തകര്‍ന്നിരിക്കുന്നു’ എന്നും പ്രസ്താവിച്ചു. ഇത് നിങ്ങള്‍ക്കൊരു വലിയ നഷ്ടം തന്നെയാണ് എന്ന് അവിടെ കൂടിയിരുന്നവരോടായും ‘തീര്‍ത്ഥന്‍ എന്റെ മുന്നിലിരിക്കുന്നത് ഇത് രണ്ടാംതവണയാണ്’ എന്ന് ശബ്ദമിടറി ആരോടെന്നില്ലാതെ സ്വാമി പറഞ്ഞു.
തുടര്‍ന്ന് ചട്ടമ്പിസ്വാമികള്‍ തന്നെ പ്രഥമശിഷ്യനെ സമാധിയിരുത്തി. അടുത്തവര്‍ഷം മേടം 12ന് (1922) സമാധിക്ക് മുകളിലായി ഒരു ആരാധനാലയം നിര്‍മിക്കുകയും ചട്ടമ്പി സ്വാമി തന്നെ അവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും ചെയ്തു. ചട്ടമ്പി സ്വാമികള്‍ നടത്തിയ ഏക പ്രതിഷ്ഠയും ഇതുതന്നെയാണ്. അന്ന് മുതല്‍ അവിടെ നിത്യപൂജയും ആരംഭിച്ചു. നീലകണ്ഠതീര്‍ത്ഥപാദ സ്വാമികളുടെ സമാധിയും അതിലുള്ള ശിവലിംഗപ്രതിഷ്ഠ ഉള്‍പ്പെടുന്ന ശ്രീകോവിലും മറ്റ് അനുബന്ധ കെട്ടിടങ്ങളും എല്ലാം താഴത്തോട്ടത്ത് വേലുപ്പിള്ള തന്റെ ഉടമസ്ഥാവകാശങ്ങള്‍ ഒഴിഞ്ഞ് ശ്രീനീലകണ്ഠതീര്‍ത്ഥപാദ സമാധി
പീഠം ട്രസ്റ്റിന്’ കൈമാറി. സമാധിപീഠവും ക്ഷേത്രവും ഒരുക്കിയ വേലുപ്പിള്ള തന്നെ കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രത്തിനു സമീപത്തായി ശ്രീനീലകണ്ഠ തീര്‍ത്ഥപാദ വിലാസം സംസ്കൃത സ്കൂളും സ്ഥാപിച്ചു. പത്തനംതിട്ട ജില്ലയിലെ വാഴമുട്ടം ഈസ്റ്റ് എന്ന സ്ഥലത്തു രണ്ടാമത്തെ ശ്രീനീലകണ്ഠ തീര്‍ത്ഥപാദാശ്രമം സ്ഥിതി ചെയ്യുന്നു. സഞ്ചരിക്കുന്ന ഗ്രന്ഥശാല എന്ന അപരനാമത്താല്‍ പണ്ഡിതവരേണ്യനായ അദ്ദേഹത്തെ ലോകം അറിയപ്പെട്ടു. അദ്ധ്യാത്മീകവും സാംസ്കാരികവും ആയ അവബോധത്തെ ജനകീയമാക്കിയ ഈ യതിവര്യന്റെ കൃതികള്‍ യുജിസി ഗവേഷണ വിഷയമായി അംഗീകരിച്ചിട്ടിട്ടുണ്ട്.
തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ അദ്ധ്യക്ഷനായ ആദ്യ ട്രസ്റ്റില്‍ ആത്മയോഗിനിഅമ്മാള്‍, പരമവിശുദ്ധ ബോധസ്വാമി, കൊറ്റിനാട്ട് നാരായണപിള്ള, ചാക്കാര്‍യ്യത്ത് നാരായണന്‍നായര്‍, ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ള, പന്നിശ്ശേരി നാണുപിള്ള, താഴത്തോട്ടത്ത് വേലായുധന് പിള്ള എന്നിവരായിരുന്നു അംഗങ്ങള്‍. ഹിന്ദു മത തത്ത്വങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം. കൊല്ലം-ആലപ്പുഴ ദേശീയപാതയില്‍ കരുനാഗപ്പള്ളി പുതിയകാവ് ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് 500 മീറ്റര്‍ മാറി കാട്ടിക്കടവ് റോഡില്‍ ശ്രീനീലകണ്ഠ തീര്‍ത്ഥപാദാശ്രമവും ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: