കെ. ആര്‍. മോഹന്‍ദാസ്
കേരളത്തിന്റെ തനതു സംഗീതശൈലിയാണ് സോപാനസംഗീതം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഇടയ്‌ക്കയില്‍ ദേവസംഗീതം തീര്‍ക്കുന്ന സോപാനസംഗീത കലാകാരനാണ് ഏലൂര്‍ ബിജു. കേരളീയ ക്ഷേത്രങ്ങളിലാണ് സോപാനസംഗീതം ആവിര്‍ഭവിച്ചതെന്ന് പറഞ്ഞ ഏലൂര്‍ ബിജു സോപാനസംഗീതത്തെക്കുറിച്ച് മനസ്സ് തുറന്നു.
”ക്ഷേത്രത്തിനു (ഗര്‍ഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണ് സോപാനം എന്നു പറയുന്നത്. മലയാളത്തിലോ സംസ്‌കൃതത്തിലോ ദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്. ഗീതഗോവിന്ദത്തിലെ 24 ഗീതങ്ങള്‍ സോപാനസംഗീതത്തില്‍ അവതരിപ്പിച്ച് വരുന്നുണ്ട്. തൊഴുതുനില്‍ക്കുന്ന ഭക്തനെ ഭഗവാനിലേക്കെത്തിക്കുകയാണ് സോപാനസംഗീതജ്ഞന്റെ കടമ അല്ലെങ്കില്‍ കര്‍മ്മം.”
കേരളത്തിലെ ക്ഷേത്രങ്ങളില്‍ മാത്രമാണ് അടച്ചുപൂജകള്‍ ഉള്ളത്. നടയടച്ചുള്ള പൂജകള്‍. സാധാരണ അഞ്ച് പൂജകളാണ്. ഉഷസില്‍ ഉഷപൂജ, സൂര്യന്‍ ഇരുട്ടിനെ എതിര്‍ത്തുവരുന്ന സമയത്ത് എതൃത്ത്പൂജ, സൂര്യരശ്മി പന്ത്രണ്ട് അടിവരുന്ന സമയത്ത് പന്തീരടിപൂജ, പിന്നെ ഉച്ചപൂജ, അവസാനം അത്താഴപൂജ. ഈ പൂജകളെല്ലാം യാമങ്ങളെ കണക്കാക്കിയാണ് ചെയ്യുന്നത്. ഈ അടച്ചുപൂജകളുടെ സമയത്താണ് കൊട്ടിപ്പാടിസേവ എന്ന സോപാനസംഗീതം. ഇടയ്‌ക്ക എന്ന ലോകപ്രശസ്തമായ വാദ്യം കൊട്ടി, പാടി ഭഗവാനെ ഉപാസിക്കുന്നു.
തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ ‘ഗീതഗോവിന്ദ’ത്തിലെ അഷ്ടപദിയും പാടുന്നു. സോപാനസംഗീതത്തിന്റെ രണ്ട് കൈവഴികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. സോപാന സംഗീതത്തിലെ സുപ്രധാന ശാഖയാണ് അരങ്ങുസംഗീതം. ഇതിനെ അഭിനയ സംഗീതം എന്നും പറയാം.
പരമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളില്‍ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാള്‍ ആശാന്‍. ‘ജനഹിത സോപാനം’ എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്മരിക്കാതെ സോപാനസംഗീതത്തെ സ്പര്‍ശിക്കാനാവില്ല. ബിജുവിന്റെ വാക്കുകളില്‍ ഗുരുസ്മരണയുടെ ഭക്തിരസം നിറയുന്നു.’പള്ളിപ്പുറത്തുകാവു വാഴുന്ന ശ്രീഭദ്രേ, മായേ തിരുരൂപം മനതാരില്‍ നിറയണേ…’
ഏലൂര്‍ ബിജുവിന്റെ ഇടയ്‌ക്കയില്‍ നിന്നൊഴുകിയെത്തി അഷ്ടപദിയുടെ അമൃതബിന്ദുക്കള്‍ ക്ഷേത്രസന്നിധിയില്‍ ദേവസംഗീതം തീര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: