Categories: Varadyam

പുഷ്പവാടി 100 വര്‍ഷം

മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലകവിതകള്‍ തിരഞ്ഞെടുക്കുകയാണെന്നിരിക്കട്ടെ. മുന്‍നിരയില്‍ സ്ഥാനംപിടിക്കുന്ന കവിതകള്‍ പലതും മഹാകവി കുമാരനാശാന്റേതായിരിക്കും. അതിലൊന്ന് ''ഈ വല്ലിയില്‍നിന്നുചെമ്മേ-പൂക്കള്‍, പോകുന്നിതാ പറന്നമ്മേ!'' എന്നു തുടങ്ങുന്ന 'കുട്ടിയും തള്ളയും' എന്ന കവിതയായിരിക്കുകയും ചെയ്യും.

Published by

പി.ഐ. ശങ്കരനാരായണന്‍  

മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലകവിതകള്‍ തിരഞ്ഞെടുക്കുകയാണെന്നിരിക്കട്ടെ. മുന്‍നിരയില്‍ സ്ഥാനംപിടിക്കുന്ന കവിതകള്‍ പലതും മഹാകവി കുമാരനാശാന്റേതായിരിക്കും. അതിലൊന്ന് ”ഈ വല്ലിയില്‍നിന്നു ചെമ്മേ-പൂക്കള്‍, പോകുന്നിതാ പറന്നമ്മേ!” എന്നു തുടങ്ങുന്ന ‘കുട്ടിയും തള്ളയും’ എന്ന കവിതയായിരിക്കുകയും ചെയ്യും.

ആ കവിത ഒന്നുകൂടി വായിച്ച് ആസ്വദിക്കൂ. എത്ര സൗമ്യവും മധുരവും സൗരഭ്യപൂര്‍ണവുമാണത്! മലയാള കവിതയില്‍ മാറ്റത്തിന്റെ ശംഖനാദം മുഴക്കിയ മഹാകവിയുടേതാണ് ഈ ലളിതരചനയെന്ന് ഓര്‍ക്കണം. ഭാവനയുടേയും ആത്മജ്ഞാനിത്തിന്റെയും, ഒപ്പം സാമൂഹ്യബോധത്തിന്റെയും ഔന്നത്യത്തില്‍ വിഹരിച്ചിരുന്ന ആശാന്റെ മനസ്സ്, കുട്ടികളെക്കൂടി ആ ഉയരങ്ങളിലേക്കു നയിക്കാന്‍ നേരത്തെതന്നെ വെമ്പിയിരുന്നു. അതിന്റെ തെളിവാണ്, വൈകിയാണെങ്കിലും 1922 ല്‍ ആശാന്‍ പ്രസിദ്ധപ്പെടുത്തിയ പുഷ്പവാടി എന്ന ബാലകവിതാ സമാഹാരം. അതിന്റെ ശതാബ്ദി നാം ഇപ്പോള്‍ ആഘോഷിക്കേണ്ടതല്ലേ? ‘പുഷ്പവാടി’യില്‍ പതിനാറു കാവ്യസുമങ്ങള്‍ ഉണ്ട്. ആദ്യത്തേത് ‘പ്രഭാത  

പ്രാര്‍ത്ഥന’യത്രേ. രണ്ടാമത്തേതാണ് ‘കുട്ടിയും തള്ളയും.’ ആകെ പതിനാറു വരികളേയുള്ളൂ. കുട്ടിയും അമ്മയും തമ്മിലുള്ള ചോദ്യോത്തര രീതിയിലാണ് അവതരണം. ”ഓമനത്തിങ്കള്‍ക്കിടാ”വിന്റെ സംഗീതാത്മകതയോടെ, നിഷ്‌കളങ്കതയോടെയും ഹൃദയാവര്‍ജ്ജകമായും കവി വായനക്കാരിലേക്കു പ്രവേശിക്കുന്നു. ഏറ്റവും ഒടുവില്‍, കുഞ്ഞിന്റെ ഇരു കവികളുകളിലും ഉമ്മ നല്‍കി അമ്മ പറയുന്ന ഉത്തരം ഇതാണ്: ”മനുഷ്യരായ നമുക്കു വളരെ കുറച്ചേ അറിയൂ മോനേ! എല്ലാം ദൈവത്തിന്റെ ഓരോ  നിശ്ചയങ്ങളാണ്. അതു ദൈവത്തിനേ അറിയൂ.”  

”പൂക്കുന്നിതാ മൂല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്ന തേന്മാവ്….” എന്നു തുടങ്ങുന്ന മറ്റൊരു കവിതയുണ്ട്. ‘പൂക്കാലം’ എന്നാണ് പേര്. അതും ‘പുഷ്പവാടി’യെ കൂടുതല്‍ അന്വര്‍ത്ഥമാക്കുന്നു. ആ കവിതയുടെ താളവും പ്രാസാദാത്മകത്വവും ഒന്നു വേറെതന്നെയാണ്. പ്രകൃതിയുടെ വസന്തശോഭ മുഴുവന്‍ സര്‍വ്വാഹ്ലാദകരമായി വര്‍ണിക്കുന്നതിന്റെ ഒടുവില്‍ ദൈവസങ്കല്‍പത്തിലേക്കാണ് കവി വീണ്ടും നമ്മെ എത്തിക്കുന്നത്. പണ്ട് കുട്ടികള്‍ അതു ഹൃദിസ്ഥമാക്കിയിരുന്നു. ഇന്നു പക്ഷേ, നല്ല കവിതാ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ കുറഞ്ഞുവരികയാണല്ലോ. ഉള്ളവയൊന്നും കുട്ടികള്‍ ഹൃദിസ്ഥമാക്കാറില്ല. ആരും അവരെ അതിനു നിര്‍ബന്ധിക്കാറുമില്ല. നിര്‍ബന്ധിച്ചാല്‍ ബാലപീഡന നിയമം ചുമത്തി ശിക്ഷിക്കപ്പെടാമെന്നതാണ് അവസ്ഥ! അതുകൊണ്ടുകൂടിയാവാം പുതുതലമുറയുടെ മനസ്സിന്റെ താളവും ആര്‍ദ്രതയും ഏകാഗ്രതയുമെല്ലാം നഷ്ടപ്പെട്ടുവോ എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകുന്നത്.

പതിനഞ്ചാം കവിതയായ ‘സങ്കീര്‍ത്തന’ത്തില്‍ അഞ്ചു ശ്ലോകങ്ങളുണ്ട്. അതിലെ ആദ്യ ശ്ലോകത്തിലും പുഷ്പവാടിയുടെ നിത്യസൗരഭം നമുക്കു നുകരാന്‍ കഴിയുന്നു. ”ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും” എന്നു തുടങ്ങി ”ഈശനെ വാഴ്‌ത്തുവിന്‍”-എന്ന് അവസാനിക്കുന്ന ആ ശ്ലോകം പല വേദികളിലും പ്രാര്‍ത്ഥനയായി ആലപിച്ചു കേട്ടിട്ടുണ്ട്. അത്തരം പ്രാര്‍ത്ഥനകളും നാടുനീങ്ങുകയാണ്. ഇപ്പോള്‍ മൗനപ്രാര്‍ത്ഥന മതി; സുകരം, സുരക്ഷിതം!

‘കുട്ടിയും തള്ളയും’ ആശാന്‍ എഴുതിയത് 1915 നവംബര്‍ മാസത്തിലാണ്. കവിയുടെ ക്രാന്തദര്‍ശിത്വത്തിന് സാക്ഷ്യപത്രം നല്‍കാനാകുമോ, പിന്നീട്  ശിശുദിനാഘോഷവും മലയാളവാരാചാരണവും നവംബറില്‍തന്നെ വന്നത്? അറിയില്ല.  

1916 ല്‍ ഇറങ്ങിയ ‘ബാലരാമായണം’ കവിയുടെ മനസ്സും നിലപാടുകളും നമുക്കു മുന്നില്‍ തുറന്നുതരുന്നുണ്ട്. ഈ രചനയ്‌ക്കുണ്ടായ രണ്ടു പ്രേരണകള്‍ മുഖവുരയില്‍ ആശാന്‍ ഇങ്ങനെ വ്യക്തമാക്കുന്നു.

”ഒന്ന്: ഉല്‍ക്കൃഷ്ടമായ രാമായണ കഥാസാരം ബാലഹൃദയങ്ങളില്‍ പ്രതിഫലിപ്പിക്കുക. മറ്റേത്: വലിയ പദ്യകൃതികള്‍ വായിച്ചു രസിപ്പാന്‍ കുട്ടികളുടെ മനസ്സില്‍ താല്‍പ്പര്യവും ജനിപ്പിക്കുക.” തുടക്കത്തിലെ ശ്ലോകവും ഒന്നു ശ്രദ്ധിച്ചോളൂ.

”ശ്രീരാമചന്ദ്ര ചരിതം/ശോഭനം ബാലരാകവേ

ശ്രദ്ധിച്ചു കേള്‍പ്പിന്‍ സരസം/ചൊല്‍വന്‍ ലളിതഭാഷയില്‍”

‘ബാലരാമായണ’-ത്തിനു മുന്‍പേ ഇറങ്ങേണ്ടിയിരുന്ന പുസ്തകം ‘പുഷ്പവാടി’യായിരുന്നു. അതിന്റെ മുഖവുരയില്‍ അക്കാര്യം ഖേദത്തോടെ ആശാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘വീണപൂവ്’ ആദ്യം പുസ്തകമാക്കിയപ്പോള്‍, പിന്‍വശത്തെ കവറില്‍ ആശാന്‍ ഒരു പരസ്യം കൊടുത്തിരുന്നു. അടുത്ത പുസ്തകം ‘പുഷ്പവാടി’യാണെന്ന്! പക്ഷേ, ‘നളിനി’യും ‘ലീല’യുമൊക്കെയാണ് ഇറങ്ങിവന്നത്. ആസ്വാദകര്‍ അവരുടെ പിന്നാലെ പോയി!

അതിനിടയിലാണ് ചില ആരാധകര്‍, പരസ്യം ചെയ്ത ‘പുഷ്പവാടി’ എവിടെ എന്ന് അന്വേഷിച്ചത്. അപ്പോള്‍ മാത്രമേ ആശാനും ഓര്‍ത്തുള്ളൂ. പത്തുവര്‍ഷം വൈകിപ്പോയതിനുള്ള ക്ഷമാപണത്തോടെ അദ്ദേഹം 1922 ഏപ്രിലില്‍ ‘പുഷ്പവാടി’ പ്രസിദ്ധപ്പെടുത്തി. മുഖവുരയില്‍ ”ബാലന്മാരുടെ അഭിരുചിയെ ലാക്കാക്കി”യുള്ളതാണ് ഇതിലെ രചനകളധികവും എന്ന് ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആധുനിക മലയാള ബാലസാഹിത്യത്തിന്റെ ചരിത്രത്തില്‍ തനിക്കുള്ള അഗ്രിമസ്ഥാനം രേഖപ്പെടുത്തുക തന്നെയാണ് ഈ മുഖവുരകളിലൂടെ മഹാകവി കുമാരനാശാന്‍ ചെയ്തിരിക്കുന്നത്. വിവിധങ്ങളായ ജോലിത്തിരക്കുകളാല്‍ ‘ബാലരാമായണം’ അദ്ദേഹത്തിനു പൂര്‍ണമാക്കുവാന്‍ സാധിച്ചില്ല. ആദ്യത്തെ മൂന്നുകാണ്ഡങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനാല്‍ ആശാന്റെ ആദ്യ ബാലകവിതാ സമാഹാരമെന്ന നിലയില്‍ ‘പുഷ്പവാടി’ക്ക് ഏറെ പ്രാധാന്യമുണ്ട്. 1922 ല്‍ പ്രസിദ്ധീകൃതമായ ‘പുഷ്പവാടി’യുടെ ശതാബ്ദി ഇപ്പോള്‍ ബാലകവിതാ വര്‍ഷമായി നാം ആഘോഷിക്കുന്നത് ആ മഹാകവിക്കുള്ള ഉചിതമായ സ്മരണാഞ്ജലിയായിരിക്കും.

‘ബാലരാമായണം’ സമ്പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വാല്മീകി രാമായണം കടഞ്ഞെടുത്ത മഹത്തായ ഒരു കൃതി ‘ചിന്താവിഷ്ടയായ സീത’- 1919 ല്‍ ആശാനില്‍നിന്നു നമുക്കു ലഭിച്ചിട്ടുണ്ടെന്ന കാര്യം  ഓര്‍മിപ്പിക്കാതെ വയ്യ. മറ്റൊരു കാര്യം, ആശാന്റെ കാവ്യജീവിതത്തിലെ ഏറ്റവും പുഷ്‌കലമായ വര്‍ഷമായിരുന്നു 1922 എന്നതത്രേ. 1922 ല്‍ ‘പുഷ്പവാടി’ മാത്രമല്ല, ‘ദുരവസ്ഥ’യും ‘ചണ്ഡാലഭിക്ഷുകി’യും പ്രസിദ്ധീകരിക്കപ്പെട്ടു എന്നതുകൊണ്ട് മൂന്നുകൃതികളുടേയും ശതവാര്‍ഷികമാണ് 2022.

നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍നിന്നും ആനുകാലികങ്ങളില്‍നിന്നുമെല്ലാം മൂല്യവത്തായ കവിതയും സാഹിത്യവും നിഷ്‌കാസിതമായി വരുന്നതുകൊണ്ടാണ് ‘2022 ബാലകവിതാ വര്‍ഷം’ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. ആധുനിക യന്ത്രവിദ്യകളുടെ അടിമയായി, മനുഷ്യനു ഹൃദയം നഷ്ടപ്പെട്ടുവരികയാണിപ്പോള്‍. അതിനെ വീണ്ടും സ്പന്ദിപ്പിക്കാന്‍ ശുദ്ധമായ കാവ്യാനുശീലനത്താല്‍ സാധിച്ചേക്കും. സംഗീതത്തിനും ലളിതകലകള്‍ക്കുമെല്ലാം അതില്‍ പങ്കുണ്ട്. ഇക്കാര്യത്തില്‍ തീവ്രവും  നിരന്തരവുമായ കാവ്യാസ്വാദന-പഠന-പരിശീലന പരിപാടികള്‍ക്കു ബന്ധപ്പെട്ടവര്‍ നേതൃത്വം നല്‍കുന്നതു നന്നായിരിക്കും. ആശാനെ വന്ദിച്ചുകൊണ്ടാവട്ടെ അതിന്റെ തുടക്കം.

ഒരു കൊച്ചുപൂവിലൂടിശ്വര ചൈതന്യം

ഹൃദയപുഷ്പങ്ങളില്‍ മധുനിറയ്‌ക്കും

ഗുരുവൈഭവത്തിന്റെ കവിവൃക്ഷമായ് നിന്നൊ-

രാശാന്‍ സ്മരണയില്‍ പുഷ്പാഞ്ജലി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by