മുംബൈ: ശിവസേനയുടെ ആധിപത്യം തനിക്കാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉദ്ധവിന്റെ സ്വന്തം അനന്തരവന് നിഹാര്‍ താക്കറെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. നിലവില്‍ രാഷ്ട്രീയരംഗത്ത് സജീവമല്ലാത്ത നിഹാറിന്റെ നീക്കം ഉദ്ധവിനെ ഞെട്ടിച്ചിട്ടുണ്ട്.
1996-ല്‍ വാഹനാപകടത്തില്‍ മരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബാല്‍ താക്കറെയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബിന്ദു മാധവ്. ജയ്ദേവ് താക്കറെയും ഉദ്ധവ് താക്കറെയുമാണ് മറ്റ് രണ്ട് പേര്. സിനിമാ നിര്‍മ്മാതാവായിരുന്ന ബിന്ദു മാധവ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുമായി നിഹാര്‍ നടത്തിയ കൂടിക്കാഴ്ച കുടുംബത്തിലും ഉദ്ധവ് ഒറ്റപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ജയ്ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിത താക്കറെയും അടുത്തിടെ മുഖ്യമന്ത്രി ഷിന്‍ഡെയെ കണ്ടിരുന്നു.
അഭിഭാഷകനായ നിഹാര്‍ താക്കറെയും ബിജെപി നേതാവ് ഹര്ഷവര്ദ്ധന് പാട്ടീലിന്റെ മകള്‍ അങ്കിത പാട്ടീലും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. അതേസമയം ഷിന്‍ഡേയ്ക്കെതിരെ വൈകാരിക ആരോപണങ്ങളുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. താന്‍ അസുഖബാധിതനായിരുക്കുമ്പോഴാണ് ഏകനാഥ് ഷിന്‍ഡെ പാലം വലിച്ചതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആരോപണം. ‘എന്റെ സര്‍ക്കാര്‍ പോയി, മുഖ്യമന്ത്രി സ്ഥാനംപോയി, എനിക്ക് ഖേദമില്ല. എന്നാല്‍ എന്റെ സ്വന്തം ആളുകള്‍ രാജ്യദ്രോഹികളായി മാറി. ഞാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചപ്പോള്‍ അവര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയായിരുന്നു,’ ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: