ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെ അടച്ചിടണമെന്ന് ജില്ലാ ഭരണകുടത്തിന്റെ നിര്‍ദ്ദേശം. ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.കെ.വി രാജേന്ദ്രയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഓഗസ്റ്റ് ഒന്നു വരെ ആണ് ഈ നിര്‍ദ്ദേശം പാലിക്കാനുള്ള ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നതിന് പിന്നാലെയാണ് ഉത്തരവ്.
ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. മറ്റുള്ളവ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ മാത്രവും പ്രവര്‍ത്തിക്കും. ബന്ദ്വാള്‍, പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ മദ്യവില്‍പ്പന നിരോധനം ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 1 രാവിലെ 8 വരെ തുടരും. ബന്ദ്വാള്‍, പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ജൂലൈ 29 ന് പുലര്‍ച്ചെ 12 മണി മുതല്‍ ഓഗസ്റ്റ് 6 ന് പുലര്‍ച്ചെ 12 വരെ സെക്ഷന്‍ 144 നീട്ടിയിട്ടുണ്ട്.
അതേസമയം, ദക്ഷിണ കന്നഡ ജില്ലയെ പിടിച്ചുകുലുക്കിയ കൊലപാതക പരമ്പരകളുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമ സന്ദേശങ്ങളില്‍ പ്രകോപിതരാകരുതെന്ന് സംസ്ഥാന എഡിജിപി അലോക് കുമാര്‍ ജനങ്ങളോട് പറഞ്ഞു. ജനങ്ങളോട് അദ്ദേഹം പോലീസില്‍ വിശ്വാസമര്‍പ്പിക്കുകയും പക്ഷപാതരഹിതമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. രണ്ട് കേസുകളിലെയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഫാസിലിന്റെ കേസ് ഉടന്‍ തന്നെ തെളിയിക്കും. പോലീസ് വകുപ്പിന് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ഇപ്പോള്‍. എന്നിരുന്നാലും വെല്ലുവിളി ഏറ്റെടുക്കാനും ക്രമസമാധാനം നിലനിര്‍ത്താനും പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂലൈ 21ന് കൊല്ലപ്പെട്ട മസൂദിന്റെ കേസില്‍ 24 മണിക്കൂറിനുള്ളില്‍ എട്ട് പ്രതികളെയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തതായി മംഗളൂരുവില്‍ നിലയുറപ്പിച്ച് തീരദേശ ജില്ലയിലെ അന്വേഷണങ്ങളും അസ്ഥിര സാഹചര്യങ്ങളും നിരീക്ഷിച്ച എഡിജിപി കുമാര്‍ പറഞ്ഞു. പ്രവീണ്‍ കുമാര്‍ വധക്കേസില്‍ ഞങ്ങള്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കേസില്‍ മറ്റ് കുറച്ച് പ്രതികള്‍ ഒളിവിലാണ്. ഫാസില്‍ കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. പോലീസ് എല്ലാ കോണുകളും അന്വേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീതിജനകമായ അന്തരീക്ഷത്തിന്റെ നിലവിലെ സാഹചര്യം നേരിടാന്‍ ദക്ഷിണ കന്നഡ ജില്ലയിലും മംഗളൂരു നഗരത്തിലും പ്രത്യേക കമാന്‍ഡോ സ്ക്വാഡുകള്‍ ഡ്രൈവുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: