ഇടുക്കി: ഇടുക്കി ജലസംഭരണി ഉള്‍പ്പെടുന്ന മേഖലകളില്‍ റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകിയും കെഎസ്ഇബി അധികൃതര്‍ക്ക് ഇതിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല.രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ ഇടുക്കി സ്ഥിതി ചെയ്യുന്ന മേഖലയില്‍ ഇപ്പോഴും ഭൂചലനം അളക്കാന്‍ ഉപയോഗിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള അനലോഗ് മാപിനികള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാറടക്കം ഹൈറേഞ്ച് മേഖലയില്‍ മാത്രം ഒരു ഡസണിലധികം ജലസംഭരണികളാണുള്ളത്. എന്നാല്‍ എവിടെയങ്കിലും ഒരു അപകടമുണ്ടായാല്‍ അത് കൃത്യ സമയത്ത് പുറംലോകത്ത് എത്തിക്കാന്‍ ഇടുക്കിയിലൊരിടത്തും സംവിധാനമില്ല.
ഇന്നലെ പുലര്‍ച്ചെ 1.48ന് ശേഷം രണ്ട് ഭൂചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്. ആദ്യ ചലനത്തിന് ശേഷം 40 സെക്കന്റ് കഴിഞ്ഞാണ് തുടര്‍ച്ചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. കല്യാണത്തണ്ട്, ഇരട്ടയാര്‍, ഇടിഞ്ഞമല, തൊമ്മന്‍കുത്ത്, കുടയത്തൂര്‍ തുടങ്ങിയ മേഖലകളില്‍ ചലനം അനുഭവപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ കീഴില്‍ നെടുങ്കണ്ടം ചോറ്റുപാറയിലെ ഡിജിറ്റല്‍ മാപിനിയിലാണ് ഈ തീവ്രത രേഖപ്പെടുത്തിയത്.
കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ ഭൂകമ്പമാപിനികളില്‍ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ 3.1ഉം 2.95മാണ് രേഖപ്പെടുത്തിയത്. കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ മാപിനിയില്ലാത്തതിനാല് ഈ അളവുകളെ കെഎസ്ഇബി തന്നെ തള്ളുകയാണ്.ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ച് എടുക്കുന്നതാണ് ഈ സംവിധാനം. ഏരെ സങ്കീര്‍ണ്ണമായ ഈ പ്രകൃയയില്‍ ചെറിയ തെറ്റുകള്‍ പോലും അളവില്‍ വലിയ വ്യത്യാസം ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനാല്‍ തന്നെ പെട്ടെന്ന് ഭൂചലനങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തുക പ്രായോഗികമല്ല.
ഏറെ കണക്ക് കൂട്ടലുകള്‍ നടത്തിയാണ് പ്രഭവ കേന്ദ്രമടക്കം കെഎസ്ഇബി കണ്ടെത്തുന്നത്. ഇടുക്കിയില്‍ നിന്നും 30-35 കിലോമീറ്റര്‍ അകലെ അടിമാലി മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. ചോറ്റുപാറയിലെ ഡിജിറ്റല്‍ മാപിനി പലപ്പോഴും തകരാറിലാകുന്നത് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് തടസമാകാറുണ്ട്. ഇത്തരത്തിലുള്ള മാപിനി സ്ഥാപിച്ചാല്‍ അതിവേഗത്തില്‍ തന്നെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണക്കുകള്‍ മൊബൈല്‍ ഫോണിലടക്കം എത്തും.
ഇതിന് മുമ്പ് 2021 നവംബര്‍ 17ന് 1.9 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായിരുന്നു. നേരത്തെ തുടര്‍ച്ചയായ ചലനങ്ങള്‍ ഉണ്ടായതോടെ ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ 2021 നവംബറില്‍ ഇടുക്കി പദ്ധതി പ്രദേശത്ത് പഠനം നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. സ്വന്തമായി ഡിജിറ്റല്‍ മാപിനികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിക്കുമ്പോഴും ഇത് അനന്തമായി നീളുകയാണ്. വിഷയം പരിശോധിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: