ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞു. രാഷ്ട്രപതിക്ക് അയച്ച കത്തിലൂടെയാണ് അദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്. ‘എന്റെ നാക്ക് പിഴച്ചതാണ്. പിഴവ് രാഷ്ട്രപതി മനസിലാക്കുമെന്ന് പ്രതീഷിക്കുന്നതായും അദേഹം കത്തില്‍ പറയുന്നു.
ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് ചൗധരി വിളിച്ച് അധിക്ഷേപിച്ചതില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് വന്‍ പ്രതിരോധത്തില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് മാപ്പ് പറയാമെന്ന് അദേഹം പറഞ്ഞിരുന്നു. രാഷ്ട്രപതിയെ നേരിട്ടു കണ്ടു മാപ്പുപറയാമെന്നു വ്യക്തമാക്കിയ അധീര്‍ കൂടിക്കാഴ്ചയ്ക്കു സമയം തേടിയിരുന്നു. എന്നാല്‍, പ്രതിഷേധം ശക്തമായമതാടെയാണ് കത്തിലൂടെ മാപ്പ് പറച്ചില്.
അതേസമയം, ഈ വിഷയത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വലിച്ചിഴയ്ക്കരുതെന്നും അദേഹം പറഞ്ഞു. തനിക്ക് അബദ്ധം സംഭവിച്ചു. രാഷ്ട്രപതിക്കു മോശമായി തോന്നിയെങ്കില്‍ അവരെ നേരില്‍ കാണാനും മാപ്പ് പറയാനും തയാറാണ്. അവര്‍ക്ക് വേണമെങ്കില്‍ എന്നെ തൂക്കിക്കൊല്ലാം. ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തയാറാണ്. എന്നാല്‍ എന്തിനാണു സോണിയ ഗാന്ധിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്?. രാഷ്ട്രപത്നി എന്നതു നാക്കുപിഴ സംഭവിച്ചതാണ്. ഞാന്‍ ബംഗാളിയാണ് സംസാരിക്കുന്നത്, ഹിന്ദിയല്ല. അതുകൊണ്ടാണ് നാക്കുപിഴ സംഭവിച്ചത്. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരെ ആക്ഷേപിക്കണമെന്നു സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല അധീര്‍ പറഞ്ഞു.
അതേസമയം, രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മിഷന് രംഗത്തെത്തി. ലോക്സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷന് സ്വമേധയാ കേസെടുക്കകയും വിഷയത്തില്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ചൗധരിയുടെ പരാമര്‍ശം അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന വിലയിരുത്തലിലാണ് വനിതാ കമ്മീഷന്റെ നടപടി. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് വനിതാ കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നേരിട്ട് ഹാജരായി നല്‍കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടികള്‍ക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: