തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആര്.ടി.സിയുടെ ഗ്രാമ വണ്ടികൾ ഓടിത്തുടങ്ങി. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. ഇന്ധനച്ചെലവ് പഞ്ചായത്ത് വഹിക്കും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും ഉടൻ തുടങ്ങും.
അടുത്ത മാസം മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്ത്, തൃശ്ശൂരിലെ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും.
ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും. സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: