ഇടുക്കി : ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.
കെഎസ്ഇബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിൽ രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലാണ് ഭൂചലനം അളക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇവ പരിശോധിച്ചപ്പോഴാണ് പുലർച്ചെയോടെ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയത്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ് 2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.നേരിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: