ചെന്നൈ: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒളിംമ്പ്യാഡ് ഉദ്ഘാടന പരിപാടികള്‍ അരങ്ങേറിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന് ആനന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാബലിപുരത്തെ ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ റിസോര്‍ട്ടിലാണ് ചെസ് ലോക രാജാക്കന്മാരെ കണ്ടെത്താനുള്ള മത്സരങ്ങള്‍. ആദ്യ റൗണ്ട് ഇന്ന് വൈകിട്ട്് മൂന്നിന് ആരംഭിക്കും. നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയ്ക്കാണ് ചെസിന് പ്രസക്തിയെങ്കിലും അത് രാജ്യങ്ങളുടെ മത്സരമാകുന്നത് ഒളിമ്പാ്യഡില് എത്തുമ്പോഴാണ്.
44-ാമത് ചെസ് ഒളിമ്പ്യഡിലേക്ക് എല്ലാവരും സ്വാഗതം ചെയ്യുന്നതായി ഉദ്ഘാടനം ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. ഇത്തവണത്തെ ചെസ് ഒളിമ്പ്യാഡിന് വേദിയാക്കാന്‍ ഇന്ത്യയെ തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന് നന്ദി പറഞ്ഞു. ഇന്ത്യയുടെ ചെസ് പവര്‍ ഹൗസാണ് തമിഴ്നാടെന്നും ഇന്ത്യന്‍ കായിക രംഗം ഇപ്പോള്‍ ഏറ്റവും ഉന്നത നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. പരാജിതരല്ല, വിജയികളും ഭാവി വിജയകളുമാണുള്ളത്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും അദ്ദേഹം ആശംസകളും നേര്‍ന്നു. കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും നാല് മാസം കൊണ്ട് വന്‍കിട പരിപാടിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയ സംഘാടകരെയും മോദി അഭിനന്ദിച്ചു.
ചെസ് ഒളിമ്പ്യാഡിന് തുടക്കം കുറിക്കുമ്പോള്‍ വലിയ സുരക്ഷകളും മറ്റുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത് 22000 പൊലീസുകാരെയാണ്. നഗരപരിധികളില്‍ ഡ്രോണും ആളില്ലാവിമാനങ്ങളും പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഭക്ഷണം, യാത്ര, ആരോഗ്യരക്ഷാ സൗകര്യങ്ങള്‍, കലാ, വിനോദ പരിപാടികള്‍ എല്ലാം സുസജ്ജം. വിവിധ ലോകഭാഷകള്‍ സംസാരിക്കുന്ന വോളണ്ടിയര്‍മാര്‍ സദാസമയവും തയ്യാറാണ്.
187 രാജ്യങ്ങളില്‍ നിന്നുള്ള ചെസ് താരങ്ങളാണ് ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംമ്പ്യാഡില്‍ പങ്കെടുക്കുക. 187 ദേശീയ ചെസ് ഫെഡറേഷനുകളെ പ്രതിനിധീകരിച്ച് 343 ടീമുകളും 1700 ലധികം കളിക്കാരുമാണ് പതിനാല് നാള് നീണ്ടുനില്‍ക്കുന്ന വിശ്വപോരാട്ടത്തില്‍ ഏറ്റുമുട്ടുക. അക്ഷരാര്‍ത്ഥത്തില്‍ ചെസിന്റെ മാമാങ്കമാണ് തമിഴകത്ത് ഉണരുന്നത്. ഒന്നിനും ഒരു കുറവും വരാതിരിക്കാന്‍ സൂക്ഷ്മശ്രദ്ധയോടെ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണില്‍ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്തു.
മഹാബലിപുരം ചതുരംഗക്കളമാകുന്ന രണ്ടാഴ്ചക്കാലമാണ് വരാനിരിക്കുന്നത്. ഒന്നാം നിര താരങ്ങളെല്ലാം മാറ്റുരയ്ക്കുന്ന മാമാങ്കത്തില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ എസ് എല്‍ നാരായണനും നിഹാല്‍ സരിനും കേരളത്തിന്റെ സാന്നിദ്ധ്യമാകും. കൂര്‍മബുദ്ധിയുടേയും കണക്കുകൂട്ടലിന്റേയും കണിശനീക്കങ്ങളുടെ വിശ്വമാമാങ്കത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് ചെന്നൈയും മഹാബലിപുരവും. 1927 മുതല്‍ സംഘടിപ്പിക്കുന്ന ചെസ് ഒളിംമ്പ്യാഡ് 30 വര്‍ഷത്തിന് ശേഷമാണ് ഏഷ്യയിലെത്തുന്നത്. 187 രാജ്യങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഏതൊരു ചെസ് ഒളിംമ്പ്യാഡിലേയും ഏറ്റവും വലിയ പങ്കാളിത്തമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: