കൊച്ചി : കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. സാബിര്‍, താജുദ്ദീന് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി തിങ്കളാഴ്ച വിധിക്കും. ആകെ 11 പേരാണ് പ്രതികള്‍. കേസിന്റെ വിചാരണ ഇതു വരെ പൂര്‍ത്തിയാക്കിയിട്ടില്ല.
വിചാരണ പൂര്‍ത്തിയാകും മുന്‍പേ തങ്ങള്‍ കുറ്റം ചെയ്തതായി മൂന്ന് പ്രതികളും സമ്മതിക്കുകയായിരുന്നു,ഇതോടെയാണ് കോടതി മൂവരും കുറ്റക്കാരാണെന്ന് വിധിച്ചത്. പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ജയിലിലായിരുന്നപ്പോള്‍ തമിഴ്നാട് സര്‍ക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയില്‍ വച്ച് തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.
2005 സെപ്റ്റംബര്‍ 9 നായിരുന്നു സംഭവം. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസാണ് അക്രമികള്‍ തോക്ക് ചൂണ്ടി തടഞ്ഞത്. രാത്രി 9.30 നായിരുന്നു അക്രമം. ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം വാഹനം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: