കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം മതപരിവര്‍ത്തനത്തിന് ഉപയോഗിച്ചതായി വിശ്വ ഹിന്ദു പരിഷത്ത്. തലവരി കുംഭകോണത്തില്‍ കൂടി സഭാ നേതൃത്വം ഉണ്ടാക്കിയ കള്ളപ്പണം തിരുവനന്തപുരം ജില്ലയിലെ മലയോര – കടലോര മേഖലകളിലെ സാധുക്കളായ ഹിന്ദുക്കളെ മതം മാറ്റാന്‍ നടപ്പാക്കിയ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും സംഘടന ആരോപിച്ചു.
വീട് നിര്‍മാണം, സൗജന്യ ഭക്ഷ്യ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, വിവാഹ സഹായം എന്നിവയ്ക്കു വേണ്ടി കോടിക്കണക്കിന് രൂപയാണ് ഈ പ്രദേശങ്ങളില്‍ ചെലവഴിച്ചത്. മതപരിവര്‍ത്തനം ലക്ഷ്യം വച്ച് നടത്തിയ ഈ പദ്ധതികളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം.
സ്വാശ്രയ സ്ഥാപനങ്ങള്‍ അഡ്മിഷന്റെ പേരില്‍ സമ്പാദിക്കുന്ന കണക്കില്ലാത്ത കോടികള്‍ മത പരിവര്‍ത്തന – തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് അറിയാമെങ്കിലും സംഘടിത വോട്ട് ബാങ്കിനെ ഭയന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര് രാജശേഖരനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: