തൃശൂര്‍: കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് നേതൃത്വം വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം തികയുന്നു. കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല.
നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന സിപിഎം നേതാക്കളായ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും ഇതിനകം തിരിച്ചെടുത്തു.
312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്ഷന് പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി. ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല.
കാലങ്ങളായി സിപിഎം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: