കോഴിക്കോട്: മതിയായ രേഖകളില്ലാതെ നിയമ വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ അറസ്റ്റില്‍. പെരുമ്പാവൂരിലെ ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത് ചര്‍ച്ച് വൈദികന് ജേക്കബ് വര്‍ഗീസ് ആണ് അറസ്റ്റിലായത്. 12 കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരെ ഇന്നലെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വൈദികനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താമസിപ്പിക്കണമെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം അനുമതിയുണ്ടായിരിക്കണം. എന്നാല്‍ നിയമ വിരുദ്ധമായാണ് കരുണ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റെയില്‍വേ പോലീസ് കേസെടുത്തത്. സംഭവത്തില്‍ ഇടനിലക്കാരായ രണ്ട് രാജസ്ഥാന് സ്വദേശികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാന് സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവര്‍ക്കെതിരെയാണ് റെയില്‍വേ പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി ഓഖ എക്സ്പ്രസിലാണ് കുട്ടികളെ എത്തിച്ചത്. സംശയം തോന്നിയ യാത്രക്കാര്‍, റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ഒപ്പം ആറ് മുതിര്‍ന്നവരാണ് ഉണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്തതില്‍ നാല് പേര് ഇവരുടെ രക്ഷിതാക്കളാണെന്ന് ബോധ്യപ്പെട്ടു. അതിനാല്‍ മറ്റ് രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
പെരുമ്പാവൂരിലെ കരുണാലയത്തിലേക്കാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രുണ ചാരിറ്റബിള്‍ ട്രസ്റ്റ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്.12 കുട്ടികളെയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: