തിരുവനന്തപുരം: കര്‍ക്കടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പ്രധാന സ്നാനഘട്ടങ്ങളിലെല്ലാം വിശ്വാസികളെത്തി കാത്തിരുന്നു. വര്‍ക്കല, തിരുവല്ലം, ആലുവ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ നല്ല തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്.
ബലിതര്‍പ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ തര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതലും ആലുവ മണപ്പുറത്ത് രാത്രി 12നും ചടങ്ങുകള്‍ ആരംഭിച്ചു. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയിൽ ഒരേ സമയം 250 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. ആയിരകണക്കിന് വിശ്വാസികൾ എത്തുന്നതിനാൽ തിരുനെല്ലിയിൽ പോലീസ് ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്നലെ വൈകിട്ടോടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുള്ളത്. ആലുവ അദ്വൈതാശ്രമത്തില്‍ പുലര്‍ച്ചെ നാലരയോടെയും തിരുനാവായ മണപ്പുറത്ത് പുലര്‍ച്ചെ രണ്ടിനും ബലിതര്‍പ്പണം ആരംഭിച്ചു.
സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് ഇത്തവണ ചടങ്ങ് നടക്കുന്നത്. കര്‍ക്കടക വാവ് ബലിതര്‍പ്പണം നടത്തുന്നത് മൂന്നു തലമുറയില്‍പെട്ട പിതൃക്കള്‍ക്കാണെന്നാണ് വിശ്വാസം. ഇന്നലെ രാത്രി 7.30 മുതല്‍ അമാവാസി ആരംഭിച്ചിരുന്നു. സൂര്യന് ഉച്ചസ്ഥായിയില്‍ എത്തുന്നതിനു മുമ്പ് ബലി തര്‍പ്പണം നടത്തണമെന്നതിനാല്‍ ഉച്ചയോടെ ചടങ്ങുകള്‍ തീരുന്ന വിധമുള്ള ക്രമീകരണമാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരുന്നത്. ഇവിടങ്ങളിലെല്ലാം കെ.എസ്.ആര്.ടി.സിയുടെ പ്രത്യേക സര്‍വീസുകളുണ്ട്.
കഴിഞ്ഞ രണ്ടു തവണയും കൊവിഡ് കാരണം വീട്ടുമുറ്റങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: