നമ്മുടെ വേദേതിഹാസങ്ങളുടെയും പുരാണങ്ങളുടെയും പശ്ചാത്തലം പ്രകൃതിയാണ്. പലപ്പോഴും പ്രകൃതി അവയിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാകുന്നു. എഴുത്തച്ഛന്റെ അധ്യാത്മ രാമായണം ഈ സവിശേഷതകൊണ്ട് ധന്യമായ കാവ്യമാണ്. കാവ്യഭാവനയാല്‍ ആലോചനാമൃതങ്ങളായ പ്രകൃതിവര്‍ണനകള്‍ മാത്രമല്ല, മനുഷ്യനും ശ്രുതിയും തമ്മില്‍ നിലനിന്ന ആത്മബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്‌ക്കരണവും രാമായണത്തിലുടനീളം കാണാം.
രാമായണത്തിലെ കഥാപാത്രങ്ങള്‍ക്ക് പ്രകൃതി അടുത്ത ബന്ധുവോ ഉറ്റമിത്രമോ ആണ്. അയോധ്യവിട്ട് കാട്ടിലെത്തിയ രാമന് കാനനവാസം പുരിവാസത്തേക്കാള്‍ സ്വസ്ഥവും സുഖകരവുമായി തോന്നി. ഭൂമിപുത്രിയായ സീതയ്‌ക്കും വനജീവിതത്തോട് ഇണങ്ങാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. കാനനഭംഗിക്കൊപ്പം കാനനജീവിതവും അവര്‍ ആസ്വദിച്ചു.
‘സോദരന്‍ തന്നാല്‍ കുശദലാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമാശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പുകൊണ്ടീടിനാന്‍
പ്രാസാദമൂര്‍ധ്‌നി പര്യങ്കേ യഥാപുരാ
വാസവും ചെയ്തുറങ്ങീടുന്നതു പോലെ’
(അയോധ്യാകാണ്ഡം)
അയോധ്യയിലെ മാളികമുകളില്‍ എങ്ങനെയോ അങ്ങനെയാണ് വനത്തില്‍ ഇരുവരും ഉറങ്ങിയത്!
പഞ്ചവടിയിലെ താമസം വിവരിക്കുന്ന വരികള്‍ ഇങ്ങനെ:
ഉത്തമഗംഗാ നദിക്കുത്തരതീരേ പുരു-
ഷോത്തമന്‍ വസിച്ചു ജാനകീദേവിയോടും
കദളീവനസാമ്രാദ്യഖില ഫലവൃക്ഷാ-
വൃതകാനനേ ജനസംബോധ വിവര്‍ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവി തന്നെ
ശ്രീരാമനയോധ്യയില്‍ വാണതു പോലെ വാണാന്‍
(ആരണ്യകാണ്ഡം)
പഞ്ചവടിയിലും ശ്രീരാമന്‍ അയോധ്യയിലെന്നപോലെയാണ് ജീവിച്ചത്.
‘ചിത്രകൂടാദിതന്‍ പാര്‍ശ്വേ’യുള്ള രാമചന്ദ്രാശ്രമത്തിന്റെയും പരിസരത്തിന്റെയും ചിത്രം എഴുത്തച്ഛന്‍ വാക്കുകള്‍ കൊണ്ട് വരയ്‌ക്കുന്നതു കാണുക.
‘പുഷ്പഫലദല പൂര്‍ണവല്ലീ തരു-
ശഷ്മരമണീയ കാനനമണ്ഡലേ
ആമ്ര കദളീ ബകുള പനസങ്ങ-
ളാമ്രാതാകാര്‍ജുനനാഗപുന്നാഗങ്ങള്‍
കേരപൂഗങ്ങളും കോവിദാരങ്ങളു-
മേരണ്ഡചെമ്പകാശോക താലങ്ങളും
മാലതീജാതിപ്രമുഖലതാവലീ-
ശാലികളായ തമാലസാലങ്ങളും
ഭൃംഗാദി നാനാ വിഹംഗനാദങ്ങളും
തുംഗമാതംഗഭുജംഗല്ലവംഗകു
രംഗാദിനാനാ മൃഗവ്രാതലീലയും
ഭംഗ്യാസമാലോക്യ ദൂരേ ഭരതനും
വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം
പുഷ്‌ക്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാന്‍
വൃക്ഷലതാദികളുടെ വൈവിധ്യവും സമൃദ്ധിയും സൗന്ദര്യവും ഇവിടെ പൂത്തുലയുന്നു. മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, അമ്പഴം, നീര്‍മരുത്, വെറ്റിക്കൊടി, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ആവണക്ക് മുതലായ മരങ്ങളും കാട്ടുമൃഗങ്ങളുടെ ലീലാവിലാസങ്ങളുമുണ്ടവിടെ.
ശ്രീരാമന് കാനനം വീടും വൃക്ഷലതാദികളും വീട്ടുകാരുമായിരുന്നു. സീതയോടും ലക്ഷ്മണനോടുമെന്ന പോലെ അവയോടും ശ്രീരാമന്‍ മനസ്സു തുറക്കാറുണ്ട്. സീത അപഹരിക്കപ്പെട്ടതറിഞ്ഞ് വിരഹദുഃഖമനുഭവിക്കുന്ന രാമന്‍ തന്റെ പ്രിയതമയെക്കുറിച്ച് ആരായുന്നു:
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു
മൃഗലോചനയായ ജനകപുത്രി തന്നെ
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുഷ്‌ക്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടു?
സീതയുടെ രൂപത്തില്‍ പ്രകൃതിയില്‍ എത്രയെത്ര ഉപമാനങ്ങളാണ് ശ്രീരാമന്‍ കാണുന്നത്.
കിഷ്‌കിന്ധയില്‍, വിരഹതാപം കൊണ്ട് വിവശനായപ്പോഴും രാമന്‍ ആശ്വാസം തേടുന്നത് പ്രകൃതിയിലാണ്.
ചന്ദ്രാനനേ! നീ പിരിഞ്ഞതുകാരണം
ചന്ദ്രനുമാദിത്യനെപ്പോലെയായിതു
ചന്ദ്ര! ഗീതാംശുക്കളാലവളെച്ചെന്നു
മന്ദമന്ദം തലോടിത്തലോടിത്തദാ വന്നു തടവീടുകെന്നെയും സാദരം
നിന്നുടെ ഗോത്രജയല്ലോ ജനകജ
പ്രകൃതിജീവനത്തിന്റെ മനോജ്ഞദൃശ്യങ്ങള്‍ വേറെയുമുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമനെ കാണാന്‍ സുഗ്രീവനും ഹനുമാ
നും എത്തുമ്പോഴുള്ള ഉപചാരങ്ങള്‍ നോക്കുക:
വിഷ്ടപനാഥനിരുന്നരുളീടുവാന്‍
വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍
പൊട്ടിച്ചവനിയിലിട്ടാനതുനേര-
മിഷ്ടനാം മാരുതി ലക്ഷ്മണനുമൊടി-
ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും
പുഷ്ടമോദാലൊടിച്ചിട്ടരുളീടിനാന്‍
പല്ലവജാലങ്ങള്‍ കൊണ്ടൊരുക്കിയ പീഠത്തിലാണ് മൂന്നുപേരും ഇരിക്കുന്നത്.
രാമലക്ഷ്മണന്മാരും സീതയും കയറിയ തോണി, ഗുഹന്‍ മറുകരയ്‌ക്കു തുഴയുമ്പോള്‍ സീത ഗംഗയെ സ്തുതിക്കുന്നു
ഗംഗേ! ഭഗവതി! ദേവി നമോസ്തുതേ
സംഗേന ശംഭുതന്‍ മൗലിയില്‍ വാഴുന്ന
സുന്ദരി! ഹൈമവതി! നമസ്‌തേനമോ!
മന്ദാകിനി! ദേവി! ഗംഗേ! നമോസ്തു തേ
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍
ജീവാധാരമായ ജലം വഹിക്കുന്ന നദികളെ സ്‌നേഹിക്കുകയും പൂജിക്കുകയും ചെയ്തിരുന്ന സംസ്‌ക്കാരത്തിന്റെ വികാരോജ്ജ്വലമായ ചിത്രണമാണിത്.
പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന കാലത്ത് മനുഷ്യജീവിതം ലളിതവും സംതൃപ്തവും ശാന്തവുമായിരുന്നു. കാലം മാറിയതോടെ മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് കിട്ടാവുന്നതൊക്കെ കവര്‍ന്നെടുക്കാന്‍ തുടങ്ങി. പ്രകൃതിചൂഷണം പാരമ്യത്തിലെത്തിയതിന്റെ ദുഷ്ഫലങ്ങളാണ് ഇന്ന് നാം പലവിധത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതി ജീവനത്തിന്റെയും സംക്ഷണത്തിന്റെയും രാമായണ പാഠങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും ആത്മപരിശോധയ്‌ക്ക് പ്രേരകമായെങ്കില്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: