ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനു തന്നെ ആ സത്യം സമ്മതിക്കേണ്ടി വന്നിരിക്കുന്നു. കെ-റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. കേന്ദ്രാനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാനാവൂ എന്നും, അതില്‍ യാതൊരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. ഇത് ഒരു കുറ്റസമ്മതം തന്നെയാണ്. കേന്ദ്ര-സംസ്ഥാന പദ്ധതി ആയതുകൊണ്ടു മാത്രമല്ല, പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതുകൊണ്ടും, വിദേശവായ്പയെടുക്കാന്‍ അനുമതി വേണമെന്നുള്ളതുകൊണ്ടും കേന്ദ്രത്തിന്റെ തീരുമാനത്തെ ആശ്രയിച്ചു മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നുള്ളൂ. പദ്ധതിയെക്കുറിച്ച് പഠിച്ചവര്‍ക്കു മാത്രമല്ല സാമാന്യജനങ്ങള്‍ക്കും അറിയാവുന്ന കാര്യമായിരുന്നു ഇത്. എന്നിട്ടും നുണപ്രചാരണത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിച്ചത്. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും കോടതിയിലും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അതൊന്നും വകവയ്ക്കാതെ കുറ്റിയിടലും സ്ഥലമേറ്റെടുക്കലുമായി മുന്നോട്ടു പോവുകയായിരുന്നു സര്‍ക്കാര്‍. ബദല്‍ പദ്ധതികള്‍ പലതുണ്ടെന്ന് മെട്രോമാന് ഇ. ശ്രീധരനെപ്പോലുള്ളവര്‍ ബോധ്യപ്പെടുത്തിയിട്ടും എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നു ശഠിച്ച മുഖ്യമന്ത്രിക്കാണ് ഇപ്പോള്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നിരിക്കുന്നത്.
നാടിന് ആവശ്യമായ വികസന പദ്ധതിയാണിതെന്നും അതിനെ എല്‍ഡിഎഫ് പദ്ധതിയായി കാണുന്നത് ശരിയല്ലെന്നും, അധികാരത്തിലുള്ളതുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി ഇപ്പോള്‍ പശ്ചാത്തപിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്‍ഡിഎഫിന്റേയെന്നല്ല, സിപിഎമ്മിന്റെ പദ്ധതിയാണിതെന്ന മട്ടിലായിരുന്നു സര്‍ക്കാര്‍ ഓരോ കാര്യങ്ങള്‍ ചെയ്തത്. പദ്ധതിയെ വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും നേരിടാന്‍ പോലീസിനൊപ്പം മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. പദ്ധതിക്ക് അനുമതി ലഭിക്കാതെ സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചവരെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നും, കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചത്. വിഘടനവാദത്തിന്റേതായിരുന്നു ഈ വാക്കുകള്‍. ഇപ്പോഴത്തെ നിലയ്ക്ക് പദ്ധതി നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ കോടിയേരിയുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സാമൂഹികാഘാത പഠനത്തിനെന്നു പറഞ്ഞാണ് ജനങ്ങളെ കുടിയിറക്കാന്‍ ശ്രമിച്ചത്. കേന്ദ്രാനുമതിയില്ലാതെ ഇത്തരമൊരു പഠനം പോലും സാധ്യമല്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. സര്‍ക്കാരിന് ഇത് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ജനങ്ങളെ അടിച്ചമര്‍ത്തി. ഇതിന് അവരോട് മുഖ്യമന്ത്രി മാപ്പു പറയണം. പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടിവരികയും, പരിസ്ഥിതി നാശം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം യാത്രാക്ലേശം പരിഹരിക്കാന്‍ മറ്റു പദ്ധതികള്‍ പരിഗണിക്കുകയാണ് ഇനിയെങ്കിലും സര്‍ക്കാര്‍ ചെയ്യേണ്ടത്.
അനുമതി കിട്ടിയതിനുശേഷം എല്ലാം തുടങ്ങുന്നതിനു പകരം സംസ്ഥാനത്തിന് ചെയ്യാനാവുന്ന കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ പിന്നെയും തെറ്റിദ്ധരിപ്പിക്കാനാണ്. അനുമതി ലഭിച്ചശേഷം നടപ്പാക്കേണ്ടത് അതിനു മുന്‍പ്ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കാര്യം അറിയാത്തയാളാണോ സംസ്ഥാനത്തിന്റെ ഭരണാധിപന്? സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴെങ്കിലും അത് നിര്‍ത്തിവയ്ക്കേണ്ടതായിരുന്നു. നടപടിക്രമങ്ങളിലെ വീഴ്ചയെക്കുറിച്ചും അനാവശ്യ തിടുക്കത്തെക്കുറിച്ചും ചൂണ്ടിക്കാട്ടിയ കോടതിയെപ്പോലും കടന്നാക്രമിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. വികസനത്തിന്റെ പേരില്‍ കേരളചരിത്രത്തില്‍ ഏറ്റവും വലിയ അഴിമതിക്കാണ് മുഖ്യമന്ത്രി പിണറായി കളമൊരുക്കിയത്. രാഷ്ട്രീയ നേതാവെന്നനിലയ്ക്കും ഭരണാധികാരിയെന്ന നിലയ്ക്കും പിണറായിയുടെ ഭൂതകാലം അറിയാവുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. ആഡംബര പദ്ധതികള്‍ക്കു പിന്നില്‍ വികസനവും ജനനന്മയുമല്ല, അഴിമതി മാത്രമാണെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്. സില്‍വര്‍ ലൈന്‍ ജനവിരുദ്ധമാണെന്ന് ഇടതുമുന്നണി സര്‍ക്കാരിന് അറിയാമായിരുന്നു. ഇതുകൊണ്ടാണല്ലോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് പദ്ധതിക്കുവേണ്ടിയുള്ള കല്ലിടല്‍ നിര്‍ത്തിവച്ചത്. പദ്ധതിയുടെ കാര്യത്തില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിശദീകരണത്തിലൂടെ സര്‍ക്കാരിന്റെ സ്ഥാപിതതാല്‍പ്പര്യം പൂര്‍ണമായി പുറത്തുവരികയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: