കൊല്‍ക്കൊത്ത: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ ബുധനാഴ്ച തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത അര്‍പ്പിത മുഖര്‍ജിയുടെ ബെല്‍ഗോറിയയിലെ വീട്ടില്‍ നിന്നും 15 കോടി രൂപ കൂടി പിടിച്ചെടുത്തു. അഞ്ച് നോട്ടെണ്ണല്‍ യന്ത്രങ്ങളുപയോഗിച്ചാണ് ബാങ്കുദ്യോഗസ്ഥര്‍ തുക എണ്ണിത്തിട്ടപ്പെടുത്തിയത്. കൂടുതല്‍ നോട്ടുകള്‍ ഉള്ളതിനാല്‍ ഇപ്പോഴും നോട്ടെണ്ണല്‍ തുടരുകയാണ്. ഇപ്പോള്‍ ആകെ പിടിച്ചെടുത്ത നോട്ടുകള്‍ മാത്രം 35.2 കോടി രൂപയായി.
അധ്യാപിക തസ്തിക വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ കൈക്കൂലി പണമാണിത്. അര്‍പ്പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് ടൗണ്‍ ഹൈറ്റ്സിലെ ഫ്ളാറ്റില്‍ നിന്നും മൂന്ന് കിലോസ്വര്‍ണ്ണവും വെള്ളിനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് അര്‍പ്പിത മുഖര്‍ജിയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റില്‍ നിന്നും ഇഡി പിടിച്ചെടുത്ത 21.9 കോടി രൂപ നിരവധി വോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് രണ്ട് ദിവസം കൊണ്ടാണ് ബാങ്കുദ്യോഗസ്ഥര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
അറിയപ്പെടാത്ത ഒരു മോഡലും കലാകാരിയുമായ അര്‍പ്പിത മുഖര്‍ജി ബെല്‍ഗോറിയയിലെ വീട്ടില്‍ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുമായി അടുത്തതോടെ സിനിമാനടിയായും സിനിമ നിര്‍മ്മാതാവായും ഉയര്‍ന്നു. തെക്കന്‍ കൊല്‍ക്കത്തയില്‍ സമ്പന്നര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരവധി ആഡംബര ഫ്ളാറ്റുകള്‍ സ്വന്തമാക്കി. തികച്ചും നാടകീയമായ വളര്‍ച്ചയായിരുന്നു മമതയുടെ വലംകൈയായ തൃണമൂല്‍ മന്ത്രിയുടെ സഹായത്തോടെ അര്‍പ്പിത നേടിയത്.
പൊതുവെ ഇഡിയെയും കേന്ദ്ര ഏജന്‍സികളെയും തള്ളിപ്പറയുന്ന മമത ബാനര്‍ജി ഈ റെയ്ഡിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. പിടിച്ചെടുത്തത് ഇഡി കൊണ്ടുവന്ന് വെച്ച പണം തന്നെയാണെന്ന കള്ള ആരോപണങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച തൃണമൂല്‍ നേതാക്കള്‍ തന്നെ ഇതോടെ മൗനത്തിലായി. എന്തിനും ഏതിനും ഇഡിയെയും ബിജെപിയെയും വാതോരാതെ വിമര്‍ശിക്കുന്ന മഹുവ മൊയ്ത്ര എംപിയും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: