ന്യൂദല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയും ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ നട്ടെല്ലുമായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം വിട്ടുപോയിട്ട് ബുധനാഴ്ച ഏഴ് വര്‍ഷം തികയുകയാണ്. 2015 ജൂലായ് 27 നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഷില്ലോങ് ഐഐഎമ്മില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് എ.പി.ജെ. അബ്ദുല്‍ കലാം മരണത്തിന് കീഴടങ്ങുന്നത്.
കലാമിന്റെ ആത്മാവ് ഇന്നും സോണിയയെയും കോണ്‍ഗ്രസിനെയും വേട്ടയാടുകയാണെന്ന് പലരും ഈ ഏഴാം ചരമവാര്‍ഷിക ദിനത്തില്‍ പറയുന്നു. ഈ ആരോപണത്തിലെ കാരണങ്ങള്‍ അറിയണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ പിന്നോട്ട് പോകണം.
എന്തുകൊണ്ടും രണ്ടാമതും രാഷ്ട്രപതിയാകാന്‍ യോഗ്യനായിരുന്നു എ.പി.ജെ. അബ്ദുള്‍ കലാം. ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ ക്ഷണിച്ചുകൊണ്ടുവന്ന വാജ് പേയിയും ബിജെപിയും രാഷ്ട്രപതിയായി രണ്ടാമൂഴം കലാമിന് നല്കാന് തയ്യാറായിരുന്നു. പക്ഷെ അത് തട്ടിത്തെറിപ്പിച്ച് പ്രതിഭാ പാട്ടീലിനെ കൊണ്ടുവന്നത് സോണിയാ ഗാന്ധി.
സുന്ദരമായ, ആരും കൊതിക്കുന്ന മരണം. ഇഷ്ടമുള്ള കര്‍മ്മത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ജീവന് അകന്നുപോകുന്ന… അനായാസ മരണം…..
അന്ന് കലാമിന്റെ വേര്‍പാടില്‍ അനുശോചിച്ച് കുറിപ്പ് പുറപ്പെടുവിച്ചവരില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയും വൈസ് പ്രസിഡന്റ് രാഹുലും ഉണ്ടായിരുന്നു. അപാരനായ ശാസ്ത്ര മനസ്സെന്നും പണ്ഡിതനായ രാഷ്ട്രതന്ത്രജ്ഞനും കറകളഞ്ഞ രാജ്യസ്നേഹി എന്നുമായിരുന്നു സോണിയ വിശേഷിപ്പിച്ചത്. ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്കിയ സംഭാവനകള്‍ അതുല്ല്യമായി നിലനില്‍ക്കുമെന്നും സോണിയ പറഞ്ഞു.
പക്ഷെ സോണിയയ്ക്ക് ആ വാക്കുകള്‍ പറയാന്‍ അര്‍ഹതയുണ്ടോ എന്ന് മനസാക്ഷിയോട് ചോദിച്ചാല്‍….2002ല്‍ ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായിരുന്ന കലാമിന് 2007ല്‍ ഇന്ത്യയുടെ 12ാം രാഷ്ട്രപതിയാകാനുള്ള സാധ്യത തല്ലിയുടച്ചത് ആരാണ്.?
2002 മുതല്‍ 2007വരെ അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ടപതിയായിരുന്നു. യുവാക്കളെ ഏറ്റവുമധികം പ്രചോദിപ്പിച്ച രാഷ്ട്രപതി ആരെന്ന ചോദ്യത്തിന് കലാം എന്നാണ് ഉത്തരം. പക്ഷെ 2004ല്‍ കോണഗ്രസ് അധികാരത്തില്‍ വന്നു. ഇന്ത്യന്‍ ജനിച്ചു വളര്‍ന്നവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്ന നിര്‍ദേശവുമായി ബിജെപി എത്തിയതോടെ പ്രധാനമന്ത്രിക്കസേരയിലേക്ക് സോണിയ വിശ്വസ്തനായ മന്മോഹന് സിങ്ങിനെ വാഴിച്ചു. ആ സമയത്ത് സോണിയയെ പ്രധാനമന്ത്രിപദത്തില്‍ നിന്നും പിന്തിരിപ്പിച്ചതില്‍ കലാമിന് പങ്കുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസിനുള്ളില്‍ ഒരു ശ്രുതി പരന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും കലാം സോണിയ പ്രധാനമന്ത്രിയാകുന്ന കാര്യത്തില്‍ ഇടപെട്ടിട്ടേയില്ലെന്ന് മന്മോഹന് സിങ്ങ് തന്നെ പിന്നീട് ഇന്ത്യ ടുഡേ ടിവിയില്‍ ജേണലിസ്റ്റ് കരണ്‍ താപ്പറിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നെ എന്തായാരിക്കാം സോണിയയെ കലാമിനെ തഴയാന്‍ പ്രേരിപ്പിച്ച ഘടകം? ഒരു പക്ഷെ അത് ഗാന്ധികുടുംബത്തിന്റെ മറ്റൊരു അന്തപ്പുര രഹസ്യമായിരിക്കാം.
എന്തായാലും 2007ല്‍ 12ാംമത് രാഷ്ട്രപതിയായി അബ്ദുള്‍ കലാമിന് രണ്ടാമൂഴം നല്‍കണമെന്ന് ബിജെപി വാദിച്ചു. പക്ഷെ ഇതിനെ എതിര്‍ത്തത് സോണിയയും കോണ്‍ഗ്രസുമാണ്. പകരം പ്രതിഭാ പാട്ടീലിനെ കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സോണിയ നിര്‍ദേശിച്ചു. ഇതോടെ കലാം മത്സരത്തിനൊന്നും നില്‍ക്കാതെ പിന്‍വാങ്ങി. കലാമിന്റെ ആത്മാവ് ഇന്നും സോണിയയെയും കോണ്‍ഗ്രസിനെയും വേട്ടയാടുകയാണെന്ന് ഇന്നത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പഴയ ദല്‍ഹി രാഷ്ട്രീയക്കാര്‍ അടക്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: