തിരുവനന്തപുരം: തമിഴ്നാട് കുളച്ചലില്‍ നിന്ന് കിട്ടിയ മൃതദേഹം ആഴിമലയില്‍ നിന്ന് കാണാതായ വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചത്
ഈ മാസം പത്താംതീയതിയാണ് ആഴിമലയില്‍ നിന്ന് കിരണിനെ കാണാതായത്. കുളച്ചലില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മൃതദേഹത്തിന്റെ കൈയിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും തമ്മില്‍ സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന് മധു നേരത്തെ വ്യക്തമാക്കിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെണ്‍കുട്ടിയെ കാണാനാണ് കിരണ്‍ അവസാനം പോയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കയറിയ കിരണ്‍ ആഴിമലയില്‍ എത്തിയില്ലെന്നും ബൈക്കില്‍ നിന്നും ഇറങ്ങിയോടി എന്നുമാണ് പിടിച്ചുകൊണ്ടുപോയവര്‍ പറഞ്ഞതെന്നാണ് കൂട്ടുകാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം, കിരണിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സഹോദരന് ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് മറ്റൊരു ബന്ധു എന്നിവര്‍ പ്രതികളാണ്. ഇതില്‍ സഹോദരീ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങിയിരുന്നു. സഹോദരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇയാളെയും പിടികൂടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: