ന്യൂദല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും വിഷയത്തില്‍ കേരള എംപിമാരുടെ യോഗം വിളിക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധിസംഘം. സില്‍വര്‍ലൈന്‍ പദ്ധതി വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലിനും പാരിസ്ഥിതിക നാശത്തിനും സാമ്പത്തിക ബാധ്യതയ്ക്കും വഴിവയ്ക്കുമെന്നത് കണക്കിലെടുത്ത് അതിവേഗ റെയിലിനായി കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് അശ്വിനി വൈഷ്ണവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘത്തിന് ഒപ്പമായിരുന്നു ദല്‍ഹിയിലെ കൂടികാഴ്ച. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിനുള്ള ആശങ്കയും മന്ത്രിയെ അറിയിച്ചെന്നും അനുകൂലമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും വി.മുരളീധരന് പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ റെയില്‍വേ വികസന വിഷയങ്ങളും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി വൈകുന്നത് സംഘം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ലിഫ്റ്റ് നിര്‍മാണം അടക്കം ഉള്‍പ്പെടുത്തി സമഗ്രവികസനത്തിനുള്ള നടപടികളുണ്ടാകണമെന്നും പ്രതിനിധി സംഘം റെയില്‍വെ മന്ത്രിയോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: