നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ കീഴിലുള്ള 66 അങ്കണവാടികളിലും എത്തിച്ചത് പഴകിയതും കരിച്ച നിറഞ്ഞതുമായ കടലയും പയറും. നഗരസഭയ്ക്കുവേണ്ടി അവണാകുഴി സഹകരണബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് പായ്ക്ക് ചെയ്ത് വിതരണത്തിനെത്തിച്ച ഭക്ഷ്യധാന്യങ്ങളാണ് പഴക്കം ചെന്നതെന്ന് കണ്ടെത്തിയത്.
2022 ജൂലൈ ഒന്നിന് പായ്ക്ക് ചെയ്തെന്നും 2022 ജൂലൈ 12 വരെ ഉപയോഗിക്കാമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ശ്രദ്ധയില്‍പെട്ട അങ്കണവാടി ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാക്കിംഗ് നടത്തിയ അവണാകുഴി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ 2022 ഡിസംബര്‍ ഒന്ന് എക്സ്പയറി തീയതിയുള്ള സ്റ്റിക്കറുമായി അങ്കണവാടികളിലെത്തി കടല, പയര്‍ കവറുകളിലെ പഴയ സ്റ്റിക്കറിനുമേല് പതിപ്പിച്ചു.
പുതിയ സ്റ്റിക്കര്‍ കീറരുതെന്ന നിര്‍ദ്ദേശവും നല്കി. സംഭവം നാട്ടുകാരും രക്ഷാ കര്‍ത്താക്കളും അറിഞ്ഞതോടെ അവണാകുഴി സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ സാധനങ്ങള്‍ തിരിച്ചെടുക്കാമെന്നും പഴകിയ പയറും കടലയും അങ്കണവാടികളില്‍ നിന്ന് നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലെത്തിക്കണമെന്ന് അറിയിപ്പും നല്കി. മാമ്പഴക്കര, ഇളവനിക്കര, വിഷ്ണുപുരം, കരിപ്രക്കോണം എന്നീ അങ്കണവാടികളിലെ ജീവനക്കാര്‍ സാധനങ്ങള്‍ മുട്ടയ്ക്കാട് അങ്കണവാടിയിലെത്തിച്ചു. പ്രതിരോധ മരുന്നുവിതരണത്തിനായി ആരോഗ്യവകുപ്പ് ജീവനക്കാരെത്തിയപ്പോള്‍ ഈ പായ്ക്കറ്റുകള്‍ ശ്രദ്ധയില്‍പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ആരോഗ്യവകുപ്പ് ഓഫീസര്‍ തിലകരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അഴകിക്കോണം സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതരോട് സംഭവത്തില്‍ വിശദീകരണം ആരായുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: