ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡുകള്‍ ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിര്‍മ്മിച്ച റോഡുകളും അതിന് ചിലവായ തുകയുടെ വിശദാംശങ്ങളും രേഖകളും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മറുപടി നല്‍കി. 2088 കിലോമീറ്റര്‍ റോഡാണ് അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയാണ് മന്ത്രി നല്‍കിയത്. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള റോഡ് പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ 15,477 കോടി രൂപ ചെലവഴിച്ചതായും മന്ത്രി വ്യക്തമാക്കി.

ചൈന, പാകിസ്ഥാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്ക് ഏതു കാലാവസ്ഥയിലും പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലുള്ള റോഡുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ 3,595 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇതുവരെ 20,767 കോടി രൂപ ചെലവഴിച്ചുവെന്ന് അജയ് ഭട്ട് സഭയില്‍ വ്യക്തമാക്കി. അതിര്‍ത്തികളിലെ പദ്ധതികള്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം 4,242 കോടി രൂപ ചെലവില്‍ 1,336 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 151 കോടി ചെലവില്‍ 882 കീലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്. ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 61 റോഡുകളും 2022 ഡിസംബറോടെ പൂര്‍ത്തിയാക്കാനും ബിആര്‍ഒ പദ്ധതിയിട്ടിടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: