Categories: India

2024 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്മൃതി ഇറാനിയെ നശിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; മകളുടെ പേരിലുള്ള അപവാദപ്രചരണം ഗൂഢാലോചനയുടെ ഭാഗം

Published by

ന്യൂദല്‍ഹി:സ്മൃതി ഇറാനിക്ക് നേരെയുള്ള കോണ്‍ഗ്രസ് അപവാദപ്രചാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം. മകള്‍ സോയിഷ് 2019ല്‍ ഗോവയിലെ ബാര്‍ ലൈസന്‍സുള്ള സില്ലി സോള്‍ റസ്റ്റൊറന്‍റില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്തിരുന്നു. അന്ന് സോയിഷിന്റെ പ്രായം 16. അന്ന് സോയിഷ് ബാറില്‍ നില്‍ക്കുന്നതിന്റെ ചിത്രം കാട്ടിയാണ് ബാര്‍ സംസ്കാരമാണോ സ്മൃതി ഇറാനിയുടേത് എന്ന് ചോദിച്ച് കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നത്.  

ഇന്ന് സോയിഷിന് 18 വയസ്സാണ് പ്രായം. രണ്ട് വര്‍ഷം മുന്‍പ് ആന്‍റണി ഡി ഗാമ എന്ന വ്യക്തിയുടെ പേരിലായിരുന്നു സില്ലി സോള്‍ റസ്റ്റൊറന്‍റ്-കം-ബാര്‍. അദ്ദേഹം 2021ല്‍ മരിച്ചു. അടുത്ത അവകാശി ആന്‍റണി ഡി ഗാമയുടെ മകനാണ്. അവന്‍ ലൈസന്‍സ് പുതുക്കാന്‍ വേണ്ടി അപേക്ഷനല്‍കിയിരുന്നു. ആറ് മാസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറുമെന്നും സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് ഗോവയിലെ എക്സൈസ് കമ്മീഷണര്‍ നോട്ടീസ് അയച്ചത്. ഈ നോട്ടീസ് ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്മൃതി ഇറാനിയുടെ മകള്‍ സോയിഷിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്.  വാസ്തവത്തില്‍ സോയിഷ് ഇറാനിയ്‌ക്ക് ബാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധമില്ലാതിരിക്കെ മരിച്ചയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് നേടിയെന്നാണ് കോണ്‍ഗ്രസിന്റെ കെട്ടുകഥ. 

കോണ്‍ഗ്രസ് വിവരാവകാശ രേഖപ്രകാരം കിട്ടിയതായി പറയുന്ന രേഖയില്‍ സോയിഷിന്റെയോ സ്മൃതി ഇറാനിയുടെയോ പേരില്ല. ഇത് സ്മൃതി ഇറാനിയെ സ്വഭാവഹത്യ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗം മാത്രമാണെന്ന് വ്യക്തം. സോയിഷ് ബാര്‍ ലൈസന്‍സുള്ള ഒരു ഹോട്ടലില്‍ ഇന്‍റേണ്‍ ചെയ്തത് ബാര്‍ എന്ന വാക്ക് വലിയ അക്ഷരങ്ങളില്‍ കാണിച്ച് സാംസ്കാരിക മൂല്യച്യുതിയായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.  

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍  ഗാന്ധികുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ  അട്ടിമറിച്ചതോടെ സ്മൃതി ഇറാനിക്കെതിരെ അവസാരം കാത്ത് കഴിയുകയായിരുന്നു കോണ്‍ഗ്രസ്. 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ജയിച്ചത്. ഇത് രാഹുല്‍ഗാന്ധിയുടെ മുഖം നഷ്ടപ്പെടുത്തുന്ന തോല്‍വിയായിരുന്നു. അതിന് ശേഷം രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഏറ്റവും ശക്തമായ ശബ്ദത്തിന് ഉടമയായി സ്മൃതി ഇറാനി. മണ്‍സൂണ്‍കാല പാര്‍ലമെന്‍റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ സ്മൃതിയോടുള്ള പക കോണ്‍ഗ്രസില്‍ വര്‍ധിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പ്രതിരോധിക്കുന്ന ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളാണ് ഇന്ന് സ്മൃതി ഇറാനി. 

പല രീതിയില്‍ സ്മൃതി ഇറാനിയ്‌ക്കെതിരെ കെട്ടുകഥകളും പരോക്ഷമായ  ലൈംഗികച്ചുവയുള്ള പദപ്രയോഗങ്ങളും കോണ്‍ഗ്രസ് ഇതിന് മുന്‍പും പ്രചരിപ്പിച്ചിരുന്നു. ഒരിയ്‌ക്കല്‍ ബീഹാറില്‍ നിന്നുള്ള ഹുക്കും ദേവ് നാരായണ്‍ യാദവിന്റെ മുന്‍പില്‍ സ്മൃതി ഇറാനി  നില്‍ക്കുന്ന ചിത്രം കാട്ടി കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിലെ ഇന്ദ്രാണി മിശ്രയാണ് ബലാത്സംഗ ഗുരുവിനൊപ്പം സ്മൃതി ഇറാനി എന്ന രീതിയില്‍ ഈ ചിത്രം പ്രചരിപ്പിച്ചത്. വാസ്തവത്തില്‍ ബലാത്സംഗത്തിന്റെ പേരില്‍ അപവാദത്തിലായ സ്വാമി ചിന്മയാനന്ദാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഈ പ്രചാരണം. രാഹുല്‍ ഗാന്ധിയും ഈ ചിത്രം പങ്കുവെച്ചിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു.  

2020ല്‍ കോണ്‍ഗ്രസ് നേതാവ് ശശാങ്ക് ഭാര്‍ഗവയും ഇതുപോലെ അശ്ലീലച്ചുവയുള്ള വിമര്‍ശനം സ്മൃതി ഇറാനിയ്‌ക്കെതിരെ നടത്തിയിരുന്നു. പലപ്പോഴും പ്രധാനമന്ത്രിയുമായി ചേര്‍ത്ത് വെച്ച് വരെ കോണ്‍ഗ്രസ് സ്മൃതി ഇറാനിക്കെതിരെ അപവാദം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്മൃതി ഇറാനിയാകട്ടെ നാള്‍ക്ക് നാള്‍ കരുത്താര്‍ജ്ജിക്കുകയായിരുന്നു. അതിനിടയില്‍ കോണ്‍ഗ്രസിന്റെ നെറ്റ ഡിസൂസ സ്മൃതി ഇറാനിയെ അപമാനിക്കാന്‍ ബോധപൂര്‍വ്വം അസമിലെ ഗോഹട്ടിയില്‍ വെച്ച് വഴക്കുണ്ടാക്കി മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തി പങ്കുവെച്ചത്. ഇന്ധനവിലക്കയറ്റം ചൂണ്ടിക്കാണിച്ച് നെറ്റ അനാവശ്യ വിവാദം ഉണ്ടാക്കുകയായിരുന്നു. അന്ന് തികഞ്ഞ സംയമനം പാലിച്ച് സ്മൃതി ഇറാനി ജനങ്ങളുടെ കയ്യടി നേടി. ഈ പുതിയ ബാര്‍ വിവാദത്തില്‍ തന്റെ മകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയ  പവന്‍ ഖേര, നെറ്റ ഡിസൂസ, ജയ്റാം രമേഷ്  എന്നീ കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ വക്കീല്‍നോട്ടീസ് അയച്ച് കാത്തിരിക്കുകയാണ് സ്മൃതി ഇറാനി. ഇക്കുറിയും വിജയം സ്മൃതി ഇറാനിക്കു തന്നെ ആയിരിക്കും. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക