പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റിന്റെ ആവേശ ജയം സമ്മാനിച്ചത് അക്ഷര്‍ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 312 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരുഘട്ടത്തില്‍ 38.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 205 എന്ന നിലയില്‍ പതറിയിടത്തുനിന്നാണ് അക്ഷര്‍ പട്ടേല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിനില്‍ക്കേ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 35 പന്തില്‍നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം പുറത്താകാതെ 64 റണ്‍സെടുത്ത അക്സറിന്റെ ഒറ്റയാന് പോരാട്ടമാണ് വിന്‍ഡീസില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. സ്കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 311. ഇന്ത്യ: 49.4 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 312. അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും (135 പന്തില്‍ 115) നിക്കോളാസ് പൂരന്റേയും (74) കരുത്തിലാണ് 311 റണ്‍സ് എന്ന ഭേദപ്പെട്ട സ്കോര്‍ നേടിയത്. കെയ്ല്‍ മെയേഴ്സ് 39, ബ്രൂക്സ് 35 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഷര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ തുടക്കം നല്ലതായിരുന്നില്ല. ശുഭ്മാന്‍ ഗില്‍ ഒരുവശത്ത് നന്നായി തുടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ഇഴഞ്ഞു. 11 ഓവറില്‍ സ്കോര്‍ 48ല്‍ നില്‍ക്കെ ധവാന് (31 പന്തില്‍ 13) മടങ്ങി. അധികം വൈകാതെ ഗില്ലും (49 പന്തില്‍ 43), സൂര്യകുമാര്‍ യാദവും (എട്ട് പന്തില്‍ 9) പുറത്തായി. പിന്നീട് സഞ്ജു സാസംണും ശ്രേയസ് അയ്യരും നടത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
63 റണ്‍സെടുത്ത ശ്രേയസാണ് ആദ്യം പുറത്തായത്. 39-ാം ഓവറില്‍ സ്കോര്‍ 205ല്‍ നില്‍ക്കെ സഞ്ജു അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. എന്നാല്‍ തോറ്റെന്നുറച്ചുടത്തുനിന്ന് ദീപക് ഹൂഡയെ (36 പന്തില്‍ 33) കൂട്ടുപിടിച്ച് അക്ഷര്‍ സ്കോര്‍ ഉയര്‍ത്തി. ദീപക് പുറത്തായശേഷം ഷര്ദുലിനെയും (മൂന്ന്) ആവേശ് ഖാനെയും (10), മുഹമ്മദ് സിറാജിനെയും (പുറത്താകാതെ ഒരു റണ്‍) കൂട്ടുപിടിച്ച് അക്ഷര്‍ ഇന്ത്യക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: