ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡ് ചെന്നൈയില്‍ ജൂലായ് 28 വ്യാഴാഴ്ച ആരംഭിയ്ക്കുമ്പോള്‍ ഇന്ത്യയുടെ ബി ടീമിനെ പ്രതിനിധീകരിക്കാന്‍ പോവുകയാണ് കൗമാരപ്രതിഭ പ്രഗ്നാനന്ദ. പോരാട്ടത്തിനിറങ്ങും മുമ്പ് പ്രചോദനം തേടി പ്രഗ്നാനന്ദ കണ്ടത് മറ്റാരെയുമല്ല, സാക്ഷാല്‍ രജനീകാന്തിനെ. രജനീകാന്ത് തന്റെ പൂജാമുറിയില്‍ വിളിച്ച് പ്രഗ്നാനന്ദയ്‌ക്ക് നല്‍കുന്നത് സ്വാമിയാരുടെ ചിത്രം. മുറിയുടെ ചുമരില്‍ രമണമഹര്‍ഷിയുടേതുള്‍പ്പെടെ നിറയെ സ്വാമിമാരുടെ ചിത്രങ്ങള്‍ കാണം.
ഈ കൂടിക്കാഴ്ചയുടെ ചിത്രവും താരം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രഗ്നാനന്ദയുടെ കുടുംബവും കൂടെയുണ്ടായിരുന്നു. രജനീകാന്തിനെ കണ്ടത് നല്ല പ്രചോദനമായിരുന്നുവെന്ന് പ്രഗ്നാനന്ദ ട്വിറ്ററില്‍ കുറിച്ചു. രജനീകാന്തിനൊപ്പം നില്‍ക്കുന്ന നാല് ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.
“ഓര്‍മ്മിക്കാന്‍ ഒരു ദിവസം. കുടുംബത്തോടൊപ്പം പോയി രജനീകാന്ത് അങ്കിളിനെ കണ്ടു. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും അദ്ദേഹം കാണിക്കുന്ന വിനയം ശരിയ്‌ക്കും പ്രചോദനം തന്നെയാണ്”- പ്രഗ്നാനന്ദ ട്വിറ്ററില്‍ കുറിച്ചു. പിന്നെ രണ്ട് വാക്കുകള്‍ ഹാഷ്ടാഗ് ആയി പ്രഗ്നാനന്ദ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് റെസ്പെക്ട് (#Respect ) മറ്റൊന്ന് മകിഴ്‌ച്ചി (തമിഴില്‍ മകിഴ്‌ച്ചി എന്നാല്‍ ആനന്ദം- #Magizhchi) രജനീകാന്തിനെ കണ്ടുമുട്ടിയപ്പോള്‍ അനുഭവിച്ചത് രണ്ട് വികാരങ്ങളാണ്- ഒന്ന് അദ്ദേഹത്തോടുള്ള ബഹുമാനം. രണ്ടാമത്തേത് ആ കൂടിക്കാഴ്ചയിലുണ്ടായ ആനന്ദം.
പ്രഗ്നാനന്ദ ഇപ്പോള്‍ മികച്ച ഫോമിലാണ്. ഈയിടെ പരാസിന്‍ എ ചെസ്സില്‍ ചാമ്പ്യനായി. ആകെയുള്ള ഒമ്പത് റൗണ്ടില്‍ ഒരു കളിപോലും തോല്‍ക്കാതെ, രണ്ട് സമനിലകളോടെ എട്ട് പോയിന്‍റുകള്‍ നേടിയാണ് പ്രഗ്നാനന്ദ ചാമ്പ്യനായത്. 2022ല്‍ രണ്ട് തവണ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മുട്ടുകുത്തിച്ച് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: