ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു 15ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന ആരോപണം കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് റിപ്പബ്ലിക് ടിവി.
മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരിക്കവേ 2012ല്‍ രാഷ്‌ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിക്ക് കൊടുത്ത അതേ സീറ്റ് തന്നെയാണ് ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തല്‍.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയും മുന്‍ഗണനാ ക്രമവും താഴെപ്പറയും വിധമാണ്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുന്‍ രാഷ്‌ട്രപതിമാര്‍, ഉപപ്രധാനമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്ലാനിങ് കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ എന്നിങ്ങനെയാണ്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന കോണ്‍ഗ്രസിന്റെ പരാതി പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി തള്ളി. “ആഭ്യന്തരമന്ത്രാലയമാണ് ചടങ്ങ് നടത്തിയത്. എല്ലാ കാബിനറ്റ് മന്ത്രിമാരും പ്രതിപക്ഷനേതാക്കളേക്കാള്‍ മുകളിലാണ്. റാങ്ക് ക്രമവും പ്രധാന്യവും അനുസരിച്ച് ഇരുത്തിയാല്‍ മൂന്നാം നിരയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനം വരിക. “- പ്രള്‍ഹാദ് ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: