കൊല്‍ക്കത്ത : അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസറ്റ് ചെയ്തശേഷം മന്ത്രി പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രി മമത ബാനര്‍ജിയെ മൂന്ന് തവണ ഫോണ്‍ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. പാര്‍ഥ ചാറ്റര്‍ജിയുടെ അറസറ്റ് മെമ്മോയിലാണ് ്അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ കഴിഞ്ഞ ശനിയാഴ്ചാണ് പാര്‍ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ആരെയെങ്കിലും കസ്റ്റഡിയിലെടുത്താല്‍ അയാള്‍ക്ക് അടുത്ത ബന്ധുവിനേയോ സുഹൃത്തിനേയോ ബന്ധപ്പെടാന്‍ അന്വേഷണ സംഘം അവസരം നല്‍കും. ഇത് പ്രയോജനപ്പെടുത്തിയാണ് പാര്‍ഥ മമത ബാനര്‍ജിയെ വിളിച്ചത്. എന്നാല്‍ മൂന്ന് തവണ വിളിച്ചിട്ടും മമത ഫോണ്‍ എടുത്തില്ല.
ശനിയാഴ്ച പുലര്‍ച്ചെ 1.55ഓടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 2.33ന് പാര്‍ഥ മുഖ്യമന്ത്രിയെ വിളിക്കുകയായിരുന്നു. ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ 3.37നും രാവിലെ 9.35നും വിളിച്ചെങ്കിലും രണ്ടുതവണയും ഫോണെടുത്തില്ലെന്നും മെമ്മോയില്‍ പറയുന്നു. എന്നാല്‍ ഇ ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.
പാര്‍ഥ ചാറ്റര്‍ജിയുമായി അടുപ്പമുള്ള നടി അര്‍പ്പിത ബാനര്‍ജിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 21 കോടിയിലധികം രൂപയും 54 ലക്ഷത്തോളം വിദേശ കറന്‍സിയും സ്വര്‍ണാഭരണങ്ങളുമാണ് ഇഡി കണ്ടെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പണം എണ്ണി തിട്ടപ്പെടുത്താന്‍ തുടങ്ങിയത്. പിന്നീട് കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങളുമെത്തിച്ചാണ് പണം എണ്ണിയത്. പല തവണയായി പാര്‍ഥ എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് അര്‍പിതയും അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ഥയ്‌ക്കെതിരെ അര്‍പ്പിതയുടെ വീട്ടില്‍ നിന്നും രേഖകള്‍ കണ്ടെടുത്തതായും ഇഡി അറിയിച്ചിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ പാര്‍ഥയെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റി. കസ്റ്റഡിയിലിരിക്കേ ആരോഗ്യം മോശമായതോടെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പാര്‍ഥയെ മാറ്റുകയായിരുന്നു. എന്നാല്‍ ഇതില്‍ സംശമുണ്ടെന്നും ചികിത്സ ആര്‍മി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇഡിയും കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക