ഹരി ചേനങ്കകര
ചവറ: കെഎംഎംഎലിലെ അംഗീകൃത ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, യുടിയുസി, സിഐറ്റിയു നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കാണുന്നതിന് കാലങ്ങളായി നടത്തിവരുന്ന ദല്‍ഹി യാത്രയ്‌ക്ക് ചെലവെല്ലാം പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലാണ്.വര്‍ഷത്തില്‍ രണ്ടുതവണ കമ്പനി അനുവദിക്കുന്ന ലക്ഷങ്ങള്‍ ചെലവഴിച്ച് ദല്‍ഹി കൂടാതെ കാശ്മീര്‍, മണിപ്പൂര്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളും നേപ്പാളിലെ കാട്മണ്ഠു എന്നിവയും ചുറ്റിക്കാണുകയും കുടുംബ സമേതം യാത്രചെയ്യുകയുമാണ് പതിവ്. കമ്പനി അനുവദിക്കുന്ന 15 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനം വാങ്ങാന്‍ പോലും കമ്പനിയുടെ പണമാണ് ഉപയോഗിക്കുന്നത്. ട്രേഡ് യൂണിയനുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കണമെങ്കില്‍ സംഘടനകളുടെ സ്വന്തം പണമോ, തൊഴിലാളി വിഹിതമോ ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത് എന്നിരിക്കെയാണ് കമ്പനിയുടെ പണം നിയമവിരുദ്ധമായി യൂണിയനുകള്‍ ധൂര്‍ത്തടിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നതിന് കമ്പനി ഉദ്യോഗസ്ഥരെ നേരിട്ടാണ് അയയ്‌ക്കേണ്ടത് എന്നിരിക്കെയാണ് കമ്പനി ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഈ ധൂര്‍ത്ത്. കമ്പനിയുടെ വാഹനങ്ങളും ദുരുപയോഗം ചെയ്യുന്നത് പതിവാണ്. മാസത്തില്‍ മൂന്നു പ്രാവശ്യമെങ്കിലും തിരുവനന്തപുരം യാത്രയുടെ പേരില്‍ വാഹനവും പണവും ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. പഞ്ച് ചെയ്യേണ്ടാത്ത ഈ നേതാക്കള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ കഷ്ടപ്പെടുന്നതിനാല്‍ ജോലിക്കെത്താനോ യൂണിഫോം ധരിക്കാനോ സാധിക്കാറില്ല. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം മുതല്‍ യൂണിയന്‍ പ്രതിനിധികള്‍ അവിടെത്തന്നെ ക്യാമ്പുചെയ്ത് മാനേജ്മെന്റുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കുകയും പിന്നീട് കാര്യങ്ങള്‍ അവരുടെ വരുതിയില്‍ വരുത്തുകയുമാണ് പതിവ്.
തൊഴിലാളികള്‍ക്കോ കരാറുകാര്‍ക്കോ പ്രദേശവാസികള്‍ക്കോ മാനേജ്മെന്റുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. കരാറുകാരുടെ ബില്ല് പാസ്സാകുന്ന ദിവസം വിഹിതത്തിനായി അക്കൗണ്ട് നമ്പര്‍ കൈമാറാനായി പ്രതിനിധികളെയും ഏര്‍പ്പടുത്തി റിസപ്ഷനില്‍ നിര്‍ത്തിയിട്ടുണ്ടാവും.
ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ മാത്രമേ മേനേജ്മെന്റിന് സാധിക്കാറുള്ളൂ. മാനേജ്മെന്റും ട്രേഡ് യൂണിയനുമായുള്ള ഈ അവിഹിതകൂട്ടുകെട്ട് തൊഴിലാളികളെ ചൊടിപ്പിക്കാറുണ്ട്. എന്നാല്‍ ചോദ്യംചെയ്താല്‍ ഉണ്ടാകാവുന്ന ദുരവസ്ഥയോര്‍ത്ത് മിണ്ടാറില്ല. ഭരണമാറ്റവും ഇവിടുത്തെ ട്രേഡ് യൂണിയനുകളുടെ ഐക്യത്തെ ബാധിക്കാറില്ല. ഇതിനെകുറിച്ച് സമഗ്രമായ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: