Categories: Travel

കേരള ടൂറിസം വകുപ്പിന് അഭിനന്ദനം; ഗോത്രപാരമ്പര്യത്തെ പരിചയപ്പെടുത്തിയ വയനാട്ടിലെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തെ പുകഴ്‌ത്തി ആനന്ദ് മഹീന്ദ്ര

Published by

കല്പറ്റ: കേരള ടൂറിസത്തെയും ഗോത്രപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തെ പുകഴ്‌ത്തി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനും സംരംഭകനുമായ ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍ പൈതൃകഗ്രാമത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ് അദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചത്.

‘സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍. പ്രാക്തനമായ ഈ ഗ്രാമീണവാസ്തുവിദ്യ അതിശയിപ്പിക്കുന്നു. ലാളിത്യമാര്‍ന്നതിന് നമ്മെ അതിശയിപ്പിക്കാനാകുമെന്ന് ഇതൊരിക്കല്‍കൂടി തെളിയിക്കുന്നു എന്ന കുറിപ്പോടെയാണ് എന്‍ ഊരിന്റെ വീഡിയോയും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്’.  

ആദിവാസി തനതു ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന കഫറ്റീരിയ, ആദിവാസി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സ്ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടന്‍ ടൂറിസത്തിന്റെ മുഖശ്രീയായി ഈ ഗ്രാമം ഒരുങ്ങിയത്. മാനന്തവാടി ടീ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ (പ്രിയദര്‍ശിനി) കീഴില്‍ പൂക്കോടുള്ള 25 ഏക്കര്‍ സ്ഥലത്താണു ഗോത്ര പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2022 ജൂണിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായത്. കരകൗശലവസ്തുക്കള്‍, പരമ്പരാഗത കാര്‍ഷികോത്പന്നങ്ങള്‍, ഓപ്പണ്‍തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. ജൂലായ് 19ന് ട്വീറ്റ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ  ഇതിനോടകം അഞ്ചുലക്ഷംപേര്‍ കണ്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts