ഈയിടെ കൗതുകകരമായ വിവരങ്ങള്‍ പത്രങ്ങളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. അതിലൊന്ന് സിപിഎമ്മിന്റെ പാര്‍ട്ടി ശിക്ഷണ പരിപാടിയില്‍ ആര്‍എസ്എസ്സും പഠനവിഷയമാകാന് പോകുന്നുവെന്നതാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ച് പാര്‍ട്ടി ഇതുവരെ മെനഞ്ഞെടുത്ത ധാരണകള്‍ യാഥാര്ത്ഥ്യബോധമില്ലാത്തവയാണ് എന്നാവുമല്ലോ അതിന്റെ താല്പര്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദ്വന്ദാത്മക ഭൗതികതയും മറ്റും വായിച്ചും ഇടതടവില്ലാതെ പഠിച്ചും ഉരുക്കഴിച്ചും തലയിലേക്കടിച്ചുകേറ്റിക്കഴിഞ്ഞവര് പോയ സഹസ്രാബ്ദത്തിന്റെ അവസാനമാകുന്നതിനു മുമ്പുതന്നെ പടുത്തുയര്ത്തുനിര്ത്തിയ യുഎസ്എസ്ആര്‍ എന്ന മഹാസാമ്രാജ്യം തകര്ന്നടിഞ്ഞതുകണ്ട് അമ്പരന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിയാതെയായിപ്പോയി. സോവിയറ്റ് യൂണിയന് സര്‍വൈശ്വര്യങ്ങളോടുംകൂടി നിലകൊണ്ട നാളുകളില്‍, ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൊടുകുത്തി വിലസിനിന്നപ്പോള് ഒരു പ്രചാരണസിനിമ കാണാന്‍ അവസരമുണ്ടായി. ‘മോസ്കോ ദി ഫ്യൂച്ചര്‍ ക്യാപിറ്റല്‍ ഓഫ് ദി വേള്‍ഡ്’ എന്നായിരുന്നു അതിന്റെ പേര്. മോസ്കോ നഗരത്തിലെ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട കൊട്ടാരങ്ങളും പള്ളികളും മാത്രമല്ല സോവിയറ്റ് വാഴ്ചക്കാലത്ത് പടുത്തുയര്ത്തിവരുന്ന കണ്ണഞ്ചിപ്പിക്കുന്ന സര്‍വ്വകലാശാലകളും, ശൂന്യാകാശത്തേക്കു കുതിക്കുന്ന രൂപത്തിലുള്ള കൂറ്റന്‍ റോക്കറ്റുകളും മറ്റുമായി സഖാക്കളെ ആനന്ദതുന്ദിലരാക്കുന്നതായിരുന്നു ആ ചിത്രം. പക്ഷേ ഭാവി ലോകതലസ്ഥാനമെന്ന ശീര്‍ഷകം നല്കുന്ന സൂചന പൂജനീയ ഗുരുജി ഒരു ബൗദ്ധിക്കില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ആയിരം വര്‍ഷത്തെ ഇസ്ലാമിക-ക്രൈസ്തവ മേധാവിത്തത്തിന്റെ ക്രൂരതകളും പീഡനങ്ങളും അനുഭവിച്ച ഭാരത ജനതയ്ക്കുമേല്‍ വരുന്ന കമ്യൂണിസ്റ്റ് സാമ്രാജ്യ ഭീകരതയുടെ ഭീഷണിയാണതിന്റെ സൂചനയെന്നും അദ്ദേഹം പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ നാസിസത്തിന്റെ ഭീഷണി യൂറോപ്പില്‍ വരുത്തിവെച്ച സംഹാരതാണ്ഡവത്തിനുശേഷം കമ്യൂണിസമെന്ന അടുത്ത രാക്ഷസീയത എന്തായിരിക്കും മാനവതയ്ക്കുമേല് ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതങ്ങളെന്ന് ജനതകള്‍ ആശങ്കയോടെ കഴിയവേ ആന്തരിക ദൗര്‍ബല്യങ്ങള്‍ കൊണ്ട് സ്വയം അതു തകര്‍ന്നടിഞ്ഞതും നാം കണ്ടു. അതിന്റെ വകഭേദങ്ങള്‍ ഉത്തര കൊറിയയിലും ചീനയിലും കൊച്ചുകേരളത്തിലുമായി അവശേഷിക്കുന്നു. എന്റെ സഹപാഠിയായിരുന്ന ഒരു എസ്എഫ്ഐക്കാരന് കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ മനോഹരമായി ആലപിക്കുമായിരുന്നു. ചെങ്കൊടിയെക്കുറിച്ചുള്ള ഗാനം ഇന്നും ഞാന്‍ മറന്നിട്ടില്ല.
”അവകാശമാകെനേടാന് അരിവാളുയര്ത്തിടുമ്പോള്
അസമത്വമാകെ നീക്കാന്‍ അമരുന്നു ചുറ്റികയും
പൊരുതും കൊറിയ നിന്റെ നവകാന്തിയേറിടാനായ്
നിണമേന്തിയേന്തിയേറെ വിജയം വരിച്ചിടുന്നു.”
ഇന്നത്തെ ഉത്തരകൊറിയന്‍ ഭരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ആ പാട്ട് ഓര്‍മ്മയില്‍ വരുന്നു.
കംബോഡിയ (കാംബോജം) യില്‍ സഖാവ് പോള്‍പോട്ട് അധികാരം പിടിച്ചെടുത്തപ്പോള്‍, അവിടത്തെ ജനവിരുദ്ധരെ കൊന്നു കൊലനിലങ്ങളില്‍ കുന്നുകൂട്ടിയ തലയോട്ടികള്‍ ഇന്നും അവിടെ കാണാന്‍ കഴിയുമത്രേ. അവിടെയൊക്കെ കമ്യൂണിസം ദുസ്വപ്നമായി ഇന്നും ജനങ്ങളെ സംഭീതരും സംഭ്രാന്തരുമാക്കുമ്പോള് കേരളത്തിലെ സഖാക്കളുടെ സ്ഥിതിയെന്താണ്? കേരളീയ സമൂഹത്തിലെ വിചാരവിപ്ലവത്തിന്റെ ആചാര്യവൃന്ദം ഇപ്പോള്‍ അസ്തമിച്ചതുപോലെയായി. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൗജന്യങ്ങളും പാരിതോഷികങ്ങളും ഭുജിച്ചുകഴിയുന്ന അവര്‍ ഉച്ചമയക്കത്തിലാണ്ടു കിടക്കുകയാണ്.
ആര്‍എസ്എസിനെ പഠിക്കാന്‍ പല താത്വികാചാര്യന്മാരും ശ്രമിച്ചിട്ടുണ്ട്. കൗമാരക്കാലത്ത് ഒരു ശാഖാമുഖ്യശിക്ഷക് തന്നെയായിരുന്ന കായംകുളത്തുകാരന് പിന്നീട് മേച്ചില്‍പ്പുറം മെച്ചമായി എന്നുകണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന് പോളിറ്റ് ബ്യൂറോവരെ എത്തി ദല്‍ഹിയില്‍ താമസമാക്കി. അദ്ദേഹത്തിന്റെ ശ്രീമതിക്കു ആരോഗ്യത്തില്‍ ഒരു സന്ദിഗ്ധാവസ്ഥ വന്നപ്പോള്‍ ഒരു സംഘ സ്വയംസേവകന്റെ രക്തമേ യോജിച്ചുവന്നുള്ളൂവെന്നറിയാം.
അവര്‍ സംഘത്തെപ്പറ്റി പഠിക്കട്ടെ. തെറ്റിദ്ധാരണയില്ലാതെ ശരിയായ അര്‍ത്ഥത്തില്‍ സംഘത്തെയും അതുന്നയിക്കുന്ന ഹിന്ദുത്വത്തെ, ഹൈന്ദവതയെ അതിന്റെ പരിപൂര്‍ണാര്‍ഥത്തില്‍ അറിയട്ടെ. ഗുരുജിയുടെ പ്രഭാഷണങ്ങള്‍ സങ്കലനം ചെയ്ത് അര നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ‘ബെഞ്ച് ഓഫ് തോട്ട്സ്’ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ‘വിചാരധാര’ മലയാളത്തില്‍ പ്രസിദ്ധികരിച്ചപ്പോള്‍ അതിന്റെ പ്രീ പബ്ലിക്കേഷന്‍ ആദ്യം ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പി. ഗോവിന്ദപ്പിള്ളയുണ്ടായിരുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ തന്റെ മുന്നിലിരിക്കുന്നവരെ അഭിസംബോധന ചെയ്യുമ്പോഴത്തെ വിചാരങ്ങള്‍ക്ക് അപ്പോഴത്തെ പ്രസക്തിയാവുമുള്ളതെന്നതിനാല് അച്ചടിച്ചു വരുമ്പോള്‍, കാലാന്തരത്തില്‍ അപ്രസക്തമാവുമെന്ന് ഗുരുജി അന്നുതന്നെ പറഞ്ഞിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസിനെക്കുറിച്ച് കുറേ സര്‍ക്കാര്‍ സാഹിത്യവുമിറങ്ങിയിരുന്നു. നാടെങ്ങുമുള്ള ഗ്രന്ഥശാലകളിലും സ്കൂളുകളിലും ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും അതിന്റെ പ്രതികള്‍ കുന്നുകൂടി കിടന്നിരുന്നു. ആര്‍എസ്എസ്-ബുള്‍വര്‍ക്ക് ഓഫ് ഫാസിസം, ആര്‍എസ്എസ് ഫ്രം ഇന്‍സൈഡ് എന്ന രണ്ടു പുസ്തകങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെതന്നെ ആപല്‍ക്കരിയാണ് സംഘം എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീടുകളില്‍ ഉമിക്കരി പൊതിയാനും വഴിയോര കടലക്കച്ചവടക്കാര്ക്ക് കടല പൊതിയാനും അതേറെ ഉപകരിച്ചു.
സംഘത്തില്‍ ചേരുന്നവര്‍ക്ക് പ്രത്യയശാസ്ത്ര പഠനങ്ങള്‍ സാധാരണ നല്‍കുന്നില്ല. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കുടുംബബന്ധത്തിന്റെയും അന്തരീക്ഷത്തില്‍ രാഷ്ട്രജീവിത സംബന്ധമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുകയാണ്. ശാഖയെന്ന ദൈനംദിന കൂട്ടായ്മയില്‍ പുരുഷന്മാര് അവരുടെ പ്രായത്തിനനുസരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു, കുടുംബത്തെ മുഴുവന്‍ അതിന്റെ കൂട്ടായ്മയില്‍ ചേര്‍ക്കുന്നു. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അന്തരീക്ഷമാണ് സംഘം നിര്‍മിക്കുന്നത്.
സംഘത്തിന്റെ പരിശീലന ശിബിരങ്ങളില്‍ വിവിധ മതങ്ങളെയും, സാമൂഹ്യ സാമ്പത്തികാശയങ്ങളെയും സാമൂഹ്യസംഘടനകളെയുംകുറിച്ച് പരിശീലനാര്‍ഥികള്‍ക്കു പ്രബോധനങ്ങളും ചര്‍ച്ചകളും നടത്താറുണ്ട്. അതില്‍ കമ്യൂണിസവും മാര്‍ക്സിസവും മറ്റനേകം വിഷയങ്ങളും ഉള്‍പ്പെടുന്നു. 1988 ല്‍ സംഘസ്ഥാപകന് ഡോ. ഹെഡ്ഗേവാറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് രാജ്യമെങ്ങുനിന്നുമായി നാഗ്പൂരിലെത്തിയ 600 ഓളം സംഘപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തെയും, അതിന്റെ ഭാവിയെയുംപറ്റി ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡി നടത്തിയ പ്രഭാഷണത്തില്‍ സോവിയറ്റ് യൂണിയന് ഈ സഹസ്രാബ്ദത്തെ അതിജീവിക്കില്ല എന്ന പ്രവചനം നടത്തിയിരുന്നു. അന്നത് അവിശ്വസനീയമായി തോന്നിയിരുന്നു. ”ഡിക്ലൈന്‍ ആന്‍ഡ് ഫാള്‍ ഓഫ് സോവിയറ്റ് എംപയര്‍” എന്ന അമേരിക്കന്‍ നോവലില്‍ അതേമാതിരി പ്രവചനമുണ്ടായിരുന്ന നാടകീയമായ സംഭവപരമ്പരകളും സംഘര്‍ഷവും നടന്നതായി വിവരിക്കുന്നുണ്ട്. ഠേംഗ്ഡിജിയുടെ വിശകലനം തികച്ചും ആശയപരമായിരുന്നു. അതിനേക്കാള്‍ നേരത്തെ സോവിയറ്റ് സാമ്രാജ്യം ഛിന്നഭിന്നമായത് നാം കണ്ടു.
സംഘപ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് സംവാദങ്ങളിലൂടെ സംഘാശയം വ്യാപിപ്പിക്കാനാണ് പ്രമുഖ പ്രവര്‍ത്തകര്‍ ശ്രമിച്ചുവന്നത്. യുഗോസ്ലോവിയയില്‍ മാര്ഷല്ടിറ്റോയും ഇറ്റലിയില്‍ തോഗ്ലിയാത്തിയും കമ്യൂണിസത്തിന്റെ മൗലികാശയങ്ങളെത്തന്നെ ഇളക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തുകയും, ടിറ്റോ സോവ്യറ്റ് ആശ്ലേഷത്തില്‍ നിന്നു പുറത്തുവരികയും ചെയ്തു. ഒരിക്കല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജ് ടൗണില്‍ നിന്ന് ഇന്നത്തെ ക്യാമ്പസ്സിലേക്കു മാറിയശേഷം അവിടത്തെ വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ സ്വയംസേവകര്‍ ഉദ്യമിച്ചു. തലശ്ശേരിയില്‍ ആദ്യ പ്രചാരകനായിരുന്ന മാധവജി ഒരവസരത്തില്‍ അതില്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന് ആവേശംപൂണ്ട സ്വയംസേവകര്‍ ഉറച്ച സഖാക്കളെയും പങ്കെടുപ്പിച്ചു. പില്ക്കാലത്ത് എംപിയായ പാട്യം ഗോപാലന് ഒന്നുരണ്ടു കൂട്ടുകാരോടൊപ്പം പരിപാടിക്കെത്തി. സൗഹൃദ സംഭാഷണങ്ങള്‍ ഗഹനമായ പ്രത്യയശാസ്ത്ര സംവാദമായി മണിക്കൂറുകള്‍ നീണ്ടു. പ്രത്യയശാസ്ത്ര ഭിന്നതയുടെ കാര്യത്തില്‍ തങ്ങളെക്കാള്‍ എത്രയോ മുന്നിലാണ് മാധവജിയുടെ ജ്ഞാനം എന്ന് ഗോപാലന് പറയുകയും, കൂടുതല്‍ തയാറെടുത്ത് ഇനിയും സംഭാഷണം നടത്തണമെന്നു പറയുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിലെ മുതിര്‍ന്ന ആരെയെങ്കിലും കാണണമെന്ന് അദ്ദേഹം താല്‍പ്പര്യപ്പെട്ടപ്പോള്‍ കെ. കുഞ്ഞിക്കണ്ണന് അതിനേര്‍പ്പാടു ചെയ്തു. മാര്ക്സിസ്റ്റ്കൂടു തന്നെയായ പാട്യത്ത് അദ്ദേഹം ഒരു രഹസ്യസങ്കേതത്തില്‍ ഞങ്ങളെ കണ്ടു പരസ്പരം ധാരാളം വിവരങ്ങള്‍ കൈമാറി. പാര്‍ട്ടിക്ക് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ ഒന്നും ചെയ്യാനാവാത്തത്തിന്റെ ദുഃഖം വ്യക്തമായിരുന്നു.
ഭാവാത്മകമായി ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍, നിഷേധാത്മകമായി, അനുയായികളെ അധമപ്രവൃത്തികളിലൂടെ സക്രിയരാക്കി നിര്‍ത്താനാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വിശേഷിച്ച് പാര്‍ട്ടി അണികള്‍ക്കും മാതൃകയായി ഭാവാത്മകമായ ഒരുമാതൃകയും നല്കാനില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. പാര്‍ട്ടി സെക്രട്ടറിയുടെ രണ്ടു പുത്രന്മാരും അത്യന്തം ഹീനമായ പ്രവൃത്തികളിലേര്‍പ്പെട്ട് കോടതികയറിക്കഴിയുന്നു. മുഖ്യമന്ത്രി മക്കള്‍ക്കുവേണ്ടി ചെയ്ത നീതിക്കും നിയമത്തിനും നിരക്കാത്ത പ്രവൃത്തികളുടെ വിവരങ്ങളങ്ങാടിപ്പാട്ടായി.
ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ്എസിനെപ്പറ്റിയും പ്രവര്‍ത്തനത്തെപ്പറ്റിയും പഠിക്കണമെന്ന് ആലോചിക്കുന്നുവെങ്കില്‍ അതിശയിക്കാനില്ല. ആലപ്പുഴയിലെ അനിഷേധ്യ നേതാവും മന്ത്രിയുമായിരുന്ന കെ.സുധാകരന് രാമായണം മടിയില്‍വച്ച് ശ്രീരാമ രാമ രാമ എന്നു പാരായണം ചെയ്യാന്‍ ബദ്ധപ്പെടുന്നത് വാട്സാപ്പില്‍ കാണാനിടയായി. ജഗത്ജീവന്‍ റാം റെയില്മന്ത്രിയായിരുന്നപ്പോള് ഉണ്ടായ തീവണ്ടിയപകടത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കവേ ”ഇനി ജഗത്തിനോടും ജീവനോടും വിട പറഞ്ഞ് രാം രാം ജപിക്കാം” എന്ന് അടല്‍ബിഹാരി വാജ്പേയി അഭിപ്രായപ്പെട്ടതിനെയാണ് അപ്പോള്‍ ഓര്‍മ്മ വന്നത്.
മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ ആര്‍എസ്എസിനെ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുകയാണെങ്കില്‍ അതു നല്ല കാര്യമാണ്. തലശ്ശേരിയിലെ രാമകൃഷ്ണനില്‍ തുടങ്ങിയ രക്തപ്രവാഹം ഒഴിവാക്കാം. ആലപ്പുഴയിലെ സുധാകരന് പാര്‍ട്ടി നിര്‍ദേശമില്ലാതെ തന്നെ അതാരംഭിച്ചെന്നു തോന്നുന്നു. ഒരു നൂറ്റാണ്ടുപോലും ആയുസ്സില്ലാത്ത വിപ്ലവ പ്രത്യയശാസ്ത്രം പരണത്തുകയറ്റാം. ചിരപുരാതനവും നിത്യനൂതനവുമായ ഭാരതത്തിന്റെ മാനവശാസ്ത്രം വികസിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: