ഭാരതത്തിലെ വിശ്വാസികള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന തീര്‍ത്ഥാടന യാത്രകളിലൊന്നാണ് അമര്‍നാഥ്. മഞ്ഞുമലകളിലൂടെ കൊടിയ തണുപ്പും ബുദ്ധിമുട്ടുകളും സഹിച്ച്, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്ര. ഒടുവില്‍ എത്തിച്ചേരുന്ന അമര്‍നാഥ്, വിശ്വാസികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ അടയാളമാണ്. പരമേശ്വരന്‍ തന്റെ അമരത്വം വെളിപ്പെടുത്തിയ ഇടമാണ് അമര്‍നാഥ്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ശിവന്‍ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം നടത്തുന്നതിന്റെ പിന്നിലെ ഐതീഹ്യം. ഈ വര്‍ഷം അമര്‍നാഥ് യാത്ര ജൂണ്‍ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11ന് സമാപിക്കുമെന്ന് അമര്‍നാഥ് ദേവാലയ ബോര്‍ഡ് സിഇഒ നിതീഷ്വര്‍ കുമാര്‍.
ഹിമാലയന്‍ മലനിരകളിലൂടെ എനിക്കും അമര്‍നാഥെന്ന പുണ്യഭൂമിയില്‍ മഞ്ഞില്‍ വിരിഞ്ഞ ശിവലിംഗം ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു യാത്ര മനസ്സിലുണ്ടായിരുന്നു. ചില സുഹൃത്തുക്കളുമായി അതു പങ്കുവച്ചിരുന്നു. അങ്ങനെയാണ് ആ യാത്ര സാധ്യമായത്. യാത്രയ്‌ക്ക് ഒരുക്കങ്ങള്‍ നിരവധി വേണം. ആരോഗ്യ പരിശോധന, ടിക്കറ്റ് ബുക്കിംഗ്, ശരീരത്തെ മലകയറ്റത്തിനു യോഗ്യമാക്കല്‍ തുടങ്ങി ഒരുപാട് തയ്യാറെടുപ്പുകള്‍.
തിരുവനന്തപുരത്തു നിന്ന് വിമാനമാര്‍ഗം ന്യൂദല്‍ഹിയിലേക്ക്. തുടര്‍ന്ന് 10.30 ന് ജമ്മു വഴി ശ്രീനഗറില്‍. അവിടുന്ന് ട്രാവല്‍ ഏജന്‍സി ഏര്‍പ്പാടു ചെയ്തിരുന്ന ഹോട്ടലായ കാശ്മീര്‍ മഹല്‍ റിസോര്‍ട്‌സില്‍ ഉച്ചയോടെ എത്തി. ദാല്‍ തടാകത്തിനു സമീപമാണ് ഹോട്ടല്‍. വെള്ളിയാഴ്ച ആയതുകൊണ്ടാകാം ഒരു ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു അന്ന് നഗരത്തില്‍. ചുരുക്കം കടകളേ തുറന്നിട്ടുള്ളൂ. വൈകുന്നേരം അടുത്തുള്ള നിഷാദ് ഗാര്‍ഡനിലേക്ക് പോയി.അതിനു മുന്നില്‍ ഷോപ്പിംഗ് നടത്തുന്ന ഏതാനും മലയാളികളെ കണ്ടു. അമര്‍നാഥില്‍ നിന്നും അന്ന് മടങ്ങിയവരാണ്. തലേ ദിവസങ്ങളില്‍ മഴ കാരണം യാത്ര ബുദ്ധിമുട്ടായതും, കുതിരപ്പുറത്തു പോകുമ്പോഴുള്ള പ്രയാസവും മകളിലെത്തുമ്പോഴുള്ള ശ്വാസതടസത്തിന്റെ സാധ്യതയും മറ്റും പറഞ്ഞ് അവര്‍ ഞങ്ങളെ അല്‍പ്പം ഭയപ്പെടുത്തി. മഴയും മണ്ണിടിച്ചിലും കാരണം അമര്‍നാഥിലേക്കുള്ള പരമ്പരാഗത പാത വഴിയുള്ള യാത്ര തത്കാലം തടഞ്ഞിരിക്കുകയാണ്. അതേ വര്‍ഷംതന്നെ ഏതാനും പേര്‍ ഈ ഭാഗത്ത് യാത്രാമധ്യേ മരണപ്പെട്ടതായി അറിഞ്ഞു. നാലു ദിവസത്തെ കാല്‍ നടയാത്രയുണ്ട് ഇതുവഴി.
ഞങ്ങളുടെ യാത്ര ബാല്‍ടാല്‍ വഴിയാണ്. ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ യാത്രയുണ്ട് ബാല്‍ടാലിലേക്ക്. 10.30 ഓടെ ട്രാവലറില്‍ യാത്ര തുടങ്ങി. വഴിക്ക് ആപ്പിള്‍ ബദാംതോട്ടങ്ങള്‍ കാണുന്നുണ്ട്. വിളവെടുപ്പിന് ഇനിയും രണ്ടു മാസം കഴിയണം. വഴിക്ക് ഭക്ഷണം കഴിഞ്ഞ് ബാല്‍ടാലിലെത്തുമ്പോള്‍ ഉച്ചയ്‌ക്ക് 2.30. ഇനി യാത്ര ഹെലികോപ്റ്ററിലാണ്. അമര്‍നാഥിന്റെ ബേസ് ക്യാമ്പായ പഞ്ചതരണിയിലേക്ക്. തിരക്കു കാരണം അന്ന് അവിടെ തങ്ങേണ്ടി വരുമെന്ന് കരുതിയെങ്കിലും വൈകിട്ട് ആറു മണിയോടെ ഹെലികോപ്ടര്‍ കിട്ടി. കര്‍ശനമായ പരിശോദനക്കു ശേഷം ചിന്നക്കിളിയുടെ പുറത്തു കേറി പഞ്ചതരണിയിലേക്ക്.
പഞ്ചതരണി – ശ്രീനഗറില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരത്തില്‍ മഞ്ഞുപുതച്ച മലനിരകളാല്‍ ചുറ്റപ്പെട്ട് 11,500 അടി ഉയരത്തിലുള്ള പ്രദേശമാണ്. അമര്‍നാഥിലൂടെ ഒഴുകിയെത്തുന്ന ‘അമരഗംഗ നദി’ മലമടക്കുകള്‍ക്കിടയിലൂടെ പരന്നൊഴുകുന്നു. പഞ്ചതരണിയിലെ ടെന്റുകളില്‍ ഒന്നില്‍ ഞങ്ങള്‍ മൂന്നു പേര്‍ കടന്നു കൂടി. എട്ടു മണിയൊക്കെ ആയപ്പോഴാണ് ഇരുട്ട് വന്ന് രാത്രിയുടെ ഫീല്‍ തോന്നിയത്. ശ്രീനഗറിലെ തണുപ്പല്ല ഇവിടെ. തണുപ്പിന്റെ കാഠിന്യം കൂടി വരികയാണ്. അവിടെ സൗജന്യമാണ് ഭക്ഷണം. ചോറ്, ദാല്‍ കറി, റോട്ടി, അച്ചാര്‍ ഒക്കെ കഴിച്ചെന്നു വരുത്തി തിരികെ ടെന്റിലെത്തി. മുട്ടുവരെയുള്ള വുളന്‍ സോക്‌സ് ശരീരത്തോട് ഒട്ടിക്കിടക്കുന്ന അരവരെയുള്ള ടൈറ്റ്‌സ്, ജീന്‍സ്, ബനിയന്‍, സ്വറ്റര്‍, വിന്റര്‍കോട്ട്. ഇതിനെല്ലാം പുറമേ പുതപ്പും കമ്പിളിയും ഉണ്ടായിട്ടും ഞാനിവിടെയൊക്കെത്തന്നെ ഉണ്ട് എന്ന മട്ടിന്‍ തണുപ്പ് അരിച്ചു കയറുന്നുണ്ട്.
പിറ്റെന്ന് രാവിലെ 3 മണിക്ക് തന്നെ ഉണര്‍ന്ന് 4 മണിയോടെ മുകളിലേക്കുള്ള യാത്രയ്‌ക്ക് തയാറായി. തലേ രാത്രി ജനറേറ്റര്‍ വഴി കറണ്ട് കിട്ടിയിരുന്നു. വഴിക്ക് ബള്‍ബുണ്ടായിരുന്നു. ഇപ്പോള്‍ ആ പ്രകാശമൊന്നുമില്ല. ടോര്‍ച്ചിന്റെയും മൊബൈലിന്റെയും പ്രകാശത്തില്‍ യാത്ര തുടങ്ങുന്ന ഗ്രൗണ്ടിലെത്തി. കുതിരക്കാരുടെയും പല്ലക്ക് ചുമട്ടുകാരുടെയും ബഹളമാണവിടെ. കുതിരപ്പുറത്തുള്ള യാത്രയുടെ ബുദ്ധിമുട്ട് നേരത്തെ ചിലര്‍ പറഞ്ഞതിനാല്‍ യാത്ര പല്ലക്കില്‍ മതിയെന്നു തീരുമാനിച്ചിരുന്നു. അങ്ങനെ നാലു പേര്‍ ചുമക്കുന്ന ട്രോളികളില്‍ ഒന്നില്‍ കയറിക്കൂടി. ആറു കിലോമീറ്റര്‍ ഉയരത്തിലേക്കാണ് പല്ലക്കിലെ ഈ യാത്ര. കഷ്ടിച്ച് രണ്ടുപേര്‍ക്ക് നടക്കാവുന്ന വീതിയാണ് പാതയ്‌ക്കുള്ളത്. ഇരുട്ടാണ് ചുറ്റും. അമരഗംഗയുടെ കുഞ്ഞോളങ്ങളുടെ ശബദവും കേട്ട് അവ്യക്ത രൂപങ്ങളോടൊപ്പം മുന്നോട്ട്. ഒരു കിലോമീറ്ററോളം പോയിക്കാണും, നദിയുടെ ശബ്ദമൊന്നും കേള്‍ക്കാനില്ല. പ്രകാശം പരന്നു തുടങ്ങിയിട്ടുണ്ട്. ഇടതു വശത്തേക്കു നോക്കി. മലകള്‍ക്കിടയിലുള്ള അഗാധഗര്‍ത്തം. വലതു വശത്ത് പാറക്കെട്ടുകള്‍ നിറഞ്ഞ മലയുടെ ഉയരവും. (ഒരു തവണ മാത്രമെ ഇടത്തേക്കു നോക്കിയുള്ളൂ). മരങ്ങളോ ചെടികളോ എന്തിന് പുല്‍ക്കൊടിപോലും ഇല്ലാത്ത മലനിരകളാണ്.ഭീതി തോന്നിക്കുന്ന പരുക്കന്‍ സ്വഭാവമാണ് ഇവയ്‌ക്ക്. ആള്‍താമസം തീരെ ഉണ്ടെന്നു തോന്നുന്നില്ല.
ഏതാണ്ട് 4 കിലോ മിറ്റര്‍ ആയപ്പോള്‍ പഹല്‍ഗാമില്‍ നിന്നുള്ള യാത്രകര്‍ ചേരുന്ന ‘സംഗം’ ഭാഗത്ത് ട്രോളി താഴെയിറക്കി. ഈ മലമുകളിലും വഴിയോര കച്ചവടക്കാരുണ്ട്. ഇടക്കിടെ ടെന്റടിച്ച് ചായ, കുപ്പിവെള്ളം തുടങ്ങിയവ വില്‍ക്കുന്നു. ചായ 40 രൂപയാണ്. ചായ കുടികഴിഞ്ഞ് ട്രോളി ചുമലേറ്റി നാല്‍വര്‍ സംഘം വീണ്ടും മുന്നോട്ട്. കയറ്റം കയറിയും ഇറക്കം ഇറങ്ങിയും. ഇനിയുമുണ്ടു രണ്ടു കിലോ മീറ്റര്‍. മലഞ്ചെരിവുകളില്‍ ചിലയിടത്ത് മഞ്ഞ് കട്ടി പിടിച്ച് കാണാം. വഴിയില്‍ ചില ഭാഗത്ത് മഞ്ഞുരുകി ഊറിയിറങ്ങി കുതിര ചവിട്ടിക്കുഴച്ച് കുഴമ്പു പരുവത്തിലാണ്. കുതിരയും പല്ലക്കും കാല്‍നടയാത്രക്കാരുമൊക്കെ മുന്‍പിലും പുറകിലുമായുണ്ട്. ഇടക്കിടെ മുഴങ്ങുന്ന ‘അമര്‍നാഥ് കീ ജയ്, കൈലാസപതി കീ ജയ്, കാളി മാതാ കീ ജയ്…’ വിളികള്‍ക്കൊപ്പം ഗുഹാ കവാടം കാണാവുന്ന ദൂരത്തില്‍ എത്തി. മഞ്ഞുറഞ്ഞ പാളികള്‍ക്കു മുകളിലൂടെ ഇനിയും കുത്തനെയുള്ള പടികള്‍ കയറണം. ഒരു വലിയകോട്ട പോലെയുള്ള പര്‍വതനിരകളില്‍ വലിയൊരു ഗുഹാമുഖം.
ഷൂസും സോക്‌സും ഒക്കെ അഴിച്ച് പല്ലക്കില്‍ ഏല്‍പിച്ച് തണുത്തുറഞ്ഞ ഐസ് കട്ടകള്‍ മൂടിയ കല്‍പ്പടവുകളിലൂടെ മുകളിലേക്ക്. ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും 13,000 അടി മുകളിലാണ്. പ്രഭാത പൂജയുടെ സമയമായിരുന്നു. ദര്‍ശനവും പൂജയും കഴിഞ്ഞ് പ്രസാദവുമായി തിരികെ യാത്ര ആരംഭിക്കുമ്പോള്‍ സമയം രാവിലെ 7. ആളുകള്‍ നിരനിരയായി വരുന്നുണ്ട്. യാത്ര ചെയ്ത പാതയുടെ ഭീകരത തിരിച്ചറിയുന്നത് മടക്കയാത്രയിലാണ്. വീതി കുറഞ്ഞ പാതയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്രികര്‍. ഒന്നു തെന്നിയാല്‍ അഗാത ഗര്‍ദ്ധത്തിലേക്ക്. പോയപ്പോഴുള്ളതു പോലെ ഇടയ്‌ക്കൊന്നു വിശ്രമിച്ച് 8 മണി കഴിഞ്ഞപ്പോള്‍ തിരികെ പഞ്ചതരണിയിലെത്തി. തുടര്‍ന്ന് വന്നതുപോലെ മടക്കയാത്ര. പഞ്ചതരണി-ബാല്‍ ടാല്‍-സോനാമാര്‍ഗ് വഴി ശ്രീനഗര്‍. വഴിക്ക് ഒരു ദേവീക്ഷേത്രത്തിലും ആയിരം അടി മുകളിലുള്ള ശങ്കരാചാര്യ ക്ഷേത്രത്തിലും ദര്‍ശനം നടത്തി (ശിവക്ഷേത്രമാണ്). വാഹനം കുറെ ദൂരം പോകും. പിന്നെ 300 ഓളം പടി കയറി വേണം ശങ്കരാചാര്യ ക്ഷേത്രത്തിലെത്താന്‍. ശ്രീനഗറിന്റെ നല്ലൊരു ആകാശക്കാഴ്ച ഇവിടെ കിട്ടും. മുഗള്‍ ഗാര്‍ഡന്‍സ് എന്നറിയപ്പെടുന്ന ചഷ് മാഷാഹി, നിഷാദ് ബാഗ്, ഷാലിമാര്‍ പൂന്തോട്ടങ്ങളും കണ്ടു. ഉച്ചക്ക് ശേഷം 4 മണിയോടെ ദാല്‍ തടാകത്തിലെത്തി. രണ്ടു മണിക്കൂറോളം തടാകത്തില്‍. ശേഷം പോയതുപോലെ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: