തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിനും രൂക്ഷമായ വിമര്‍ശനം. സിപിഐ നേതാവ് ആനി രാജയെ സിപിഎം നേതാവ് എം.എം. മണി വിമര്‍ശിച്ചപ്പോള്‍ തിരുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്നും, ഇ.പി. ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു.
42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. സിപിഐയുടെ വകുപ്പുകള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായും വിമര്‍ശനം ഉയര്‍ന്നു. 42 വാഹനങ്ങളുടെ അകമ്പടി മുഖ്യമന്ത്രിക്ക് ആര്‍ഭാടമാണ്. എന്തിനാണ് ഇത്രയധികം സുരക്ഷ. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്നത്, എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ത്തി.
ഇ.പി. ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും ആവശ്യവും ഉയര്‍ന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും സിപിഐ നിലപാട് എടുക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാണിച്ചാണ് കാനം രാജേന്ദ്രനെതിരായ വിമര്‍ശനം.ആനി രാജയ്ക്കെതിരേ എം.എം. മണിയുടെ പരാമര്‍ശം ഉണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായില്ല. ഐഎസ്എഫുകാര്‍ തല്ലു കൊള്ളുമ്പോഴെങ്കിലും കാനം വായ തുറക്കണമെന്നും ഒരു പ്രതിനിധി പരിഹസിച്ചു.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും സിപിഐ നിലപാടെടുക്കുന്നില്ല. സില്‍വര്‍ലൈന്‍ വലിയ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന പദ്ധതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിനു മിണ്ടാട്ടമില്ല. കെഎസ്ഇബിയെയും കെഎസ്ആര്‍ടിസിയെയും സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
സിപിഐ മന്ത്രിമാര്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉണ്ടായി. കൃഷി വകുപ്പിലടക്കം മന്ത്രിമാരുടെ പ്രവര്‍ത്തനം ദയനീയമാണ്. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയാണ്. ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്ലറ്റുകള് കൂട്ടത്തോടെ പൂട്ടിപ്പോകുന്ന സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: