തൃശൂര്‍:കേരളത്തിലെ വ്യവസായവകുപ്പ് 2016ല്‍ 19.5 കോടി രൂപയില്‍ തൃശൂരിലെ പുഴയ്ക്കല്‍ പാടത്ത് പണിതീര്‍ത്ത ഒരു ലക്ഷം ചതുരശ്ര അടിയുള്ള വ്യവസായ സമുച്ചയത്തില്‍ വരേണ്ടിയിരുന്നത് 69 സംരംഭകര്‍. പക്ഷെ ഒരാള്‍ പോലും ഇതുവരെയും വന്നില്ല. എന്ന് മാത്രമല്ല, ഇതിലെ 27 പേര് തമിഴ്നാട്ടില്‍ വ്യവസായം ആരംഭിയ്ക്കാന്‍ പോവുകയും ചെയ്തു.
‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്ന വ്യവസായ വകുപ്പിന്റെ പ്രചാരണവാക്യം ഇവിടെ എത്തുമ്പോള്‍ നിരര്‍ത്ഥകമാവുന്നു. 2016ല്‍ പുഴയ്ക്കല്‍ പാടത്തെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇവിടെ വ്യവസായസംരംഭം നടത്തേണ്ട 69 സംരംഭകരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. പക്ഷെ ആറ് വര്‍ഷമായിട്ടും ഒരാള്‍ക്ക് പോലും സ്ഥലം നല്‍കിയില്ല.
ഇതോടെ മടുത്ത ചിലര്‍ തമിഴ്നാട് സംരംഭകരെ ആകര്‍ഷ വ്യവസ്ഥകള്‍ നീട്ടി ക്ഷണിക്കുന്നത് കണ്ടു. തമിഴ്നാടിലെ മധുക്കരയില്‍ ആരംഭിച്ച പുതിയ വ്യവസായ പാര്‍ക്കിലേക്ക് പുഴയ്ക്കലില്‍ വരേണ്ട 18 പേര് പോയി. തമിഴ്നാട്ടിലെ പാര്‍ക്കില്‍ പുഴയ്ക്കലിലേതിനേക്കാള് 50 ശതമാനം കുറവാണ് വാടക. 24 മണിയ്ക്കൂറും വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിയ്ക്കും. മറ്റൊരു ഒമ്പതുപേര്‍ കര്‍ണ്ണാടകയിലേക്ക് പോയി.
പുഴയ്ക്കലിലെ വ്യവസായ സമുച്ചയത്തിലെ ഒന്നാംഘട്ടമാണ് 19.5 കോടി ചെലവഴിച്ച് നിര്‍മ്മിച്ചത്. ഇതില്‍ ആദ്യം വെള്ളവും വൈദ്യുതിയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിച്ഛേദിച്ചു. ഒന്നാംഘട്ടത്തില്‍ എത്തേണ്ട 69 പേരില്‍ ഒരാള്‍ക്കും സ്ഥലം നല്‍കിയില്ലെന്നു മാത്രമല്ല, വീണ്ടും 23 കോടി ചെലവിട്ട് രണ്ടാം ഘട്ട സമുച്ചയും പണിയുകയും ചെയ്തു.
എന്നാല്‍ ഈ കെട്ടിടത്തിലേക്ക് ഉദ്ഘാടനത്തിനെത്തിയ വ്യവസായമന്ത്രിയുടെ കാര്‍ പോലും സുഗമമായി വന്നുപോകാനുള്ള സൗകര്യം ഇവിടെയില്ലായിരുന്നു. 11.41 ഓക്കറിലാണ് ഒന്നും രണ്ടും ഘട്ട സമുച്ചയങ്ങള്‍ പണിതീര്‍ത്തത്. ആകെ അഞ്ച് സമുച്ചയങ്ങളാണ് ഉദ്ദേശിക്കുന്നത്. 500 കോടിയുടെ നിക്ഷേപവും 5000 പേര്‍ക്ക് തൊഴിലും നല്‍കുമെന്നാണ് വ്യവസായവകുപ്പ് കൊട്ടിഘോഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: