തിരുവനന്തപുരം : മന്ത്രിയായിരിക്കേ കെ.ടി. ജലീല്‍ മാധ്യമം പത്രത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്ന് സിപിഎം. ജലീല്‍ പാര്‍ട്ടിയുടെ അറിവോടെയല്ല മാധ്യമത്തിനെതിരെ പ്രവര്‍ത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മും ജലീലിനെ തള്ളി രംഗത്ത് എത്തിയത്.
മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ല. യുഎഇയ്ക്ക് കത്ത് എഴുതിയ നടപടി തെറ്റായിരുന്നുവെന്നും സിപിഎം ജലീലിനെതിരെ രംഗത്ത് എത്തുകയായിരുന്നു. മാധ്യമത്തിനെതിരെയുള്ള ജലീലിന്റെ നടപടികള്‍ അറബ് ഭരണാധികാരികളേയും രാഷ്ട്രങ്ങളേയും സുഖിപ്പിക്കുന്നതിനായിരുന്നു. ഗള്‍ഫിലെ മലയാളികളുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ പത്രസ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കഴിഞ്ഞ ദിവസം സ്വപ്നയുടെ വെളിപ്പെടുത്തല്‍.
അതേസമയം മാധ്യമം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് കെ.ടി. ജലീല്‍ പറയുന്നത്. ഗള്‍ഫില്‍ നിരവധി പേര് ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാന്‍ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പിഎക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും കോണ്‍സുല്‍ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല.
ജീവിതത്തില്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവല്‍ ഏജന്‍സി നടത്തിയതൊഴിച്ചാല്‍ മറ്റൊരു ബിസിനസ്സിലും ഇന്നുവരെ താന്‍ പങ്കാളിയായിട്ടില്ല. ഗള്‍ഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ കയ്യില്‍ ഇല്ലെന്നുമായിരുന്നു ജലീലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: