എസ്. ജയസൂര്യന്‍
(അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കര്‍ഷക മോര്‍ച്ച)
കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനവുമായി ഇന്ത്യന്‍ കാര്‍ഷിക രംഗം ഇരട്ടി മധുരം നുണയുമ്പോള്‍ കേരളത്തിനു മാത്രം മധുരിക്കാതെ പോകുന്നത് വല്ലാത്ത വിരോധാഭാസം തന്നെ. അതിന് കേന്ദ്രത്തിലേയ്ക്കു നോക്കി പഴിച്ചിട്ടു കാര്യമില്ല. കുഴപ്പം കേരളത്തില്‍ത്തന്നെയാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളും നയങ്ങളും കര്‍ഷക ദ്രോഹപരമാണെന്ന് പ്രഖ്യാപിക്കുന്ന നാടാണല്ലോ കേരളം. ജനതാത്പര്യത്തേക്കാള്‍ പരിഗണന തങ്ങളുടെ മോദി വിരോധത്തിനു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഫലമാണ് ഇവിടത്തെ കര്‍ഷകര്‍ അനുഭവിക്കുന്നത്.
കേരളവും പശ്ചിമബംഗാളും കേന്ദ്രസര്‍ക്കാരിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ കേന്ദ്രപദ്ധതികള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കാര്‍ഷിക രംഗത്ത് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന ഫണ്ട് മറ്റ് മാര്‍ഗ്ഗങ്ങളിലേക്ക് വഴി തിരിച്ചു വിടാനോ ലാപ്സാക്കി കളയാനോ ആണ് ഇവര്‍ മത്സരിക്കുന്നത്. ഇത് കേവലം ആരോപണമല്ല. കേരളത്തില്‍ നടപ്പാക്കാതെ പോയ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ സത്യം മനസ്സിലാകും.
1. 400 എഫ്പിഒ കള്‍ ഉണ്ടാക്കാന്‍ കേന്ദ്രം നല്കിയ 3650 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല.
2.കേരളത്തിന് അനുവദിച്ച വിഹിതമായ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിന്റെ 2568 കോടി രൂപയില്‍ കേവലം 48 കോടി മാത്രമാണ് വിനിയോഗിച്ചത്.
3. ഫസല്‍ ബീമ യോജന എന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി കേരള സര്‍ക്കാര്‍ ഫലപ്രദമായി ഒരിടത്തും നടപ്പാക്കിയിട്ടില്ല.
4. സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കൃഷിക്ക് ജലസേചനം നടത്തുന്ന വലിയ പദ്ധതിക്ക് 34000 കോടി രൂപ അനുവദിച്ചു വകയിരുത്തിയിട്ടും കേരളം അത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.
5. കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളായ കപ്പ, ചക്ക, മാങ്ങ, ഏത്തക്ക, നെല്ല്, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം, മത്സ്യം എന്നിവയില്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള എഫ്പിഒകള്‍ അനുവദിച്ചിട്ടുണ്ട്. അവയൊന്നും കേരളത്തില്‍ നാളിതുവരെ നടപ്പാക്കിയിട്ടില്ല.
6. കാര്‍ഷിക വിഭവങ്ങള്‍ക്ക് വലിയ വില ലഭിക്കാന്‍ ആവശ്യമായ ഇ- മണ്ഡി സമ്പ്രദായം കേരളത്തില്‍ തുടങ്ങിയിട്ടില്ല.
7. മൃഗസംരക്ഷണം, മൃഗ ചികിത്സ, തേനീച്ച വളര്‍ത്തല്‍, മത്സ്യബന്ധനം, കോഴി, താറാവ്, നാടന്‍ പശു, എന്നീ മേഖലകളിലേക്ക് അനുവദിച്ച അരലക്ഷം കോടി രൂപയില്പരം സഹായങ്ങള്‍ കേരളം ഏറ്റുവാങ്ങാന്‍ പോലും തയ്യാറായിട്ടില്ല.
8. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിലെ മുഴുവന്‍ ശുപാര്‍ശകളും കേന്ദ്രം അംഗീകരിക്കുകയും അവ നടപ്പാക്കുവാന്‍ പണം അനുവദിക്കുകയും ചെയ്തിട്ടും അവ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല.
9. മറ്റ് സംസ്ഥാനങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാര് പാടത്തും കൃഷിയിടങ്ങളിലും ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ കൃഷി ഉദ്യോഗസ്ഥര്‍ ഓഫീസുകളില്‍ തന്നെ തുടരുകയാണ്.
10. കാര്‍ഷിക രംഗത്തെ ഭാരിച്ച കൂലി ചെലവ് താങ്ങാന്‍ കേരള കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. എന്നിട്ട് പോലും കേന്ദ്രം ഏര്‍പ്പെടുത്തിയ യന്ത്രവല്‍കൃത കൃഷി സമ്പ്രദായത്തിന് കേരള സര്‍ക്കാര്‍ എതിരു നില്‍ക്കുകയാണ്.
മേല്‍പ്പറഞ്ഞ 10 തടസ്സങ്ങള്‍ മാറ്റിയാല്‍ കേരളത്തിലെ കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയല്ല, പത്തിരട്ടി വരെ ആക്കാന്‍ സാധിക്കും.
എംഎസ്പി നിരക്കില്‍ വാങ്ങല്‍
താഴെപ്പറയുന്ന വസ്തുതകള്‍ ഇവിടത്തെ സര്‍ക്കാരും വിമര്‍ശകരും കണ്ണു തുറന്നു കാണണം. കോണ്‍ഗ്രസ് കാലത്ത് ഭക്ഷ്യധാന്യ ഉല്പാദനം പ്രതിവര്‍ഷം 246 മില്യണ്‍ ടണ്‍ മാത്രമായിരുന്നു. എന്‍ഡിഎയുടെ കാലത്ത് അത് 368 മില്യന്‍ ടണ്‍ ആയി.
ചെറു ധാന്യങ്ങള്‍ കോണ്‍ഗ്രസ് കാലത്ത് 17.5 മില്യന്‍ ടണ്‍ ആയിരുന്നു. എന്‍ഡിഎ കാലത്ത് അത് 25.72 മില്യണ്‍ ടണ്‍ ആയി. കോണ്‍ഗ്രസ് കാലത്ത് 3168 ലക്ഷം ടണ്‍ ധാന്യങ്ങള്‍ ആണ് എംഎസ്പി പദ്ധതി പ്രകാരം സര്‍ക്കാര്‍ വാങ്ങിയത്. എന്ഡിഎക്കാലത്ത് അത് 8051 ലക്ഷം ടണ്ണായി. ഈയൊരു കണക്കു മാത്രം മതി കര്‍ഷകന്റെ വരുമാനം ഇരട്ടിയിലധികം ആക്കി എന്ന് തെളിയിക്കാന്‍.
വിള ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ 24,000 കോടി രൂപ പ്രീമിയം ആയി വാങ്ങിയപ്പോള്‍ 1,20,0000 കോടി രൂപയാണ് ക്ലെയിമായി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കിയത്. കോണ്‍ഗ്രസ് കാലത്ത് 10,47,000 കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം നടത്തിയപ്പോള്‍ എന്‍ഡിഎ കാലത്ത് 33,51,000 യന്ത്രോപകരണങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസ് കാലത്ത് 41000 കോടി രൂപ കര്‍ഷക സബ്സിഡി നല്കിയ സ്ഥാനത്ത് എന്‍ഡിഎ ഗവണ്മെന്റ് 65,000 കോടിയാണ് പ്രതിവര്‍ഷം സബ്സിഡി നല്‍കുന്നത്.
ആരോഗ്യമുള്ള കര്‍ഷകനും ആരോഗ്യമുള്ള ജനതയും
കര്‍ഷകന്റെ ആരോഗ്യമാണ് ഭാരതത്തിന്റെ ആരോഗ്യം എന്നത് മോദിജിയുടെ കാഴ്ചപ്പാടാണ്. കീടനാശിനികളും കളനാശിനികളും രാസവളങ്ങളും പ്രയോഗിക്കുമ്പോള്‍ കര്ഷകന് മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നു. അത് ഒഴിവാക്കാനായി ആളില്ലാത്ത ചെറുവിമാനങ്ങളിലൂടെ വളം, കീടനാശിനി, കളനാശിനി എന്നിവ തളിക്കുന്ന പുതിയ സമ്പ്രദായം മോദി ഗവണ്മെന്റ് ഏര്‍പ്പെടുത്തി. കേരളത്തില്‍ ഈ കാഴ്ച കാണാന്‍ കഴിയാത്തത് കേരള ഗവണ്മെന്റ് പുറംതിരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ് കാലത്ത് 1115 ഇനം വിത്തുകള്‍ മാത്രം ലഭ്യമായിരുന്നു. എന്‍ഡിഎയുടെ അഞ്ചുവര്‍ഷത്തിനിടെ 1956 പുതിയ വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് നല്കി. 68 വിത്തിനങ്ങള്‍ ഓര്‍ഗാനിക് മേഖലയിലാണ് നല്‍കിയത്.
കുസും യോജന
34000 കോടി രൂപ ചെലവഴിക്കുന്ന വിപ്ലവകരമായ മാറ്റമാണിത്. വെള്ളം പമ്പ് ചെയ്യാന്‍ ആയിരം രൂപയുടെ ഡീസലോ മണ്ണെണ്ണയോ വൈദ്യുതിയോ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ന് കേവലം 100 രൂപ മാത്രം മുടക്കി സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനമാണിത്. പാടശേഖരങ്ങളില്‍ സോളാര്‍പാനലുകള്‍ പിടിപ്പിക്കുന്ന കാലഘട്ടം. കേരളത്തിന് പുറത്തുള്ള പാടശേഖരങ്ങളില്‍ നമുക്ക് പതിനായിരക്കണക്കിന് സോളാര്‍പാനലുകള്‍ കാണാന്‍ കഴിയുമെങ്കിലും കേരളത്തിലെ കൃഷിയിടങ്ങളില്‍ ഇത് നമ്മുടെ ഗവണ്മെന്റ് ഇന്നുവരെ നടപ്പാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: