സ്വര്‍ണക്കടത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, കെ.ടി.ജലീലിന്റെ പ്രോട്ടോകോള്‍ ലംഘനം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍, ഇഡിക്കുമുന്നില്‍ സോണിയ കോണ്‍ഗ്രസിന്റെ പ്രതിഷേധ കോപ്രായങ്ങള്‍, ഇ.പി. ജയരാജനെതിരെ കേസ്, നീറ്റ് അടിവസ്ത്രം അഴിച്ചുമാറ്റിയ സംഭവം, സര്‍വോപരി ദ്രൗപദീ മുര്‍മു രാഷ്ട്രപതിയായ വിശേഷങ്ങള്‍ എങ്ങിനെ വിഷയങ്ങള്‍ നിരവധി. ഇതിനെല്ലാം ഇടയിലാണ് ഇന്നത്തെ മറുപുറം തെരഞ്ഞെടുത്തത്.
നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഒരു മന്ത്രി അധികാരത്തില്‍ തുടരുന്നതിലെ സവിശേഷ സാഹചര്യമാണിത്. 16 വര്‍ഷമായി വിചാരണ നേരിടാന്‍ മടിക്കുന്ന, ഭയക്കുന്ന ഒരുകേസ്. അതും മയക്കുമരുന്നുകേസില്‍ ഒരു ആസ്ത്രേലിയക്കാരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റിമറിച്ച സംഭവം. അതും ഒരു അഭിഭാഷകനെന്നറിയുമ്പോള്‍ സംഭവത്തിന്റെ ഗൗരവമേറുകയാണ്.
മൂന്നുപതിറ്റാണ്ടുമുന്‍പ് മലയാളത്തില്‍ നമ്മുടെ പ്രിയപ്പെട്ട നടന്മാര് അഭിനയിച്ച ഒരു സിനിമയുണ്ടായിരുന്നു. ‘ആനവാല് മോതിരം’. ശ്രീനിവാസന്, സുരേഷ് ഗോപി എന്നിവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ചിത്രം. 1991 ല്‍ പുറത്തിറങ്ങിയ ആനവാല് മോതിരം. ജി.എസ്. വിജയന് ആണ് സംവിധാനം ചെയ്തത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു ഈ ചിത്രം നിര്‍മ്മിച്ചു.
അതില്‍ ആല്‍ബെര്‍ട്ടോ ഫെലിനി എന്ന വിദേശിയില്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ എന്ന മയക്കുമരുന്ന് കണ്ടെത്തുന്ന സംഭവം കാണിക്കുന്നുണ്ട്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് ബാന്റില്‍ ആണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കോടതിയില്‍ എത്തുമ്പോള്‍ തൊണ്ടി മുതല്‍ ആല്‍ബര്‍ട്ടോ ധരിച്ചിരുന്നതാണോ എന്ന് പ്രതിഭാഗം വക്കീല്‍ ചോദിക്കുമ്പോള്‍ ഡ്രോയര്‍ ധരിച്ചിരുന്നു എന്ന് ശ്രീനിവാസന് അവതരിപ്പിക്കുന്ന സിഐ കഥാപാത്രം സമ്മതിക്കുന്നു. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകന് തൊണ്ടിമുതല്‍ കോടതിയില്‍ തുറന്നുകാണിക്കുന്നു. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത മഞ്ഞ ഇലാസ്റ്റിക് ഉള്ള നീല ഡ്രോയര്‍ ഒരു അഞ്ചുവയസുകാരന്റേത്. പോലീസ് കോടതിയില്‍ അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിലാകുന്നു. ഇത് ആ ഡ്രോയര്‍ അല്ലെന്ന് പോലീസുകാര്‍ പറയുന്നുണ്ടെങ്കിലും നിങ്ങള്‍ പിടിച്ചെടുത്ത തൊണ്ടി മുതലാണെന്ന് പ്രതിഭാഗം വാദിക്കുന്നു. തുടര്‍ന്ന് ഈ ഡ്രോയര്‍ പ്രതിയായ ആല്‍ബര്‍ട്ടോയെ ധരിപ്പിക്കാനാകുമോ എന്നും പ്രതിഭാഗം ചോദിക്കുന്നു. പോലീസ് നിസഹായരാകുന്നതോടെ കേസ് തള്ളിപ്പോകുന്നു. പ്രതിയായ ആല്‍ബര്‍ട്ടോയെ കോടതി വെറുതെ വിടുന്നു. പോലീസിന് രൂക്ഷ വിമ്രര്‍ശനവും.
1990ല്‍ പുറത്തിറങ്ങിയ ഷോര്‍ട്ട് ടൈം എന്ന അമേരിക്കന്‍ ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രമെന്ന് പറയപ്പെടുന്നു. ടി.ദാമോദരന്റേതാണ് തിരക്കഥ. സിനിമയിലെ രംഗങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നില്ലെന്ന വാദം ശുദ്ധ അസംബന്ധമെന്ന് തെളിയിക്കുന്നതായി ആന്റണി രാജുവിന്റേതായി കോടതിയിലുള്ള കേസ്.
മയക്കുമരുന്നു കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതര കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ആന്റണി രാജുവിനെതിരായ കുറ്റപത്രവും അനുബന്ധരേഖകളും ഇന്ന് പുറത്തുവന്നിരിക്കുന്നു.
അടിവസ്ത്രത്തില്‍ ഹാഷിഷുമായി സാല്‍വാദോര്‍ സാര്‍ലി എന്ന ഓസ്ട്രേലിയന്‍ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. ഈ വിദേശിയെ കേസില്‍ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചത്. ആന്റണി രാജുവിന്റെ സീനിയറായ അഭിഭാഷക സെലിന് വില്‍ഫ്രഡാണ് വിദേശിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മയക്കുമരുന്ന് കേസില്‍ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാര്‍ലിയെ വെറുതെവിട്ടു.
പ്രധാന തൊണ്ടിമുതലായ, വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലില്‍ കൃത്രിമമുണ്ടായെന്ന് സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് ജയമോഹന് ഹൈക്കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നത്. 1994ലാണ് വഞ്ചിയൂര്‍ പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലര്‍ക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്നാണ് തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രണ്ടുപേര്‍ക്കുമെതിരെ 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2014ല്‍ കേസ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റി. കേസ് പലതവണ പരിഗണിച്ചു. ആന്റണി രാജുവിന് നോട്ടീസ് അയച്ചു. ഇതേവരെ പ്രതികള്‍ക്ക് കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തില്ല.
ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസില്‍ ജാമ്യമെടുത്ത ആന്റണി രാജു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയുമായി. ഇതോടെ മയക്കുമരുന്ന് കേസിലെ പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരണ വേഗത്തിലാക്കാന്‍ സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസില്‍ പ്രതിയായതിനാല്‍ 2006ല്‍ ആന്റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നല്കിയ ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും തന്റെ അഭിഭാഷകന് കൃത്യമായി കോടതിയില്‍ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു വെല്ലുവിളിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുന്‍ ക്ലര്‍ക്ക് ജോസ്. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലര്‍ക്കായിരുന്ന ജോസ്. കേസുള്ളതിനാല്‍ സര്‍വ്വീസ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും ജോസ് പറയുന്നു.
‘കേസില്‍ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ ആന്റണി രാജു വെല്ലുവിളിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്റണി രാജു പറഞ്ഞത്. ആന്റണി രാജുവിന്റെ ഭീഷണി പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നുവെന്നും ജയമോഹന് വ്യക്തമാക്കി.
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഹൈക്കോടതി രജിസ്ട്രാര്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ ആന്റണി രാജു കൃത്രിമത്വം കാണിച്ചതെന്ന വാര്‍ത്ത തന്നെ ലജ്ജാകരമാണ്. എന്നിട്ടും ഒരു മടിയുമില്ലാതെ മന്ത്രി കസേരയിലിരിക്കുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്കിയതും ആന്റണി രാജുവാണ്. അതേസമയം, തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നുമാണ് ആന്റണി രാജു പ്രതികരിക്കുന്നത്. കേസിന്റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഏതായാലും ആനവണ്ടിക്കാരന് ചേര്‍ന്ന കേസുതന്നെ. ആനവാതില്‍ മോതിരത്തിന്റെ തനി ആവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: