തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ സത്യവാങ്മൂലത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ഗുരുതരസ്വഭാവമാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജലീല്‍ അന്നത്തെ യുഎഇ കോണ്‍സല്‍ ജനറലുമായി പ്രോട്ടോകോള്‍ ലംഘിച്ച് കൂടിക്കാഴ്ച നടത്തി. ഇതേ കോണ്‍സല്‍ ജനറലുമായി ചേര്‍ന്ന് ഭാരതത്തിനകത്തും പുറത്തും ബിസിനസ് നടത്താന്‍ പദ്ധതിയിട്ടു. യുഎഇ ഭരണാധികാരികളുടെ അനുഭാവം നേടിയെടുക്കാന്‍ അവിടെ പ്രചാരമുള്ള ഒരു മലയാള പത്രം നിരോധിക്കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. തന്റെ അറിവോടെയാണ് ജലീല്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടാകുമെന്ന് ജലീല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇങ്ങനെ പ്രത്യക്ഷത്തില്‍തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നടത്തിയിരിക്കുന്നത്. ഇതൊക്കെ നിഷേധിച്ചുകൊണ്ട് ജലീല്‍ നടത്തിയ വാര്‍ത്താ സമ്മേളനം ആരോപണങ്ങള്‍ ഒന്നുകൂടി ശരിവച്ചിരിക്കുന്നതുപോലെയായി. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വിഫലശ്രമമാണ് ജലീല്‍ നടത്തിയത്. തനിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുമ്പോഴൊക്കെ ജലീല്‍ പതിവായി പ്രയോഗിക്കുന്ന തന്ത്രമാണിത്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നും, മുഖ്യമന്ത്രിയെന്ന മറ ഉപയോഗിച്ച് യുഎഇയിലേക്ക് പിണറായി ഡോളര്‍ കടത്തിയെന്നും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഷാര്‍ജ ഭരണാധികാരിയുമായി രഹസ്യചര്‍ച്ച നടത്തിയെന്നും സ്വപ്ന സുരേഷ് മജിസ്ട്രേറ്റു കോടതിയില്‍ ശിക്ഷാനിയമത്തിലെ 164 വകുപ്പ് പ്രകാരം രഹസ്യമൊഴി നല്‍കിയിരുന്നു. വളരെ കോളിളക്കമുണ്ടാക്കിയ ഈ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തൃപ്തികരമായ മറുപടി നല്കാന് മുഖ്യമന്ത്രിക്കു കഴിഞ്ഞിരുന്നില്ല. മകള്‍ വീണക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി മറുപടി പറയാതെ വൈകാരികമായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വീണയുടെ ഐടി കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സിന്റെ വെബ്സൈറ്റില്‍ ജെയ്ക്ക് ബാലചന്ദ്ര കുമാര്‍ എന്നയാളെ മാര്‍ഗദര്‍ശിയായി കാണിച്ചിരുന്നുവെന്നും, ഇയാള്‍ക്ക് കൊവിഡ് രോഗികളുടെ ആരോഗ്യവിവരം ചോര്‍ത്തിയ സ്പ്രിങ്കഌ കരാറുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണത്തെ നിഷേധിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ പിന്നീട് പുറത്തുവന്നിട്ടും, നിയമസഭയില്‍ അവകാശലംഘന നോട്ടീസ് ലഭിച്ചിട്ടും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ പുതുമയില്ലെന്നും, അടിസ്ഥാനരഹിതമാണെന്നുമൊക്കെ പറയുമ്പോഴും ആരോപണം ഉന്നയിക്കുന്നവരെ വേട്ടയാടുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ് ജലീലിന്റെ പരാതിയില്‍ സ്വപ്നക്കെതിരെ കേസെടുത്തത്. ഈ കേസിലാണ് ജലീലിന്റെ ദേശവിരുദ്ധമായ ചെയ്തികളെക്കുറിച്ച് പറയുന്ന സത്യവാങ്മൂലം സ്വപ്ന സമര്‍പ്പിച്ചത്.
ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന പ്രതികരണങ്ങളാണ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും കെ.ടി. ജലീലില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ രീതി പിണറായി വിജയനില്‍നിന്ന് ജലീല്‍ പഠിച്ചോ ജലീലില്‍നിന്ന് പിണറായി പഠിച്ചോ എന്നതേ അറിയാനുള്ളൂ. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് തന്നെ കുറ്റവിമുക്തനാക്കിയെന്നാണ് ജലീല്‍ ഇപ്പോള്‍ പറയുന്നത്. കേസില്‍ പ്രതിയായ ഒരു വനിതയല്ല, കോടതികളാണ് ഇത് തീരുമാനിക്കേണ്ടത്. വളരെ ഗുരുതരമായ ചെയ്തികളാണ് ജലീലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ ഭരണാധിപന്റെ അറിവോടും സമ്മതത്തോടുമാണ് ഇതെന്നതാണോ ജലീലിന് ധൈര്യം പകരുന്നത്? അന്വേഷണ ഏജന്‍സികളെ ഏതു വിധേനയും ചെറുക്കുക, പുറത്തുവരുന്ന വിവരങ്ങളുടെ വിശ്വാസ്യത നശിപ്പിക്കുക. ഈ തന്ത്രമാണ് മുഖ്യമന്ത്രിയും ജലീലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചതോടെ ഈ തന്ത്രം പാളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷിച്ചിട്ട് എന്തായെന്ന് കേന്ദ്ര ഏജന്‍സികളെ പരിഹസിച്ചുകൊണ്ടിരുന്നവര്‍ ഇഡിയുടെ പുതിയ നീക്കത്തില്‍ പരിഭ്രാന്തരായിരിക്കുന്നു. ഇതുവരെ ശേഖരിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വലിയ മീനുകള്‍ കുടുങ്ങുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പിലെ ജനവിധിയും അധികാരത്തുടര്‍ച്ചയും എന്തും ചെയ്യാനുള്ള ലൈസന്‍സായി കരുതുന്നവര്‍ മാറിച്ചിന്തിച്ചേ മതിയാവൂ. നിയമം എല്ലാറ്റിനും മുകളിലാണെന്നും, തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള ബോധം ഭരണാധികാരികള്‍ക്ക് ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: