കൊല്ലം: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 14 ജില്ലകളിലെയും കളക്ട്രേറ്റ് പടിക്കല്‍ 27ന് സമരം നടത്തും.
അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം, അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി എന്നിവയ്ക്കെതിരെയും പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സര്‍ക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം കെഎസ്ഇബി 1450 കോടി രൂപ ലാഭമുണ്ടാക്കി എന്നവകാശപ്പെടുമ്പോള്‍ തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല.
കുത്തക ഭീമന്മാരായ വന്‍കിട കമ്പനികളെ ഒഴിവാക്കി, വ്യാപാരികളെ ഉന്നം വച്ച് മാത്രമാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. പരിശോധനകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ കേടു കൂടാതെ പാക്ക് ചെയ്ത് നല്കുന്ന കവറുകളുടെ പേരിലും മിഠായികളിലുള്ള പ്ലാസ്റ്റിക് സ്റ്റിക്കിന്റെ പേരില്‍ പോലും കേസെടുത്ത് വന്‍തുക പിഴ ഈടാക്കുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സപ്ളൈകോ, മില്‍മ എന്നീ സ്ഥാപനങ്ങളിലൊന്നും പരിശോധനയുമില്ല പിഴ ഈടാക്കലുമില്ല. ഇതിനെതിരെ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി രാജു അപ്സര, ട്രഷറര്‍ ദേവസ്യാമേച്ചേരി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: