കൊല്ലം: പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംഎംഎല്‍ അടക്കി വാഴുന്നത് ട്രേഡ് യൂണിയന് നേതാക്കള്‍. കെഎംഎംഎല്ലില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് കമ്മീഷന് കൈപ്പറ്റുകയും നിയമനങ്ങള്‍ക്ക് 20 മുതല്‍ 30വരെ കമ്മീഷനും വാങ്ങുന്നു. ഐഎന്‍ടിയുസി, സിഐറ്റിയു, യുറ്റിയുസിയുമാണ് അംഗീകൃത യൂണിയനുകള്‍.
നിയമനങ്ങളുടെ പേരില്‍ വാങ്ങുന്ന കോഴ തുക തുല്യമായി വീതിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ ഐഎന്‍ടിയുസി, യുടിയുസി എന്നീ സംഘടനകള്‍ 10 ശതമാനം തുക യൂണിയനു നല്കിബാക്കി തുക നേതാക്കളുടെ കീശയിലേക്ക് മാറ്റും. സിഐടിയുവിന് ലഭിക്കുന്ന തുകയില്‍ 10 ശതമാനം യൂണിയന് നേതാവിനും 20 ശതമാനം യൂണിയനും 30 ശതമാനം ലോക്കല്‍ കമ്മിറ്റിക്കും 20 ശതമാനം ഏരിയാ കമ്മിറ്റിക്കും 20 ശതമാനം ജില്ലാ കമ്മിറ്റിക്കുമാണ് വീതിക്കുന്നത്. ഈ കീഴ്വഴക്കമനുസരിച്ചാണ് കമ്പനിയുടെ ട്രേഡ് യൂണിയന് പ്രവര്‍ത്തനം തന്നെ.
രണ്ടുമാസം മുമ്പ് നടന്ന നിയമനങ്ങള്‍ക്ക് 20 പേരുടെ കയ്യില്‍ നിന്നും നേരത്തെ പണം വാങ്ങിയിരുന്നു. നിയമനം ലഭിക്കാത്തവര്‍ക്ക് മുതലും ബാങ്ക് പലിശയും ചേര്‍ത്ത് തിരികെ നല്കി പ്രശ്നം പരിഹരിക്കുകയാണ് ചെയ്യുന്നത്. കമ്പനിയില്‍ നടക്കുന്ന പര്‍ച്ചേസിങ്ങിലും യൂണിയന് നേതാക്കളുടെ വിഹിതം ഉറപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കമ്പനിയിലേക്ക് അസംസ്കൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കരാറുകാര്‍ അംഗീകൃത ട്രേഡ് യൂണിയന് നേതാക്കളെ പ്രീതിപ്പെടുത്തണം.
നേതാക്കളില്‍ പലരും ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നവരാണെന്നാണ് ആക്ഷേപം. ചില യൂണിയന് നേതാക്കളുടെ ആസ്തി അമ്പരപ്പിക്കുന്നതാണ്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തൊഴിലാളിക്കിടയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. കമ്പനിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലും ട്രേഡ് യൂണിയന് നേതാക്കള്‍ സംശയത്തിന്റെ നിഴലിലാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നേതാക്കള്‍ തടിച്ചു കൊഴുക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: