ദല്‍ഹിയിലെ റെയ്സിന ഹില്‍സിലെ രാഷ്ട്രപതി ഭവനില്‍ നിന്ന് ഒഡീഷയിലെ ഉപര്‍ബേദ ഗ്രാമത്തിലേക്കുള്ള ദൂരം ഏകദേശം 1500 കിലോമീറ്ററാണ്. ഉപര്‍ബേദയില്‍ നിന്നുള്ള ദ്രൗപദീ മുര്‍മൂ രാഷ്ട്രപതി ഭവനിലേക്ക് എത്തുമ്പോള്‍ പറയാനുള്ളത് അനുഭവങ്ങളുടെ തീച്ചൂളകളിലൂടെ നടന്ന കഥകള്‍. ദ്രൗപദീ മുര്‍മൂ കടന്നുവന്ന പാതകളെക്കുറിച്ച് അറിയുമ്പോള്‍ അതു മറ്റുള്ളവര്‍ക്കും കരുത്താകും. വ്യക്തിജീവിതത്തില്‍ ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും അവര്‍ ഇടറിവീണില്ല. മുന്നോട്ടു തന്നെ കുതിച്ചു. ജനിച്ച സമൂഹത്തിനും നാടിനുംവേണ്ടി അവര്‍ നിലകൊണ്ടു, അവരില്‍ ഒരാളായി അവരോടൊപ്പം.
മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേദ ഗ്രാമത്തില്‍ വനവാസി വിഭാഗമായ സന്താള്‍ വിഭാഗത്തില്‍ 1958 ജൂണ്‍ 20ന് ബിരാന്‍ചി നാരായണ്‍ ടുഡുവിന്റെ മൂത്ത മകളായാണ് ദ്രൗപദീ ജനിച്ചത്. ദ്രൗപദീ ടുഡു എന്നായിരുന്നു ആദ്യം പേര്. ശ്യാംചരണ്‍ മുര്‍മൂവുമായുള്ള വിവാഹത്തിനു ശേഷമാണ് ദ്രൗപദീ മൂര്‍മൂവായത്.
ഗ്രാമത്തിലെ സ്കൂളില്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ഭുവനേശ്വറിലായിരുന്നു ദ്രൗപദീയുടെ തുടര്‍പഠനം. രമാദേവി കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം 1979 മുതല്‍ 1983 വരെ ജലസേചനവകുപ്പില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്തു. ശ്യാംചരണുമായുള്ള വിവാഹശേഷം, 1994ല്‍ ദ്രൗപദീ രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുംവരെ ഈ ജോലി തുടര്‍ന്നു.
1997ല്‍ രൈരംഗപൂര് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി. കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണായി പാര്‍ട്ടി അവരെ നിയോഗിച്ചു. അതേവര്‍ഷം തന്നെ എസ്ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2000ത്തിലെ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ രൈരംഗപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി. കന്നി മത്സരത്തില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. ബിജെഡി – ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്രചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായി. 2000 മാര്‍ച്ച് ആറു മുതല്‍ 2002 ആഗസ്ത് ആറു വരെ ഈ വകുപ്പിന്റെ ചുമതല വഹിച്ചു. 2002 ആഗസ്ത് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2004ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി. 2004 മുതല്‍ 2009 വരെ എംഎല്‍എയായി. 2007ല്‍ സംസ്ഥാനത്തെ മികച്ച എംഎല്‍എക്കുള്ള പുരസ്കാരം അവരെ തേടിയെത്തി.
2002 മുതല്‍ 2009 വരെ എസ്ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹകസമിതി അംഗമായ ദ്രൗപദീ 2006 മുതല്‍ 2009 വരെ എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2010ലും 2013ലും ബിജെപി മയൂര്‍ഭഞ്ച് (വെസ്റ്റ്) ജില്ലാ പ്രസിഡന്റായി. 2013 മുതല്‍ 2015 ഏപ്രില്‍ 10 വരെ ജില്ലാ പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നു. ഇതേ കാലയളവില്‍ എസ്ടി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
2010 മുതല്‍ 2014 വരെ ദ്രൗപദീയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായെത്തി. 2010 ഒക്ടോബറില്‍ മൂത്തമകന് ലക്ഷ്മണ് അസുഖം ബാധിച്ച് മരിച്ചു. 2013 ജനുവരിയില്‍ ഇളയമകന് ഷിപുണ്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. 2014ല്‍ ഭര്‍ത്താവ് ശ്യാംചരണ്‍ ഹൃദയാഘാതം മൂലം മരിച്ചപ്പോഴും അവര്‍ തളര്‍ന്നില്ല. ചെയ്തുതീര്ക്കാന് ഇനിയുമേറെയുണ്ടായിരുന്നു അവര്‍ക്ക്.
2015ല്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്ന പദവി ദ്രൗപദീയെ തേടിയെത്തി. അതോടെ ഗോത്രസമൂഹത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍, ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ എന്നീ ബഹുമതികള്‍ അവര്‍ക്ക് സ്വന്തമായി. റാഞ്ചിയിലെ രാജ്ഭവനിലേക്ക് മാറിയെങ്കിലും ഭര്‍ത്താവിന്റെയും മക്കളുടെയും ഓര്‍മ്മക്കായി ഒരു സ്മാരകം നിര്‍മിക്കണമെന്ന ആഗ്രഹം അവരെ പിന്തുടര്ന്നു. ഭര്‍ത്താവിന്റെ ഗ്രാമമായ പഹാഡ്പുരില്‍ സ്കൂള്‍ നിര്‍മിക്കാന്‍ വീടും സ്ഥലവും അവര്‍ വിട്ടുനല്‍കി. 2016 ജൂണില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനായി റസിഡന്‍ഷ്യല്‍ മാതൃകയിലേക്ക് ഈ സ്കൂള്‍ ഉയര്‍ത്തി. ഭുവനേശ്വറില്‍ ബാങ്ക് ഉദ്യോഗസ്ഥയായ മകള്‍ ഇതിശ്രീയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനാണ് ഇപ്പോള്‍ സ്കൂള്‍ നടത്തിപ്പിന്റെ ചുമതല.
കൗണ്‍സിലറും എംഎല്‍എയും മന്ത്രിയും ഗവര്‍ണറും ആയപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്‍ഗണന നല്കി. ഗവര്‍ണര്‍ എന്ന നിലയില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും മുര്‍മൂ മുന്‍ഗണന നല്കി. എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട പെണ്‍കുട്ടികള്‍ക്കുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകളായ 200 കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയങ്ങള്‍ ഇക്കാലത്ത് ദ്രൗപദീ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്കും എസ്പിക്കും നിര്‍ദ്ദേശം നല്‍കുമായിരുന്നു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമായിരുന്നു.
ഗവര്‍ണറായിരിക്കെ 1908ലെ ഛോട്ടാനാഗ്പൂര്‍ ടെനന്‍സി ആക്ട് (സിഎന്‍ടി), 1949ലെ സന്താള്‍ പര്‍ഗാന ടെനന്‍സി ആക്ട് (എസ്പിടി) എന്നിവയില്‍ ഭേദഗതി ആവശ്യപ്പെട്ട് നിയമസഭ അംഗീകരിച്ച ബില്ലുകള്‍ക്ക് അനുമതി നല്കാന് ദ്രൗപദീ മുര്‍മൂ വിസമ്മതിച്ചിരുന്നു. ഈ ഭേദഗതികള്‍ക്കെതിരെ വിവിധ സംഘടനകളില്‍ നിന്ന് രാജ്ഭവന് ലഭിച്ച 192 പ്രതിഷേധ ഹര്‍ജികളും സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന പ്രഖ്യാപനവും ഗവര്‍ണറായിരിക്കെ ദ്രൗപദീ മുര്‍മൂ നടത്തിയിരുന്നു. വനവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു വനിത ഭാരതത്തിന്റെ രാഷ്ട്രപതിയാകുമ്പോള്‍ ചരിത്രം കുറിക്കപ്പെടുകയാണ്. സ്വതന്ത്രഭാരത ചരിത്രത്തിലെ തന്നെ മറ്റൊരു സുവര്‍ണ അധ്യായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: