അനില്‍ ജി
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടു മക്കളും ഭര്‍ത്താവും സഹോദരനും അമ്മയും നഷ്ടപ്പെട്ട് ദു:ഖക്കടലിലാണ്ടു പോയ ജീവിതമായിരുന്നു ദ്രൗപദീ മുര്‍മൂവിന്റെത്. ആധ്യാത്മികതയും യോഗയുമാണ് അവരെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചതും ദു:ഖദുരിതങ്ങളോട് പോരാടാന്‍ അവരെ പ്രാപ്തയാക്കിയതും.
2009 ലാണ് വെറും 25 വയസ് മാത്രമുണ്ടായിരുന്ന മൂത്ത മകന്‍ ലക്ഷ്മണിന്റെ വിയോഗം. ഭുവനേശ്വറില്‍ പോയി മടങ്ങി വന്ന മകന്‍ ദുരൂഹ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ആ വിയോഗം ദ്രൗപദീയെ പരിപൂര്‍ണമായും തകര്‍ത്തു. രണ്ടു ചുവട് നടക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടിരുന്നു. അവരുടെ അന്നത്തെ അവസ്ഥ ഓര്‍ത്തെടുക്കുകയാണ്, രൈരംഗപ്പൂരിലെ ബ്രഹ്മകുമാരി ആശ്രമത്തിന്റെ മേധാവി സുപ്രിയാ കുമാരി. 2009ലാണ് ജീവിതത്തിലെ സുനാമിയുണ്ടായതെന്നാണ് അവര്‍ പിന്നീട് ഒരു പൊതുപരിപാടിയില്‍ പറഞ്ഞത്. ‘അതൊരു വലിയ ആഘാതമായിരുന്നു. കടുത്ത മാനസികാഘാതത്തിലായി. ഡിപ്രഷനായിരുന്നു. ഈ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടില്ലെന്നു പോലും പലരും ഭയപ്പെട്ടു….
രണ്ടു മാസത്തിനുശേഷം ദ്രൗപദീ ആശ്രമത്തില്‍ എത്തി. സഹജ രാജയോഗ കോഴ്‌സിനു ചേര്‍ന്നു. അത് പൂര്‍ത്തിയാക്കി. അതായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സുപ്രിയ കുമാരി പറഞ്ഞു. ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയാണ്, അവര്‍ ആ ദു:ഖം മറികടന്നത്. അതിനു ശേഷം അവര്‍ പുലര്‍ച്ചെ മൂന്നരയ്‌ക്ക് എഴുന്നേല്‍ക്കും. രാത്രി ഒന്‍പതരക്കാണ് കിടക്കുക. യോഗയും ധ്യാനവും മുടക്കാറില്ല. ആധ്യാത്മികതയാണ് അവര്‍ക്ക് മനക്കരുത്ത് കരുത്ത് വീണ്ടെടുത്ത് നല്‍കിയത്.
പക്ഷെ ദുരന്തം വീണ്ടും അവരെ വേട്ടയാടി. രണ്ടാമത്തെ മകന്‍, ഷിപുണ്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. അത് അവരെ വീണ്ടും തകര്‍ത്തു. കരഞ്ഞു കരഞ്ഞ് തളര്‍ന്നു പോയ അവര്‍ ദൈവത്തെ വിളിച്ചു, ഭഗവാനെ ഇനി എന്താണ് എന്നില്‍ നിന്ന് അവിടുത്തേക്ക് വേണ്ടത്. ഇനി എന്താണ് എനിക്കുള്ളത് എന്ന് ചോദിച്ച് വീണ്ടും വിതുമ്പി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജേഷ് ശര്‍മ്മ ഓര്‍ക്കുന്നു. ഇതു കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുര്‍മൂവിന്റെ അമ്മയും ഇളയ സഹോദരനും മരണമടഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ്, കുടുംബത്തെ വേട്ടയാടിയ മരണങ്ങളില്‍, മനം തകര്‍ന്ന് ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മൂവും ദു:ഖങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. വളരെ ചുരുങ്ങിയ സമയത്തില്‍ അഞ്ച് കുടുംബാംഗങ്ങളെയാണ് അവര്‍ക്ക് നഷ്ടമായത്. പിന്നെയെല്ലാം മകള്‍ ഇതിശ്രീയായി.
മകളെ വിവാഹം കഴിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ച ആ അമ്മ പിന്നീട് പൂര്‍ണമായും ആധ്യാത്മികതയിലായി. പൂര്‍ണ സസ്യഭുക്കുമായി. പിന്നീട് പഹദ്പൂരിലെ കുടുംബസ്വത്ത്, പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. അവിടെ ഭര്‍ത്താവിന്റെയും രണ്ടു കുട്ടികളുടെയും ഓര്‍മയ്‌ക്കായി ഒരു സ്‌കൂളും സ്ഥാപിച്ചു. വനവാസി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: