ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സന്യാസി സ്വയം തീകൊളുത്തി. വിജയ് ദാസ് എന്ന സന്യാസിയാണ് പ്രതിഷേധത്തിനിടെ സ്വയം തീകൊളുത്തിയത്. എൺപത് ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 551 ദിവസമായി അനധികൃത ഖനനത്തിനെതിരെ അദ്ദേഹം മറ്റ് സന്യാസിമാർക്കൊപ്പം പ്രക്ഷോഭത്തിലാണ്. പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അൽപം മാറി നിന്നിരുന്ന വിജയ് ദാസ് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. ഉടൻ പൊലീസുകാർ ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഉടനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. ഭര്തപൂരിലെ അനധികൃത ഖനനത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസമായി സന്യാസിമാർ സമരത്തിലാണ്.
നാരായൺ ദാസ് എന്ന സന്യാസി കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചൽ, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനത്തിനെതിരെയാണ് ശ്രീകൃഷ്ണ വിശ്വാസികളായ സന്യാസിമാരുടെയും പ്രദേശവാസികളുടെയും സമരം. പ്രദേശത്തിന് പൗരാണിക പ്രാധാന്യം ഉണ്ടെന്നും ഈ സാഹചര്യത്തിൽ ഖനനം അനുവദിക്കാനാകില്ലെന്നുമാണ് അവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: