കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. ‘ദിലീപിനെ പൂട്ടണം’ എന്നപേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ദിലീപിനെതിരെ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വ്യാജമായി നിര്‍മിച്ച വാട്സ്ആപ്പ് ഗ്രൂപ്പാണിതെന്നാണ് പ്രാഥമിക നിഗമനം.
2017ല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചത്. കേസിലെ രണ്ടാം പ്രതിയും നടന് ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോണ്‍ എന്നയാളുടെ ഫോണില്‍നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്ക്രീന്‍ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.
വാട്സ്ആപ്പ് ഗ്രൂപ്പില്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗ്രൂപ്പില്‍ പേരുള്ളതായി കണ്ടെത്തിയ സംവിധായകന് ബൈജു കൊട്ടാരക്കരയുടെ മൊഴി ക്രൈംബ്രാഞ്ച് ബുധനാഴ്ച എടുത്തു. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് വരെ നീണ്ടു. ഗ്രൂപ്പില്‍ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന് ആലപ്പി അഷറഫിന്റെ മൊഴിയെടുത്തിരുന്നു.
ഗ്രൂപ്പിലെ പേരുകണ്ട് മഞ്ജു വാരിയരെ മൊഴിയെടുപ്പിന് വിളിച്ചിരുന്നു. എന്നാല്‍ അവര്‍ മൊഴി നല്കാന് എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതും അന്വേഷിക്കുന്നത്.
അതേസമയം വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും ഇത് നിര്‍മിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര ബുധനാഴ്ച കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി. ഇത്തരത്തിലൊരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ താന്‍ അംഗമല്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: