കൊച്ചി : ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അവരെ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്വപ്ന മുമ്പ് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെയും മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നിതിനാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറേയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ ആരംഭിച്ചു കഴിഞ്ഞു. ശിവശങ്കറിന്റെ പൂര്‍ണ്ണ അറിവോടെയാണ് ലൈഫ് മിഷന് അഴിമതി നടത്തിയത് എന്നാണ് സ്വപ്ന സിബിഐയോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികളുടെ സാമ്പത്തിക ഇടപാടിന്റെ മുഴുവന്‍ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സിബിഐയുടെ തീരുമാനം.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരായ രേഖകളും തെളിവുകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ജലീലിന്റെ പങ്ക് വ്യക്തമാവുന്ന തെളിവുകളാണ് കോടതില്‍ സമര്‍പ്പിക്കുകയെന്നാണ് സ്വപ്ന കഴിഞ്ഞ ദിവസം അറിയിച്ചത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ.ടി. ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് ഹൈക്കോടതില്‍ ഹാജരാക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.
അതിനിടെ സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തില്‍ നിന്ന് മാറ്റാന്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്കി. ബെംഗളൂരുവിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യം. സാക്ഷികളെ സര്‍ക്കാര്‍ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡിയുടെ കൊച്ചി അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡിയുടെ നീക്കത്തില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. പലതരത്തില്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്നുമാണ് സ്വപ്ന ഇതിനോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: