ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇഡി ഓഫീസില്‍ ഹാജരാകും. ഇത് ആദ്യമായാണ് ഒരു അന്വേഷണ ഏജന്‍സി കോണ്‍ഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ നടത്തിയ പ്രതിഷേധത്തിന് സമാനമായി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമ്പോഴും പാര്‍ട്ടി നേതാക്കള്‍ തെരുവില്‍ ഇരുന്ന് പ്രതിഷേധിക്കും. പ്രതിഷേധം നടത്താന്‍ പാര്‍ട്ടി നേതൃത്വവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് എഐസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംപിമാര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. മറ്റ് പ്രതിപക്ഷപാര്‍ട്ടികളോട് സമരത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യലിന് ശേഷം ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് സോണിയ അറിയിച്ചു. തുടര്‍ന്നാണ് നടപടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.
ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയായിരുന്നു. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വെച്ച് 5 ദിവസമെടുത്ത് 50 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: