തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘി(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണി മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പട്ടിണി മാര്‍ച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു.
2017 മുതല്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ പരിഷ്ക്കരണങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു. ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങുന്നു. 2022 ജനുവരി മുതല്‍ പെന്‍ഷനായി പിരിഞ്ഞവര്‍ക്ക് ഏഴു മാസമായിട്ടും ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. ഇടതുപക്ഷം 2016ല്‍ അധികാരത്തിലേറി ആറു വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ കടം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. സ്വകാര്യവത്ക്കരണം ലക്ഷ്യമാക്കി നടപ്പാക്കിയ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്പടി നടപ്പാക്കിയത് ജീവനക്കാര്‍ക്കും സ്ഥാപനത്തിനും ഇരുട്ടടിയായെന്നും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുകയും കെഎസ്ആര്‍ടിസിക്കായി സാമ്പത്തിക പാക്കേജ് അനുവദിക്കുകയും ചെയ്യുക, കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കുന്ന ഡീസല്‍ നികുതി ഒഴിവാക്കുക, കെസ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ പാലിച്ചു മാത്രം ഡ്യൂട്ടി പരിഷ്ക്കരണം നടപ്പാക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാര്‍, വൈസ് പ്രസിഡന്റ് ആര്.എല്‍ ബിജുകുമാരന്‍ നായര്‍, സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, എം.ആര് രമേഷ് കുമാര്‍, പ്രദീപ് വി നായര്‍, എന്‍.എസ് രണ്‍ജിത്, കെ.എല്‍ യമുനാ ദേവി, എസ്.ദിവ്യ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഗോവിന്ദ് ആര് തമ്പി, ബിഎംഎസ് ജില്ലാ നേതാവ് സതികുമാര്‍, കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: