കൊല്ലം: മത്സ്യസമ്പത്തിന്റെ കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നായ ചെറുമീന്‍ പിടിത്തത്തിനെതിരേ (ജുവനൈല്‍ ഫിഷിംഗ്) കര്‍ശന നടപടിയുമായി ജില്ലാ ഫിഷറീസ് വകുപ്പ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇത്തരത്തില്‍ ചെറുമീന്‍ പിടിച്ച 23 മത്സ്യബന്ധനയാനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിച്ചു. ഇവരില്‍ നിന്നും പിഴ ഈടാക്കുകയും വള്ളങ്ങളിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയ്ത് 2.54 ലക്ഷം രൂപ ഉള്‍പ്പെടെ 12.34 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്‌ക്കുകയും ചെയ്തു.
മത്സ്യങ്ങളുടെ പ്രജനന കാലമായ മണ്‍സൂണ്‍ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ യന്ത്രവല്‍കൃത യാനങ്ങള്‍ ഉപയോഗിച്ചുള്ള ബോട്ടം ട്രോളിംഗ് നിരോധിച്ച സാഹചര്യത്തിലാണ് കണ്ണിവലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചെറുമീന്‍പിടിത്തം വ്യാപകമാകുന്നതായി ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സഹായത്തോടെ പട്രോളിംഗ് ശക്തമാക്കിയാണ് നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ജില്ലയിലെ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ എന്നീ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വള്ളങ്ങള്‍ക്കെതിരെയാണ് ഫിഷറീസ് വകുപ്പ് നിയമലംഘനത്തിന് പിഴ ഈടാക്കിയിട്ടുള്ളത്. മത്സ്യസമ്പത്തിന്റെ സുസ്ഥിര ഉത്പാദനത്തിനും സംരക്ഷണത്തിനുമായി വാണിജ്യവ്യാവസായിക പ്രാധാന്യമുളളതും ഉത്പാദനം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതുമായ 58 ഇനം മത്സ്യ, ചെമ്മീന്‍, കണവ, കക്ക ഇനങ്ങളുടെ മത്സ്യബന്ധനത്തിന് അനുവദനീയമായ കുറഞ്ഞ നീളം നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. അതിലും കുറഞ്ഞ വലിപ്പത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് അത്തരം മത്സ്യങ്ങളുടെ നാശത്തിനുതന്നെ കാരണമാകുന്നതിനാലാണ് ഇത്തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: